കേരളത്തിന്റെ തനതു കലാരൂപമാണ് കഥകളി. ആ കലാരൂപത്തെ സംഗീതത്തിലൂടെ ആസ്വാദകരിലെത്തിക്കുകയാണ് തൈക്കൂടം ബ്രിഡ്‌ജ്. നവരസമെന്ന ആൽബത്തിന്റെ ടൈറ്റിൽ ട്രാക്ക് കഥകളിയുടെ ഓരോ ഭാവഭേദങ്ങളും മനോഹരമായ ഈണത്തിൽ വർണിച്ചിട്ടുണ്ട്. വിപിൻ ലാൽ പാടിയ ഈ ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഹിറ്റായി കൊണ്ടിരിക്കുന്നത്. കഥകളി പദങ്ങളടങ്ങിയ ഗാനം രചിച്ചിരിക്കുന്നത് ധന്യ സുരേഷാണ്. ഗോവിന്ദിന്റെ വയലിനും അനീഷിന്റെ ഡ്രംസ്സും മിഥുൻ രാജിന്റെ ഗിത്താറും സംഗീതത്തിന്റെ മറ്റൊരു തലമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഥകളിയെ പശ്ചാത്തലമാക്കി പല ആവിഷ്‌കാരങ്ങളുണ്ടായിട്ടുണ്ടങ്കിലും സംഗീതത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് തൈക്കുടം ബ്രിഡ്ജിന്റെ വിഡിയോ.
ഒരു കഥകളി നടന്റെ ജീവിത മുഹൂർത്തങ്ങളിലൂടെയുള്ള സംഗീത യാത്രയാണ് വിഡിയോയുടെ പ്രമേയം. ഒരു കുട്ടി കഥകളിക്കാരൻ സ്കൂളിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വിഡിയോയിലുള്ളത്. ലിറ്റിൽ സ്വയംപാണ് സംവിധാനം ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ആണ്ടല്ലൂർ കാവ്, പട്ടുവം മന,എടക്കാട് യുപി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കലാമണ്ഡലം നീരജ്, കലാമണ്ഡലം നിമിഷ, മാസ്റ്റർ പ്രയാഗ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കലാമണ്ഡലം പ്രദീപിന്റെ മകനാണ് പ്രയാഗ്.
“കഥകളികളെയെക്കുറിച്ച് ഗവേഷണം നടത്തിയാണ് ചിത്രീകരണത്തിനിറങ്ങിയത്. കലാമണ്ഡലത്തിൽ പോയി അതിനെക്കുറിച്ച് കൂടുതലറിഞ്ഞു. ആശാന്മാരോട് സംസാരിച്ചു. കഥകളിയുടെ പുതിയ അർത്ഥങ്ങൾ കണ്ടത്തി. അതിനുശേഷമാണ് വിഡിയോ ചിത്രീകരിച്ചത്. കുട്ടി കഥകളിക്കാരനെ മറ്റുകുട്ടികൾ ഉപദ്രവിക്കാനായി ഓടിക്കുന്നതാണ് വിഡിയോയിലെ ഹൈലൈറ്റ് സീൻ. നിരവധി ടേക്കുകളിലൂടെയാണ് ആ സീനെടുത്തത്. ചിത്രീകരിക്കാൻ ഏറ്റവും പ്രയാസമേറിയ സീൻ അതായിരുന്നു. ഭാവങ്ങൾ നഷ്‌ടപ്പെടാതെ ആ ചേസ് എടുക്കുക വെല്ലുവിളിയായിരുന്നു. മറ്റൊരു സീൻ പ്രയാഗ് കിണറ്റിൽ വീഴുന്നതായിരുന്നു. എന്നാൽ പ്രയാഗിന് നല്ല ധൈര്യമുണ്ടായിരുന്നതിനാൽ അത് ചെയ്യുമ്പോൾ ടെൻഷനൊന്നുമില്ലായിരുന്നു”- സംവിധായകൻ ലിറ്റിൽ സ്വയംപിന്റെ വാക്കുകൾ
എ.ആർ.റഹ്മാൻ തന്റെ ട്വിറ്റർ പേജിൽ വിഡിയോ കുറിച്ചെഴുതുകയും യുട്യൂബ് ലിങ്ക് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കമൽഹാസൻ, അനൂപ് മേനോൻ, നീരജ് മാധവ് തുടങ്ങി പല പ്രമുഖ താരങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനോടകം നവരസത്തിന് ലഭിച്ചിരിക്കുന്നത്. ചെറിയൊരിടവേളയ്ക്ക് ശേഷം തൈക്കൂടം ബാൻഡിന്റെ ശക്തമായ തിരിച്ചുവരവു കൂടിയാണ് ഈ സംഗീത ആൽബം.