സിനിമ ആവിഷ്‌കാരത്തിന്റെ കലയാണ്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ ഇന്ത്യയിലിറങ്ങിയിട്ടുണ്ട്. ഈ പട്ടികയില്‍ മലയാള സിനിമകളുടെ പ്രാതിനിധ്യവും ഒട്ടും ചെറുതല്ല. മലയാളത്തിലിറങ്ങിയ സ്വവര്‍ഗാനുരാഗ ചിത്രങ്ങളിലൂടെ…

മൈ ലൈഫ് പാര്‍ട്‌നര്‍ (2014)
malayalam, movie
സ്വവര്‍ഗാനുരാഗം പ്രമേയമാക്കി മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ചിത്രമാണിത്. എം.ബി. പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ടു പുരുഷന്മാര്‍ (കിരണ്‍ ആന്‍ഡ് റിച്ചാര്‍ഡ്) തമ്മിലുള്ള ബന്ധത്തിന്റെ കഥയാണു പറയുന്നത്. സുദേവ് നായരും അമീര്‍ നിയാസുമാണ് മുഖ്യ വേഷങ്ങളിലെത്തിയത്. ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തേക്കാള്‍ മാനസിക അടുപ്പമാണ് പദ്മകുമാര്‍ ചിത്രത്തിലൂടെ പറയുന്നത്. സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും സാമൂഹിക വിലക്കുകളെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നു. സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന സുപ്രീംകോടതി വിധിക്കു ശേഷം വന്ന ചിത്രമാണിത്. കേരള സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് എന്നീ അവാര്‍ഡുകള്‍ ലഭിച്ച ചിത്രമാണ് മൈ ലൈഫ് പാര്‍ട്‌നര്‍. വിദേശ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണു ചിത്രത്തിന് ലഭിച്ചത്.

മുംബൈ പൊലീസ് (2013)
malayalam, movie, mumbai police
മലയാള സിനിമയിലെ ധീരമായ പരീക്ഷണങ്ങളിലൊന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പൊലീസ്. സ്വവര്‍ഗാനുരാഗം പലര്‍ക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളൊരു വിഷയമാണ്. എന്നാല്‍ ആ വിഷയം വളരെ മനോഹരമായി കൈകാര്യം ചെയ്ത ചിത്രമാണിത്. പൃഥ്വിരാജ് ചിത്രത്തിലെ പ്രധാന വേഷത്തെ മികവുറ്റതാക്കുകയും ചെയ്തു.

ഋതു (2009)
malayalam, movie, rithu
ശ്യാമപ്രസാദിന്റെ ഋതു തികച്ചും വേറിട്ടൊരു ചിത്രമാണ്. മൂന്നു സുഹൃത്തുക്കളുടെ കഥ വളരെ പുതുമയോടെ അവതരിപ്പിച്ച ചിത്രം. ഇതിലെ സണ്ണി ഇമ്മട്ടി, ജമാല്‍ എന്നീ കഥാപാത്രങ്ങള്‍ സ്വവര്‍ഗാനുരാഗികളാണ്. ചില ഭാവങ്ങളിലൂടെയും വാക്കുകളിലൂടെയും ശ്യാമപ്രസാദ് ഇക്കാര്യം ചിത്രത്തില്‍ പറഞ്ഞുതരുന്നുണ്ട്.

സഞ്ചാരം (2004)
malayalam movie, the journey
രണ്ടു സ്ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗാനുരാഗം തുറന്നു കാണിച്ച സിനിമയാണ് ലിജി ജെ. പുല്ലപ്പള്ളി സംവിധാനം ചെയ്ത സഞ്ചാരം. പക്ഷേ ഈ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയി. സ്വവര്‍ഗാനുരാഗമെന്ന വിഷയം തുറന്നു ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു ഇത്. രണ്ടു സ്ത്രീകള്‍ക്കിടയില്‍ ഇതള്‍ വിരിയുന്ന പ്രണയവും സൗഹൃദവുമായിരുന്നു ചിത്രം ചര്‍ച്ച ചെയ്തത്.

ദേശാടനക്കിളി കരയാറില്ല (1986)
malayalam, movie, deshadanakkili karayarilla
കാലത്തിനു മുന്നേ നടന്ന ചിത്രമാണ് പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല. സ്വവര്‍ഗാനുരാഗം ചര്‍ച്ച ചെയ്ത സിനിമ എന്ന നിലയില്‍ ഈ ചിത്രം നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുളള അസാധാരണമായ സൗഹൃദത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. മോഹന്‍ലാല്‍, ഉര്‍വ്വശി, ശാരി, കാര്‍ത്തിക എന്നിവരായിരുന്നു മുഖ്യ വേഷങ്ങളില്‍.

രണ്ട് പെണ്‍കുട്ടികള്‍ (1978)
മലയാളത്തിലിറങ്ങിയ ആദ്യത്തെ സ്വവര്‍ഗാനുരാഗ ചിത്രമെന്നു രണ്ടു പെണ്‍കുട്ടികളെ വിശേഷിപ്പിക്കാം. 1978 ലാണ് മോഹന്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങുന്നത്. വി.ടി. നന്ദകുമാറിന്റെ രണ്ടു പെണ്‍കുട്ടികള്‍ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ആ കാലഘട്ടത്തില്‍ വളരെ ശക്തമായൊരു ആശയം ചിത്രീകരിച്ച സിനിമ എന്ന നിലയില്‍ രണ്ടു പെണ്‍കുട്ടികള്‍ ഇന്നും വേറിട്ടു നില്‍ക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ