അജിത്തിന്റെ 57-ാം ചിത്രമാണ് വിവേഗം. തല57 എന്നാണ് ചിത്രത്തെ പറ്റി ആരാധകർ പറയുന്നത്. അജിത്തും വിവേക് ഒബ്‌റോയിയും ഒന്നിക്കുന്ന ചിത്രമാണ് വിവേഗം.

തലയെ വാഴ്ത്തി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിവേക് ഒബ്‌റോയ്. അജിത്ത് അണ്ണൻ വളരെ വിനയമുളള, ഏവരെയും ശ്രദ്ധിക്കുന്ന നല്ലൊരു മനുഷ്യനാണെന്നാണ് തലയെ പറ്റി വിവേക് ട്വീറ്റ് ചെയ്‌തത്. ചെന്നൈയിലെ ഓരോ നിമിഷവും ആനന്ദകരമായിരുന്നെന്നും വിവേക് പറയുന്നു.

വിവേഗത്തിൽ അജിത്തിന്റെ കഥാപാത്രത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമാണ് വിവേക് ഒബ്‌റോയിയുടേത്. വിവേക് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വിവേഗം. വിവേകിന്റെ രക്ത ചരിത്രയെന്ന ചിത്രം ഡബ്ബ് ചെയ്‌ത് തമിഴിലിറങ്ങിയിരുന്നു.

തിയേറ്ററിലെത്തുന്നതിന് മുൻപേ തന്നെ വിവേഗം വാർത്തകളിൽ നിറഞ്ഞത് തല അജിത്തിന്റെ മാസ് ലുക്കിലാണ്. സിക്‌സ് പാക്ക് ശരീരവുമായി അജിത്ത് നിൽക്കുന്ന ആദ്യ പോസ്റ്ററിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തവണയും സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് തലയെത്തുന്നത്.

കമൽഹാസന്റെ മകൾ അക്ഷര ഹാസൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും വിവേഗത്തിനുണ്ട്. കാജൾ അഗർവാളാണ് മറ്റൊരു പ്രധാന താരം.

സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. 2017ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിവേഗം. ഏപ്രിലിൽ ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ