സംഗീതാസ്വാദകരുടെ പ്രിയ ഗായികയാണ് ശ്രേയ ഘോഷാൽ. മെലഡിയാവട്ടെ ഫാസ്റ്റ് നമ്പറാവട്ടെ ശ്രേയയുടെ കൈയിൽ ഭദ്രമാണ്. ശ്രേയയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് അഗ്നിപതിലെ(2012) കത്രീന കൈഫ് അഭിനയിച്ച ചിക്‌നി ചമേലി എന്ന ഐറ്റം ഗാനം. എന്നാൽ ഐറ്റം ഗാനങ്ങൾ അത്രയിഷ്‌ടത്തോടെയല്ല പാടിയിരുന്നതെന്നാണ് ശ്രേയ പറയുന്നത്. സ്‌ത്രീകളുടെ കാര്യത്തിലും മറ്റും ഇടുങ്ങിയ ചിന്താഗതിയുള്ളവരുടെ നാടാണ് ഇന്ത്യ, അങ്ങനെയൊരു രാജ്യത്ത് ഇത്തരം പാട്ടുകൾ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നാണ് ശ്രേയയുടെ പക്ഷം. എംടിവിയുടെ അൺപ്ളഗഡ് എന്ന പരിപാടിയിലാണ് ശ്രേയ ഇക്കാര്യങ്ങൾ പറഞ്ഞത്.

അഗ്നിപതിലെ ഗാനം ആദ്യം പറയുമ്പോൾ ഞാൻ ഒരിക്കലും അതിൽ തൃപ്തയായിരുന്നില്ല. പല വാക്കുകളും എനിക്ക് പ്രശ്നമായിരുന്നു. അവയെല്ലാം മാറ്റാൻ രചയിതാക്കളോട് ആവശ്യപ്പെട്ടു. അതിനുശേഷമാണ് തനിക്കത് പാടാൻ സാധിച്ചതെന്ന് ശ്രേയ പറഞ്ഞു. അതിന് ശേഷം നിരവധി ഐറ്റം ഗാനങ്ങൾ തന്നെ തേടിയെത്തിയെങ്കിലും വരികളോട് യോജിക്കാൻ പറ്റാത്തതിനാൽ അതെല്ലാം നിരസിക്കുകയായിരുന്നു. വരികളിൽ മോശമില്ലാതിരുന്നാൽ ഐറ്റം ഗാനങ്ങൾ പാടാൻ തയാറാണ്. അല്ലാത്ത പക്ഷം തനിക്ക് ഗാനങ്ങൾ ഉൾക്കൊള്ളാനും മനസ്സറിഞ്ഞ് പാടാനും കഴിയില്ലെന്നും ശ്രേയ തുറന്നു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ