സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തമിഴ്‌നാട്ടിൽ അരങ്ങേറിയത്. ശശികലയും ഒ.പനീർസെൽവവും തമ്മിൽ മുഖ്യമന്ത്രി കസേരക്കായുളള വടംവലിയിലൂടെയായിരുന്നു തുടക്കം. എന്നാൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീംകോടതി വിധി വന്നതോടെ ശശികലയുടെ മുഖ്യമന്ത്രിയാവാനുളള മോഹങ്ങൾ താൽക്കാലികമായി പൊലിഞ്ഞു. ശശികലയിപ്പോൾ ബെംഗളൂരു ജയിലിലാണ്.

ശശികലയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ശശികലയുടെ ഒരു കാരിക്കേച്ചർ രൂപമാണ് പോസ്റ്ററിലുളളത്.

“ജയലളിതയും ഉറ്റ തോഴിയായിരുന്ന ശശികലയും തമ്മിലുളള ബന്ധത്തെപ്പറ്റി പോയസ് ഗാർഡനിലെ ജീവനക്കാർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതും ചിന്തകൾക്കപ്പുറവുമാണെന്ന്” അദ്ദേഹം ട്വീറ്റ് ചെയ്തു. ശശികലയുടെ ജീവിത കഥ പറയുന്ന ചിത്രം മണ്ണാർഗുഡിയിലെ മാഫിയ സംഘത്തിനായിരിക്കും നന്നായി മനസിലാവുകയെന്നും അദ്ദേഹം പറയുന്നു.

ശശികലയിൽ നിന്നും അധികാരത്തിന്റെ ബാറ്റൺ വാങ്ങിയ പളനിസാമിക്കെതിരെയും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്. മണ്ണാർഗുഡിയിലെ മാഫിയക്കാരനായ പളനിസാമിയെ മുൻ നിർത്തി ജയിലിനകത്തിരുന്ന് തമിഴ് ജനതയെ ശശികല ഭരിക്കുമെന്നും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.

ശശികലയുടെ ജീവിതം ആസ്‌പദമാക്കിയുളള രാം ഗോപാൽ വർമ്മയുടെ സിനിമ തമിഴ്‌രാഷ്ട്രീയത്തെ ഇളക്കി മറിക്കുമെന്നുപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ