03 June 2020, Entertainment News at a Glance: ജോര്‍ദാനില്‍ നിന്നും എത്തി ക്വാറന്റെയിനില്‍ കഴിയുന്ന പൃഥ്വിരാജിന്റെ കോവിഡ്-19ന് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റിവ് ആയതു മുതല്‍ താരങ്ങളും ഗായകരും ചേര്‍ന്ന് പ്രവാസികള്‍ക്കായി ഒരുക്കിയ സ്നേഹഗാനം വരെ. ഒപ്പം വിവിധ വിഷങ്ങളില്‍ താരങ്ങള്‍ നടത്തിയ പ്രതികരണങ്ങളും അവരുടെ സോഷ്യല്‍ മീഡിയ വിശേഷങ്ങളും.
കോവിഡില്ല, എന്നാലും ക്വാറന്റൈൻ പൂര്‍ത്തിയാക്കും: പൃഥ്വിരാജ്
‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നും മെയ് 22ന് കേരളത്തിൽ തിരിച്ചെത്തിയതാണ് നടന് പൃഥ്വിരാജും സംഘവും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാണ് സംഘത്തിലെ എല്ലാവരും. ക്വാറന്റൈനിനിടയില്‍ നടത്തിയ കോവിഡ്-19 പരിശോധനയുടെ ഫലമാണ് പൃഥ്വി പങ്കു വച്ചിരിക്കുന്നത്.
പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്റൈൻ പൂർത്തിയാക്കുമെന്ന് പൃഥ്വി അറിയിച്ചു.
- Read Full Story ieMalayalam: കോവിഡില്ല, എന്നാലും ക്വാറന്റൈൻ പൂര്‍ത്തിയാക്കും: പൃഥ്വിരാജ്
- Read in Indian Express: Actor Prithviraj tests negative for coronavirus
നിർധനരായ വിദ്യാർഥികൾക്ക് സഹായവുമായി മഞ്ജുവും ടൊവിനോയും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം നടത്തി വരുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് താങ്ങായി ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും മഞ്ജു വാര്യരും. തൃശൂർ എംപി ടി.എൻ പ്രതാപനാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം വളാഞ്ചേരി സ്വദേശി ദേവിക കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ചിരുന്നു.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത തൃശൂർ പാർലിമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും വിദ്യാർഥികൾക്ക് ടെലിവിഷൻ, ടാബ്ലെറ്റ്, ഇന്റർനെറ്റ്, കേബിൾ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തയ്യാറാക്കുമെന്ന് ടിഎൻ പ്രതാപൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയർ’ പദ്ധതിയിലാണ് മഞ്ജു വാര്യരും ടോവിനോ തോമസും പങ്കാളികളാവുന്നത്.
- Read Full Story ieMalayalam: നിർധനരായ വിദ്യാർഥികൾക്ക് സഹായവുമായി മഞ്ജുവും ടൊവിനോയും
പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
നിലമ്പൂർ: ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയി മടങ്ങിയെത്തിയ സംഘത്തിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പൃഥ്വിരാജടക്കമുള്ളവരോടൊപ്പം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സിനിമ സംഘത്തോടൊപ്പം ഭാഷാസാഹായിയാണ് ഇയാർ പോയത്.
മെയ് 22നാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കമുള്ളവരുടെ സംഘം കേരളത്തിലെത്തിയത്. മടങ്ങിയെത്തിയ സംഘം സർക്കാരിന്റെ നിർബന്ധിത ക്വറന്റീൻ നേരത്തെ പൂർത്തിയാക്കിയിരുന്നു.
സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് മിയ, വിവാഹം സെപ്റ്റംബറില്‍
നടി മിയാ ജോര്‍ജിന്റെ വിവാഹ നിശ്ചയ വാര്‍ത്തയും ചിത്രങ്ങളുമാണ് കഴിഞ്ഞ രണ്ടു ദിവസായി സിനിമാ ലോകത്തെ വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ ആശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്. സെപ്റ്റംബര്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും സ്നേഹം അറിയിച്ചവര്‍ക്കും മിയ നന്ദി പറഞ്ഞു.
- Read Full Story ieMalayalam: സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് മിയ, വിവാഹം സെപ്റ്റംബറില്‍
- Read in Indian Express: Miya George gets engaged to Ashwin Philip
‘ജൂനിയർ എൻടിആറിന്റെ ഫാനല്ല’; ബോളിവുഡ് താരത്തിന് ബലാത്സംഗ ഭീഷണി
ആരാധന ഒരു പരിധി വിട്ടാൽ എത്രത്തോളം അപകടമാണെന്ന് നിരവധി തവണ നാം കണ്ടിട്ടുള്ളതാണ്. ‘കസബ’യെ വിമർശിച്ച പാർവ്വതിക്കെതിരെ മമ്മൂട്ടിയുടെ ആരാധകരെന്നു പറഞ്ഞ ഒരു വിഭാഗം ആളുകൾ നടത്തിയ സൈബർ ആക്രമണങ്ങൾ മുതൽ ഇങ്ങോട്ട് ഒട്ടനവധി ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലിള്ളത്.
ഇപ്പോഴിതാ, തെലുങ്ക് താരമായ ജൂനിയർ എൻടിആറിന്റെ ഫാനല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താനെന്നു പറഞ്ഞ ബോളിവുഡ് താരം മീര ചോപ്രയ്ക്കെതിരെയും സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നു. ബലാത്സംഗ ഭീഷണി ഉൾപ്പെടെ താൻ നേരിടുന്നതായി മീര ട്വിറ്ററിൽ കുറിച്ചു. മീരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയും രംഗത്തെത്തി.
- Read Full Story ieMalayalam: ‘ജൂനിയർ എൻടിആറിന്റെ ഫാനല്ല’; ബോളിവുഡ് താരത്തിന് ബലാത്സംഗ ഭീഷണി
- Read in Indian Express: Meera Chopra receives rape threats on Twitter, to take legal action
ബംഗാളി സംവിധായകന്റെ മലയാള ചലച്ചിത്രം രാജ്യാന്തര ശ്രദ്ധ നേടുന്നു
ബംഗാളി സംവിധായകൻ അനീക് ചൗധരി അണിയിച്ചൊരുക്കിയ മലയാള സിനിമ ‘കത്തി നൃത്തം’ രാജ്യാന്തരതലത്തിലും ശ്രദ്ധേയമാകുന്നു. കഥകളി കലാകാരൻ ഒരു സൈക്കോ കൊലയാളിയായി മാറുന്നതാണ് ചിത്രത്തിന്റെ കഥ. ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് സിനിമ.
രാഹുൽ ശ്രീനിവാസൻ, രുഗ്മിണി സിർകർ, സാബൂജ് ബർദാൻ, അനുഷ്ക ചക്രബർത്തി, അറിത്ര സെൻഗുപ്ത എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബംഗാളിൽ നിന്നുളള ഒരാൾ അണിയിച്ചൊരുക്കുന്ന ആദ്യ മലയാള സിനിമയാണ് ‘കത്തി നൃത്തം’.
- Read Full Story ieMalayalam: ബംഗാളി സംവിധായകന്റെ മലയാള ചലച്ചിത്രം രാജ്യാന്തര ശ്രദ്ധ നേടുന്നു
- Read in Indian Express: Bengali Filmmaker Aneek Chaudhuri on his Malayalam Film ‘Katti Nrittam’
‘ചായ കുടിച്ചാൽ അവളെപ്പോലെ കറുക്കും’; മലയാളിയായതിൽ നേരിട്ട അധിക്ഷേപം പങ്കുവച്ച് മാളവിക
വംശീയ വിവേചനത്തിന് ഇരയായ 46 കാരൻ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ അസ്വസ്ഥയായ മാളവിക, താൻ കൗമാരപ്രായത്തിൽ നേരിട്ട സുഖകരമല്ലാത്ത ഒരനുഭവമാണ് ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പങ്കു വച്ചത്. ഇന്ത്യൻ സമൂഹത്തിൽ വംശീയതയും വർണവെറിയും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കറുത്ത തൊലിയുള്ളവരെ ചിലർ ഇപ്പോഴും മദ്രാസികൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും മാളവിക ചൂണ്ടിക്കാട്ടി.
“എനിക്ക് 14 വയസ്സുള്ളപ്പോൾ, അന്നത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് പറഞ്ഞു, ചായ കുടിക്കാൻ അവന്റെ അമ്മ ഒരിക്കലും അവനെ അനുവദിക്കാറില്ലെന്നും, ചായ കുടിച്ചാൽ കറുത്തുപോകുമെന്ന് അവർ കരുതുന്നെന്നും. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ “നീ ചായ കുടിച്ചാൽ അവളെപ്പോലെ (എന്നെ പരാമർശിച്ച്) ഇരുണ്ടു പോകും,” എന്നു പറഞ്ഞു.
- Read Full Story ieMalayalam: മലയാളിയായതിൽ നേരിട്ട അധിക്ഷേപം പങ്കു വച്ച് മാളവിക
- Read in Indian Express: Malavika Mohanan recalls her experience with racism
Film Stars on Social Media: താരങ്ങളുടെ സോഷ്യല്‍ മീഡിയ വിശേഷങ്ങള്‍
കൊറോണക്കാലത്ത് പ്രിയപ്പെട്ടവരില്‍ നിന്നും അകന്നു കഴിയുന്ന ലോകമെമ്പാടുമുള്ള മലയാളികള്കായി പ്രിയ താരങ്ങളും ഗായകരും ഒന്നിച്ചൊരു ഗാനം. ‘It is time for Kerala – Let us make it happen,’ എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, ശരത്, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്, മനോജ് കെ ജയന്, മധു ബാലകൃഷ്ണന്, അശോകന് എന്നിവര്‍ ചേര്‍ന്നാണ്. വരികള്‍ ദഡോ. ചേരാവള്ളി ശശി, സംഗീതം ശരത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഗാനം ഏറെ ശ്രദ്ധ നേടുന്നു.
വെടിമരുന്ന് നിറച്ച പൈനാപ്പിള്‍ കഴിച്ചു ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ വികാരഭരിതനായി പ്രതികരിച്ച് നിവിന്‍ പോളി. ‘മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം ക്രൂരപ്രവര്‍ത്തികളെ ശക്തമായി അപലപിക്കുന്നു,’ എന്നാണു നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതേ വിഷത്തില്‍ തന്നെ പ്രതികരിച്ചു കൊണ്ട് നടി അനു സിതാരയും രംഗത്തെത്തിയിട്ടുണ്ട്.’ഗർഭിണിയായ ആനയെ പൈനാപ്പിളിൽ പടക്കം വെച്ച് നൽകി ഉപദ്രവിച്ച് കൊന്ന സാമൂഹിക വിരുദ്ധരെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50000 രൂപ Humane Society International – India പരിതോഷികം പ്രഖ്യാപിച്ചിരികുന്നൂ,’ #EndAnimalCruelty എന്ന ഹാഷ്ടാഗോടെയാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് ദേവിക എന്ന ദളിത് പെണ്‍കുട്ടി ജീവന് വെടിഞ്ഞ സംഭവത്തിനോട് പ്രതികരിച്ച് മാലാ പാര്‍വ്വതി. ‘ദേവിക പറഞ്ഞത് പോലെ.. “ഞാൻ പോകുന്നു” എന്ന് പറയാൻ പലർക്കും തോനുന്നുണ്ട്. അലിവും, സ്നേഹവും കാരുണ്യവും, കരുതലും എങ്ങും നിറയണം.. എങ്കിലേ പ്രതീക്ഷ തോന്നു.! ഇങ്ങനെയുള്ള സമയങ്ങളിൽ ഒക്കെ കേൾക്കുന്ന, കാണുന കാര്യങ്ങൾ മനസ്സിനെ സ്വാധീനിക്കും. ദേവിക പോകുന്ന വഴി പോയാലെന്ത് എന്ന ചിന്ത ഉണ്ടാകാം.എല്ലാവർക്കും ഒരു കരുതൽ വേണം. നിസ്സഹായത അനുഭവിക്കുന്ന ദേവികമാർ.. നിറയേ ഉണ്ട്. നമുക്ക് ചുറ്റും,’ എന്ന് കുറിച്ച മാലാ പാര്‍വ്വതി മറ്റൊരു കുറിപ്പില്‍ തന്റെ വികാരവിചാരങ്ങള്‍ ഇങ്ങനെ വിശദമാക്കുന്നു.
‘ദേവികയുടെ വീട്ടിൽ ഫോണില്ല.. ടി.വി യില്ല! വാർത്ത അറിയാൻ പത്രം ഉണ്ടോയെന്നറിയില്ല. വാർത്ത അറിയാതെ ലോക്ക് ഡൗൺ കാലം എങ്ങനെ മുന്നോട്ട് കൊണ്ട് പോകാനാകും? വാർത്ത ഒന്നും അറിയാതെ ഒരിടത്ത്, ഇങ്ങനെ ഒരു കോവിഡ് കാലത്ത് പെട്ടാൽ നമ്മുടെ സ്ഥിതി എന്താവും?ഭയം തോന്നിയിട്ടാണ്ടാകും ദേവികയ്ക്ക്. വല്ലാത്ത ശൂന്യതയിലും, ആശങ്കയിലും, എല്ലാ പ്രതീക്ഷകളും അണഞ്ഞ് പോയിട്ടുണ്ടാവും. ഓൺലൈനിൽ പഠിക്കുന്നവരോടൊപ്പം ഒരിക്കലും എത്താൻ പറ്റില്ല എന്ന് തോന്നി കാണും. പഠിത്തം, ഒരു മൽസര ഓട്ടമാണെന്നാണല്ലോ നമ്മൾ പഠിപ്പിച്ച് വെച്ചിരിക്കുന്നത്.സമൂഹം സഹായിക്കും എന്ന് വിശ്വസിക്കാനേ തോന്നിയിട്ടുണ്ടാവില്ല.
ദളിത് വിഭാഗത്തിന് വേണ്ടി, ആദിവാസികൾക്ക് വേണ്ടി കോടി കണക്കിന് രൂപ ചിലവഴിക്കുന്നു എന്ന് കേൾക്കുന്നുണ്ടെങ്കിലും, അതിൻ്റെ മെച്ചമൊന്നും എങ്ങും കാണാൻ കിട്ടുന്നില്ല. വലിയ പദ്ധതികൾ നടപ്പിലാക്കുന്നതിലെ പിഴവുകൾ, അഴിമതി, റെഡ് ടേപ്പിസത്തിൽ കുരുങ്ങി കിടക്കുന്ന ഫയലുകൾ ! സ്റ്റൈപെൻഡ് പോലും കിട്ടിയിട്ടില്ല എന്ന് പറയുന്ന എത്രയോ പേരുടെ മുഖം മനസ്സിൽ നിറയുന്നു..ഇതിനെല്ലാം പുറമെ.. നിറം, ഭാഷ, ഇംഗ്ലീഷ് പരിജ്ഞാനം, സംവരണം കൊണ്ടുണ്ടാക്കുന്ന നേട്ടത്തിൻ്റെ കണക്ക് പറച്ചിൽ തുടങ്ങി, എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങളിൽ കുത്തുവാക്കുകളും, പുച്ഛവും, അവഗണനയും നേരിടേണ്ടി വരാറുമുണ്ടല്ലോ. ദേവികയ്ക്ക് എന്താണ് പറയാനുണ്ടായിരുന്നത്. അവളുടെ മനസ്സിലെ ചിന്തകൾ എന്തെല്ലാമായിരിന്നിരിക്കും. ഫോണിലൂടെയും, ടി.വിയിലൂടെയും വാർത്ത പോലുമറിയാതെ.. എല്ലാം കഴിഞ്ഞു എന്ന് കരുതിയിട്ടുമുണ്ടാകും.
കരഞ്ഞ്, കരഞ്ഞ്, കരഞ്ഞ്.. ഏതോ ഒരു നിമിഷം അവൾ എല്ലാം അവസാനിപ്പിച്ചു.
ഇതൊന്നും എഴുതാൻ എനിക്ക് ഒരു അർഹതയുമില്ല.’
ഇതേ വിഷയത്തില്‍ തന്നെ ശബ്ദകലാകാരിയും നടിയുമായ ഭാഗ്യലക്ഷ്മിയും പ്രതികരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം മുടങ്ങിയതിന്റെ ദുഃഖം ഓര്‍ക്കുകയാണ് അവര്‍ തന്റെ കുറിപ്പില്‍. സ്വാനുഭവങ്ങള്‍ വിവരിക്കുന്നത് ആരുടേയും സഹതാപത്തിനല്ലമറിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഇതെഴുത്തുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘അച്ഛൻ മരിച്ചപ്പോൾ താങ്ങാൻ ആളില്ലാതെ ഞങ്ങൾ മൂന്ന് മക്കളെയും എങ്ങനെ പോറ്റും എന്ന് ഭയന്ന് അമ്മ ആത്മഹത്യ ചെയ്യാതിരുന്നത് എന്ത് കൊണ്ടെന്ന് ഇന്നലെയാണ് ഞാൻ ആലോചിച്ചത്. പണ്ട് പുസ്തകം വാങ്ങാൻ കഴിവില്ലാതെ സ്കൂളിൽ പോകാതിരുന്നിട്ടുണ്ട്, ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെ വിശന്ന് സ്കൂളിൽ പോകാൻ പറ്റാതിരുന്നിട്ടുണ്ട്, അന്നൊക്കെ അമ്മ സമാധാനിപ്പിക്കും, സാരല്ല്യ ഒരു നല്ല കാലം വരും. ആരെയും ആശയിക്കാത്തൊരു കാലം. ഇന്ദിര ചേച്ചി ചെറിയമ്മയുടെ കൂടെ കോയമ്പത്തൂരായിരുന്നു. പഠിക്കാൻ ബഹു മിടുക്കിയായിരുന്നു. എന്നിട്ടും ചെറിയമ്മ ചേച്ചിയെ പഠിപ്പിച്ചില്ല.
ചെന്നൈയിൽ ഞങ്ങളെ പഠിപ്പിക്കാൻ ഒരു വലിയ മനുഷ്യൻ (എലൈറ്റ് ഹോട്ടലിന്റെ മുതലാളി കുമാരേട്ടൻ) തയാറായപ്പോൾ ക്യാൻസർ രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ വേണ്ടി എന്റെ വിദ്യാഭ്യാസമാണ് മാറ്റിവെച്ചത്, ചോറും കൂട്ടാനും വെച്ച് ബസ്സിൽ കയറി 18 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ പോകുമ്പോൾ സമപ്രായക്കാരായ കുട്ടികൾ സ്കൂളിൽ പോകുന്നത് നോക്കി ഇരുന്നിട്ടുണ്ട്.
ഉണ്ണിയേട്ടൻ ആൺകുട്ടിയല്ലേ അവൻ പഠിക്കട്ടെ, അമ്മ മരിച്ചപ്പോൾ വലിയമ്മയുടെ സംരക്ഷണത്തിൽ വീണ്ടും പഠനം തുടർന്നു.. എങ്കിലും വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം തുടരാൻ സാധിച്ചില്ല, ജോലി ചെയ്യാൻ തുടങ്ങി…
ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും ആ പ്രായത്തിൽ സാധിച്ചില്ല..പഠിക്കാൻ പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായില്ല. ഉണ്ണിയേട്ടൻ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചു പിന്നെ നാട് വിട്ട് പോയി. ആർക്ക് നഷ്ടം? ആരെയാണ് കുറ്റം പറയേണ്ടത്? രോഗിയായ അമ്മയെയോ അതോ സംരക്ഷണം തന്ന വല്യമ്മയെയോ? സമൂഹത്തേയോ ?
.എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്… പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. “വിദ്യ” അതേത് പ്രായത്തിലും സാധ്യമാക്കാം..പക്ഷേ ഇന്ന് എനിക്ക് ജീവിക്കണം.
അതിന് അദ്ധ്വാനിക്കണം എന്നൊരു വാശിയുണ്ടായിരുന്നു.. കുട്ടികൾ മനസിലാക്കണം അല്ലെങ്കിൽ മനസിലാക്കി കൊടുക്കണം,
നീ ജീവിച്ചാലും മരിച്ചാലും അതിന്റെ ഗുണവും ദോഷവും നിനക്ക് മാത്രമാണെന്ന് പറഞ്ഞു പഠിപ്പിക്കണം..ആത്മഹത്യ സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശമാണെന്ന് പറഞ്ഞു പഠിപ്പിക്കണം.. ഇന്ന് നിന്റെ മരണത്തിൽ അനുശോചിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയകൾ അടുത്തൊരു ആത്മഹത്യ കിട്ടുമ്പോൾ അതിന് പിറകേ പോകും..അപ്പോൾ നീയെവിടെ?
ആരും താങ്ങാൻ ഉണ്ടാവില്ല എന്ന് നീ മനസിലാക്കണം..ജീവിക്കാൻ നിനക്ക് മാത്രമേ കഴിയൂ…മരിക്കാൻ എല്ലാവർക്കും സാധിക്കും.. മരിക്കാൻ നിരവധി കാരണങ്ങളുണ്ടാവും. ജീവിക്കാൻ ഒറ്റ കാരണമേയുള്ളു ജീവിക്കണം. എന്ന വാശി.
‘ഞാൻ ചെയ്ത ചില കഥാപാത്രങ്ങൾ ഈ കൊറോണ കാലത്ത് ഇപ്പോ എന്ത് ചെയ്യായിരിക്കും ?? ചുമ്മാ ഒരു കൗതുകം .. നോക്കാല്ലേ …..,’ എന്ന കുറിപ്പോടെ മകന് അദ്വൈത് ജയസൂര്യ എഡിറ്റ് ചെയ്ത ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ് നടന് ജയസൂര്യ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook