ആദിവാസി ഊരുകളിൽ നടപ്പാക്കുന്ന പ്രൊജക്‌ട് ഷൈൻ പദ്ധതിയെ പ്രശംസിച്ച് മോഹൻലാലിന്റെ ബ്ളോഗ്. ഉയരും ഞാൻ നാടാകെ എന്ന തലക്കെട്ടിലുളള ബ്ളോഗിൽ ആദിവാസി ഊരുകളിലെ കുട്ടികളെ ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും തയ്യാറാക്കുന്ന പ്രൊജക്‌ട് ഷൈൻ പദ്ധതിയെ പ്രശംസിക്കുകയാണ് മോഹൻലാൽ.

പാലക്കാട് ജില്ലയിലെ ഗുരുകൃപ ആയുർവ്വേദ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വാർത്തയിലൂടെയാണ് ഈ പദ്ധതിയെ കുറിച്ചറിഞ്ഞത്. ഈ പദ്ധതിയെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു. അറിഞ്ഞ കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതും കണ്ണ് നനയിക്കുന്നതുമായിരുന്നെന്ന് ലാൽ ബ്ളോഗിൽ എഴുതുന്നു.

കഴക്കൂട്ടം സൈനിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബുദ്ധിയിൽ ഉദിച്ച ആശയമായിരുന്നു. ആദിവാസികളിലെ കുഞ്ഞുകൾക്ക് സാധ്യതയുടെ ലോകം തുറന്ന് കൊടുത്തതെന്നും മോഹൻലാൽ പറയുന്നു.

“നമുക്ക് ഒരു പാട് ആദിവാസി പുനരുദ്ധാരണ പദ്ധതികളുണ്ട്. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണെന്ന് അറിയില്ല. 21-ാം നൂറ്റാണ്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങളെയും ആദിവാസി എന്ന് വിളിക്കുന്നവരാണ് നമ്മൾ. അവരെ നമ്മുടെ പൊതു ജീവിതത്തിൽ വളരെ കുറച്ച് മാത്രമേ പങ്കെടുപ്പിക്കാറുളളൂ. പരിഷ്‌കൃതർ എന്ന് സ്വയം വിശ്വസിച്ച് അഭിമാനിക്കുന്ന നമ്മൾക്ക് അവർ മറ്റേതോ ഗ്രഹത്തിലെ ജീവികളാണ്. ഈ ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് പ്രൊജക്‌ട് ഷൈൻ പദ്ധതിയുുടെ പ്രസക്തി”- ലാൽ ബ്ളോഗിൽ കുറിക്കുന്നു.

മോഹൻലാലിന്റെ ബ്ലോഗ് വായിക്കാം

പട്ടാളം എന്നാൽ അതിർത്തിയിൽ രാജ്യം കാക്കുന്നവരും സ്വന്തം ജീവിതം രാജ്യത്തിനായി പണയം വച്ചവരുമാണ്. പട്ടാളം എന്നാൽ നമ്മുടെ ബുദ്ധി ജീവികൾക്ക് ഭരണകൂട ഭീകരതയുടെ ഭാഗവുമാണ് എപ്പോഴും. അവർ സർഗാത്മകമായി ഒന്നും ചെയ്യുന്നില്ലെന്ന് ഇത്തരക്കാർ പരാതി പറഞ്ഞു കൊണ്ടേ ഇരിക്കും. അട്ടപ്പാടിയിലെ ഊരുകളിൽ പട്ടാളക്കാർ വരുന്നത് തോക്കുമായല്ല മറിച്ച് സമർപ്പിതമായ ഒരു മനസുമായാണ്.- മോഹൻലാൽ എഴുതുന്നു.

നെഗറ്റീവ് ആയ കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുന്ന, എല്ലാം ഇല്ലാതാക്കുന്നതിൽ ആനന്ദം കാണുന്ന വാക്കുകളിൽ മാത്രം വിപ്ലവവും വികസനവും നടക്കുന്ന ഈ കാലത്ത് പ്രൊജക്‌ട് ഷൈൻ ആകാശച്ചെരുവിൽ ഒറ്റയ്ക്ക് തിളങ്ങുന്ന താരകമാണെന്നും മോഹൻലാൽ ഉയരം ഞാൻ നാടാകെ എന്ന ബ്ളോഗിൽ എഴുതുന്നു.

മോഹൻലാലിന്റെ ശബ്ദത്തിൽ ബ്ലോഗ് വായിച്ചു കേൾക്കാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ