എപ്പോഴും നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന മലയാളികളുടെ ജനപ്രിയനായകൻ വീണ്ടുമെത്തുന്നു. ഇപ്രാവശ്യം വരവ് പക്ഷേ ഇത്തിരി വ്യത്യസ്തമാണ്. കണ്ട് ശീലിച്ച രൂപത്തിലും ഭാവത്തിലുമൊന്നല്ല വരവ്. കാണികളെ കുറച്ച് നേരം സസ്‌പെൻസിലിരുത്തി ത്രില്ലടിപ്പിക്കാനാണ് ഇത്തവണ ദിലീപെത്തുന്നത്. എസ്എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയലിലാണ് ജനപ്രിയനായകനും കൂട്ടരും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്നത്.

ഇതൊരു പക്ക സസ്‌പെൻസ് ത്രില്ലറാണ്. ഓരോ നിമിഷവും കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രം. വ്യത്യസ്‌തമായ നിരവധി രൂപങ്ങളിൽ ദിലീപ് ഈ ചിത്രത്തിലെത്തുമെന്നാണ് സൂചന. തിരുവനന്തപുരം, കൊച്ചി. ഗോവ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ലൊക്കേഷനുകൾ. മറ്റുള്ള താരനിർണയം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്‌റ്റിൽ ചിത്രീകരണമാരംഭിക്കും.

എസ്എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 2007 ൽ ദിലീപിനെ നായകനാക്കി ചെയ്ത ദി സ്‌പീഡ് ട്രാക്കാണ് ജയസൂര്യയുടെ ആദ്യ ചിത്രം. കായികം വിഷയമാക്കി ക്യാംപസ് പശ്ചാത്തലമാക്കിയൊരുക്കിയ ജയസൂര്യയുടെ ആദ്യ ചിത്രം വിജയമായിരുന്നു. അതിന് ശേഷം 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണീ സസ്‌പെൻസ് ത്രില്ലർ.

കെ. ബിജു സംവിധാനം ചെയ്യുന്ന ജോർജേട്ടൻസ് പൂരമാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. തൃശ്ശൂർക്കാരനായാണ് ദിലീപ് ഈ ചിത്രത്തിലെത്തുന്നത്. വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ചെമ്പൻ വിനോദ്, രൺജി പണിക്കർ, രജിൽ വിജയൻ എന്നിവരാണ് മറ്റു പ്രമുഖ വേഷങ്ങളിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ