മഞ്‌ജു വാര്യരും അമല അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന കെയർ ഓഫ് സൈറ ബാനു ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരായ മഞ്‌ജുവും അമലയും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
കിസ്‌മത്തിലൂടെ ശ്രദ്ധേയനായ ഷെയ്‌ൻ നിഗം ജോഷ്വാ പീറ്റർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഞ്‌ജു വാര്യരുടെയും ഷെയ്ൻ നിഗമിന്റെയും വ്യത്യസ്‌തമാർന്ന ചിത്രങ്ങളുമായാണ് കെയർ ഓഫ് സൈറ ബാനുവിന്റെ പോസ്റ്റർ എത്തിയിരിക്കുന്നത്.
പതിനാറ് വർഷത്തിന് ശേഷം അമല അഭിനയിക്കുന്ന മലയാള ചിത്രമാണ് കെയർ ഓഫ് സൈറ ബാനു. കുറുമ്പിക്കാരിയായ പെൺകുട്ടിയായെത്തിയ അമലയുടെ എന്റെ സൂര്യപുത്രിയി(1991)ലെ കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഉളളടക്ക(1991)മാണ് അമല അഭിനയിച്ച അവസാന മലയാള ചിത്രം.
സൈറ ബാനുവെന്ന പോസ്റ്റ് വുമണായാണ് മഞ്‌ജുവാര്യർ കെയർ ഓഫ് സൈറ ബാനുവിലെത്തുന്നത്. അമല അക്കിനേനിയാകട്ടെ ഒരു വക്കീലായുമെത്തുന്നു. ഇറോസ് ഇന്റർനാഷണൽ, മാക്ക്ട്രോ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി സോണിയാണ് കെയർ ഓഫ് സൈറ ബാനു സംവിധാനം ചെയ്യുന്നത്. മാർച്ചിൽ ചിത്രം തിയേറ്ററിലെത്തും