ഹൊറർ സിനിമകൾക്ക് മൊത്തത്തിൽ നല്ല കാലമാണിപ്പോൾ. പൃഥിരാജ് നായകനായ ഹൊറർ സിനിമ എസ്ര തിയറ്ററുകളിൽ തകർത്തോടുമ്പോൾ വീണ്ടുമൊരു ഹൊറർ ചിത്രം കൂടിയെത്തുകയാണ്.
പേടിപ്പിക്കാനായി ഒരു തമിഴ് സിനിമ കൂടി എത്തുന്നു. ജയ് നായകനാവുന്ന ഹൊറർ ചിത്രമാണ് ബലൂൺ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോക്കറിന്റെ വേഷത്തിൽ നിഗൂഢമായിരിക്കുന്ന ജയ്യുടെ ചിത്രവുമായാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
സിനിഷ് ശ്രീധരനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിഷിന്റെ ആദ്യ സംവിധാന സംരംഭമാണ് ബലൂൺ. അഞ്ലിയും ജനനി ഐയ്യരുമാണ് നായികമാരായെത്തുന്നത്. നടൻ കാർത്തിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
വ്യത്യസ്തമായ പ്രചരണ രീതിയാണ് ബലൂണിന്റെ പ്രവർത്തകർ പിന്തുടരുന്നത്. അഞ്ച് ദിവസങ്ങളിലായി അഞ്ച് പ്രമുഖ നടന്മാരെ വച്ച് ബലൂണിന്റെ അഞ്ച് വ്യത്യസ്തമായ പോസ്റ്ററുകളാണ് പുറത്തിറക്കുന്നത്. ഫെബ്രുവരി 15 ന് കാർത്തിയാണ് ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. വരുന്ന ദിവസങ്ങളിൽ മറ്റ് പോസ്റ്ററുകളും പുറത്തിറക്കും. എന്നാൽ ഏതൊക്കെ താരങ്ങളാണ് പോസ്റ്റർ പുറത്തിറക്കുകയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ക്യാമറ ചെയ്യുന്നത് ആർ.ശരവണനും. 70 എംഎം, ഫാർമേഴ്സ് മാസറ്റർ പ്ളാൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.