ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് ഓരോ സിനിമാക്കാരന്റെയും സ്വപ്‌നമാണ്. സിനിമ സംവിധാനം ചെയ്‌ത ഛായാഗ്രാഹകരും അനവധിയാണ്. ആ കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി വരുകയാണ്. തമിഴ് സിനിമയിലെ പ്രമുഖനായ ഛായാഗ്രാഹകൻ പ്രിയൻ.

പ്രിയൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എങ്കിലും തമിഴിലെ പ്രമുഖ താരം വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകനെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. മദ്രാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.നന്ദഗോപാലായിരിക്കും ചിത്രം നിർമ്മിക്കുന്നത്.

തിരക്കുകളൊഴിഞ്ഞ ശേഷം വിജയ് സേതുപതി പ്രിയൻ ചിത്രത്തിൽ പങ്കുചേരുമെന്നാണ് റിപ്പോർട്ട്. ഛായാഗ്രാഹകരായവർ സംവിധായകരാവുമ്പോൾ വൻ പിന്തുണ നൽകുന്ന താരമാണ് വിജയ് സേതുപതി. നടുവില കൊഞ്ചം പാക്കാതെ കണ്ണം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകായിരുന്ന പ്രേം കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന 96 എന്ന ചിത്രത്തിലെയും നായകൻ വിജയ് സേതുപതിയാണ്.

1990 കളിലാണ് പ്രിയൻ സിനിമാരംഗത്തെത്തുന്നത്. വാ വാ വസന്തമേ (1992) എന്ന ചിത്രത്തിൽ ലെൻസ്‌മാനായിട്ടായിരുന്നു തുടക്കം. പൊർക്കാലം (1997), ദേശീയ ഗീതം (1998), വെട്രി കൊടി കാട്ട് (1999) തുടങ്ങിയ ചിത്രങ്ങളിൽ ക്യാമറമാനായി. വിജയ് നായകനായ വേലായുധം (2011), സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്‌ത സിങ്കം 2, സിങ്കം 3 എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ