മലയാളത്തിന്റെ താരരാജാവ് മോഹൻലാലും യുനവടന്മാരിലെ സൂപ്പർ താരം നിവിൻ പോളിയും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു ഒന്നു ചേരലാണ് നിവിന്റെയും മോഹൻലാലിന്റെയും. രണ്ട് സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രം കാഴ്‌ചക്കാർക്ക് വിരുന്നൊരുക്കുമെന്നുറപ്പാണ്. എന്നാൽ ചിത്രത്തെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെ.കെ.രാജഗോപാലാണ് നിവിനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ശിക്കാറിന്റെ നിർമ്മാതാവാണ് കെ.കെ.രാജഗോപാൽ.

നിരവധി സന്ദർഭങ്ങളിൽ മോഹൻലാലിനോടുളള തന്റെ ആരാധന തുറന്ന് പറഞ്ഞിട്ടുണ്ട് നിവിൻ പോളി. 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയിൽ മോഹൻലാലിനൊപ്പമഭിനയിക്കാൻ നിവിന് അവസരമുണ്ടായിരുന്നെങ്കിലും തിരക്കുകൾ കാരണം പിന്മാറുകയായിരുന്നു. ഒപ്പം സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ മോഹൻലാലിന്റെ മീശ പിരിക്കുന്ന നിവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സംഗതി സത്യമെങ്കിൽ രണ്ട് പേരും ഒന്നിക്കുന്ന ചിത്രം വെളളിത്തിരയിലെത്താൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കണം. കാരണം ബി.ഉണ്ണികൃഷ്‌ണന്റെ ചിത്രത്തിന്റെ തിരക്കിലാണ് മോഹൻലാലിപ്പോൾ. നിവിനാകട്ടെ മൂത്തോൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ