അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ‘ദിൽ ബെച്ചാര’ ഹോട്ട്സ്റ്റാറില്‍ റിലീസിനെത്തി എന്നതാണ് ബോളിവുഡിൽ നിന്നും വരുന്ന ഈ ആഴ്ചയിലെ പ്രധാന വാർത്തകളിൽ ഒന്ന്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂലൈ 24ന് രാത്രി 7.30നാണ് സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം റിലീസ് ചെയ്തത്. അതേസമയം, മലയാളസിനിമാലോകത്തു നിന്ന് വരുന്ന പ്രധാന വാർത്തകളിൽ ഒന്ന് നടി അഹാന കൃഷ്ണയുടെ വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ടതാണ്.
‘ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ’ന്നും കുറിച്ച് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറുമായ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ‘സ്റ്റോറി’ വലിയ ചര്‍ച്ചകള്‍ക്ക് ഇടവച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വന്ന സ്റ്റോറിയില്‍, സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനായുള്ള ശ്രമമാണ് ലോക്ക്ഡൗണ്‍ എന്നാണ് അഹാന പറയാതെ പറഞ്ഞത് എന്നാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് അഹാനയ്ക്കെതിരെ വലിയ രീതിയില്‍ ഉള്ള സൈബർ ആക്രണവും നടന്നിരുന്നു. എന്നാൽ, തന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചിരിക്കുകയാണ്, ലോക്ക്ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല എന്നാണ് വിഷയത്തിൽ അഹാനയുടെ പ്രതികരണം.
ഈ ആഴ്ചയിലെ പ്രധാന സിനിമാവാർത്തകൾ, ഒറ്റനോട്ടത്തിൽ:
എന്റെ വാക്കുകൾ വളച്ചൊടിച്ചു; വിവാദ സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന
തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റിനു മറുപടിയായാണ് അഹാന വിശദീകരണം നൽകിയിരിക്കുന്നത്. ചോദ്യം ഇതായിരുന്നു, മിസ് അഹാന കൃഷ്ണ, നിങ്ങളുടെ പേജില്‍ വന്ന തെറ്റിദ്ധാരണാജനകമായ ഒരു ‘സ്റ്റോറി’യെക്കുറിച്ചുള്ള വിശദീകരണം വേണം എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യം ഉയരുന്നു. ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി തന്നെ ചോദിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ ആ നടപടിയ്ക്ക് ജനങ്ങളോട് വിശദീകരണം നൽകാൻ നിങ്ങൾ ബാധ്യസ്ഥയാണ്. കാരണം ഇത് പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഒന്നാണ്. പൊതുജനങ്ങളുടെ അഭ്യർത്ഥന അവഗണിക്കുന്നത് ശരിയായ മാർഗ്ഗമല്ല. നിങ്ങളും നിങ്ങൾ പങ്കു വച്ച ഈ വീഡിയോയിലെ സ്ത്രീകളും കടന്ന പോയ സൈബർ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.’ എന്നായിരുന്നു കമന്റ്.
ഈ കമന്റിന് അഹാന നൽകിയ മറുപടി ഇങ്ങനെ.
‘ഹായ് പെൺകുട്ടീ, ഞാൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല നിർഭാഗ്യവശാൽ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകൾ ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച്, അതാണ് ഞാൻ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും ഞാൻ പറഞ്ഞിട്ടില്ല. ലോക്ക്ഡൌണിന്റെ ആവശ്യമില്ലെന്നും ഞാൻ എവിടേയും പറഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഞാൻ കുറിച്ച, 18 വാക്കുകൾ മാത്രമുള്ള എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കു വച്ചത്.
അത് സംഭവിക്കുമ്പോൾ ഞാൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാൽ എനിക്ക് തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വയ്ക്കുകയും, പിന്നീട് നിങ്ങൾക്കറിയാവുന്നതു പോലെ 24 മണിക്കൂർ കഴിഞ്ഞപ്പോൾ അത് ഡിലീറ്റാകുകയും ചെയ്തു.
എന്റെ ആ സ്റ്റോറിയിൽ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. അതിൽ നിന്ന് പിന്നീട് ഉണ്ടായതെല്ലാം ഒരു മാധ്യമപ്രവർത്തകൻ എന്റെ വാക്കുകൾ വളച്ചൊടിച്ച് എഴുതിയ പോസ്റ്റിന്റെ ഫലമാണ്. എന്തിനാണ് അയാൾ അത് ചെയ്തത് എന്നെനിക്ക് അറിയില്ല.’
‘ദിൽ ബെച്ചാര’യെ നെഞ്ചിലേറ്റി പ്രേക്ഷകർ
സുശാന്തിന്റെ മരണത്തിന്റെ നടുക്കത്തിൽ നിന്നും ബോളിവുഡും ആരാധകരും പ്രിയപ്പെട്ടവരുമൊന്നും ഇപ്പോഴും മുക്തരായിട്ടില്ല. സുശാന്ത് വിടപറഞ്ഞ് ഒരുമാസം പിന്നിടുമ്പോഴും താരത്തെ കുറിച്ചുള്ള കുറിപ്പുകളും ഓർമകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. അതിനിടയിലാണ് സുശാന്ത് അവസാനമായി അഭിനയിച്ച ‘ദിൽ ബെച്ചാര’ റിലീസിനെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കുമെല്ലാം പ്രേക്ഷകർ ഏറെ സ്വീകാര്യത നൽകിയിരുന്നു. ചിത്രത്തെയും ഏറെ വൈകാരികമായാണ് പ്രേക്ഷകർ നോക്കി കാണുന്നത്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.
ഒരുപാട് ഹൃദയങ്ങളിൽ ശൂന്യത നിറച്ചാണ് സുശാന്ത് സിങ് രാജ്പുത് ജീവിതത്തോട് വിട പറഞ്ഞത്. താരത്തിന്റെ ഓർമകളിൽ ‘ദിൽ ബെച്ചാര’യ്ക്ക് ആശംസകൾ നേരുകയാണ് സുഹൃത്തുക്കളും സിനിമാലോകവും.
“ഇന്ന് നിന്നെ കാണാൻ എന്റെയുള്ളിലെ ഓരോ തുള്ളി ശക്തിയും എടുക്കേണ്ടി വരും. നീ ഇവിടെ എന്നോടൊപ്പമുണ്ട്, എനിക്കതറിയാം. നിന്നെയും നിന്റെ സ്നേഹത്തേയും ഞാൻ ആഘോഷിക്കും. എന്റെ ജീവിതത്തിലെ നായകൻ. ഞങ്ങൾക്കൊപ്പം നീയും ഇന്ന് സിനിമ കാണും എന്നെനിക്കറിയാം,” എന്നാണ് സുശാന്തിന്റെ ഗേൾഫ്രണ്ട് റിയ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
‘ഇത് ശരിയല്ല,’ കോവിഡ് ചികിത്സയ്ക്കിടെ നെഗറ്റീവ് ഫലം ലഭിച്ചെന്ന വാർത്ത നിഷേധിച്ച് അമിതാഭ് ബച്ചൻ
കോവിഡ് ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിൽ തനിക്ക് നെഗറ്റീവ് ഫലം ലഭിച്ചെന്ന വാർത്ത നിഷേധിച്ച് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. ബച്ചൻ രോഗമുക്തി നേടിയെന്നും ഉടൻ ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നിലവിൽ മുംബൈയിലെ നാനാവതി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് ബച്ചൻ. ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന വാർത്തകളെ വിമർശിക്കുകയും ചെയ്തു. “ഈ വാർത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും ശരിയല്ലാത്തതുമാണ്!!”ബച്ചൻ ട്വീറ്റ് ചെയ്തു
.. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU
— Amitabh Bachchan (@SrBachchan) July 23, 2020
ജൂലൈ 11 നാണ് അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിന് ശേഷം ഐശ്വര്യ റായ്, മകൾ ആര്യ ബച്ചൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബച്ചനെയും അഭിഷേകിനെയും 11ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിൽ ഐസൊലേഷനിലായിരുന്ന ഐശ്വര്യയെയും ആരാധ്യയെയും ആരോഗ്യനില വഷളായതിനെത്തുടർന്ന് ജൂലൈ 17നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയോട് ബച്ചൻ കുടുംബം നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വിവാദങ്ങളിലേക്ക് നയൻതാരയുടെ പേര് വലിച്ചിട്ടു; വനിത വിജയകുമാറിന് എതിരെ സൈബർ ആക്രമണം
നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. വനിതയും പീറ്ററും തമ്മിലുള്ള വിവാഹത്തിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതാണ് ആദ്യം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആ വിവാദങ്ങളിൽ നടി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനം വനിതയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്തർക്കങ്ങളിലേക്ക് പോവാൻ കാരണമാവുകയും ചെയ്തിരുന്നു.
Read more: വിവാഹത്തിനു പുറകെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരേ പരാതി നൽകി മുൻഭാര്യ
കഴിഞ്ഞ ദിവസം, ലൈവിൽ വനിത വിജയകുമാർ ലക്ഷ്മി രാമകൃഷ്ണനെ ചീത്തവിളിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി രാമകൃഷ്ണനെ ടാഗ് ചെയ്ത് കൊണ്ടുള്ള വനിതയുടെ ട്വീറ്റാണ് പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. നയൻതാരയും പ്രഭുദേവയേയും അനാവശ്യമായി വനിത വിവാദങ്ങളിലേക്ക് വലിച്ചിട്ടു കൊണ്ടുള്ളതാണ് വനിതയുടെ ട്വീറ്റ്.
“പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീയായിരുന്നില്ലേ? അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്കു മുന്നിലും സങ്കടം പറഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്നാണ്,” ട്വീറ്റിൽ ലക്ഷ്മിയെ ടാഗ് ചെയ്തുകൊണ്ട് വനിത വിജയകുമാർ ചോദിച്ചത്. ഈ ചോദ്യം നയൻതാര ആരാധകരെ ചൊടിപ്പിക്കുകയും ആരാധകർ ലക്ഷ്മിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
നയൻതാരയ്ക്ക് എതിരെ മോശം പരാമർശം നടത്തിയ വനിതയ്ക്ക് എതിരെ ആരാധകർ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെ താൽക്കാലികമായി ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് വനിത.
അമ്മയെ കാണാനെത്തി ലാല്‍; ഇനി പതിനാലു നാളത്തെ കാത്തിരിപ്പ്
കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ മാസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ അമ്മയ്ക്കരുകിലേക്ക് എത്തി. താരത്തിന്റെ തേവരയിലെ വീട്ടിലാണ് അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയുള്ളത്. ലോക്ക്ഡൌണ്‍ കാലത്ത് ചെന്നൈയില്‍ കുടുംബത്തോടൊപ്പമുണ്ടായിരുന്ന ലാല്‍, കഴിഞ്ഞ ദിവസമാണ് അമ്മയെ കാണാനായി കൊച്ചിയില്‍ എത്തിയത്.
എന്നാൽ അമ്മയെ കാണണമെങ്കിൽ 14 ദിവസം കൂടി ലാല്‍ കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ സർക്കാർ നിർദേശിച്ചതിനാൽ വീട്ടിലേക്ക് പോകാതെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് താരം. തന്റെ ഡ്രൈവർക്ക് ഒപ്പം കാറിലാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.
ജിത്തുജോസഫിന്റെ ‘റാമിന്റെ’ സെറ്റില്‍ നിന്ന് ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാനായി മോഹൻലാൽ ചെന്നൈയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ താരം ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ തങ്ങുകയായിരുന്നു. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇത്രയും നീണ്ടൊരു അവധിക്കാലം കുടുംബത്തോടൊപ്പം താരം ചെലവിടുന്നത് ഇതാദ്യമായാണ്.
വിവാദങ്ങളിലേയ്ക്ക് ഞങ്ങളെ വലിച്ചിഴക്കരുത്; ‘മായാനദി’, ‘ബിസ്മി സ്പെഷ്യൽ’ നിർമാതാക്കൾ
തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഫൈസൽ ഫരീദിന് മലയാളസിനിമയുമായി അടുത്ത ബന്ധമുണ്ടെന്നും അടുത്തിടെ ഇറങ്ങിയ നാലു പ്രമുഖ ചിത്രകളിൽ ഫൈസൽ പണമിറക്കിയതായും എൻഐഎ കണ്ടെത്തിയതായി മലയാളത്തിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഫൈസൽ ഫരീദ് നേരിട്ടല്ല, ബിനാമി പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പുറത്തുവന്ന വാർത്തകൾ. അതിൽ പ്രധാനമായും എടുത്തു പറഞ്ഞിരുന്നത് കമലിന്റെ ‘ആമി’, ആഷിഖ് അബുവിന്റെ ‘വൈറസ്’, ‘മായാനദി’, വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ കീഴിൽ സോഫിയ പോൾ നിർമ്മിക്കുന്ന’ബിസ്മി സെപ്ഷ്യൽ’ എന്നീ ചിത്രങ്ങളിൽ ഫൈസൽ ഫിറോസിന്റെ പണമുണ്ടെന്നായിരുന്നു.
എന്നാൽ ഈ പ്രശ്നങ്ങളിലേക്ക് ഞങ്ങളെ വലിച്ചിഴക്കരുതെന്നും തനിക്കല്ലാതെ മറ്റൊരു വ്യക്തിയ്ക്കും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളിത്തമില്ല എന്നും വിശദീകരിച്ച് രംഗത്തുവന്നിരിക്കുകയാണ് ‘ബിസ്മി സെപ്ഷ്യൽ’ നിർമാതാവ് സോഫിയ പോളും ‘മായാനദി’യുടെ നിർമാതാവായ സന്തോഷ് ടി കുരുവിളയും.
“കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ ‘ബിസ്മി സ്‌പെഷ്യൽ’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമർശിച്ച് വാർത്തകൾ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി മലയാള സിനിമാ നിർമ്മാണ രംഗത്തുള്ള വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദയവ് ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തമില്ല,” എന്നുമാണ് സോഫിയ പോൾ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ബാംഗ്ലൂർ ഡേയ്സ്, കാടു പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സോഫിയ പോൾ. നിവിൻ പോളി കേന്ദ്രകഥാപാത്രമായി ഒരുങ്ങുന്ന ‘ബിസ്മി സ്പെഷലി’ൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.
‘മായാനദി’ നിർമിക്കാൻ താൻ മറ്റാരുടെയും പണം സ്വീകരിച്ചിട്ടില്ല എന്നാണ് സന്തോഷ് പറയുന്നത്. “‘മായാനദി’ എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എന്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്, ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര-സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ നിക്ഷേപമായോ കൈപറ്റിയിട്ടില്ല.”
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ സന്തോഷ് ടി കുരുവിള ‘മായാനദി’ കൂടാതെ നീരാളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് സന്തോഷ് കുരുവിള. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആമി,മായാനദി തുടങ്ങിയ ചിത്രങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും സംവിധായകരായ ആഷിഖ് അബുവോ കമലോ ബന്ധപ്പെട്ട ആരും തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തിൽ ആദ്യം വരുന്ന പ്രതികരണമാണ് സന്തോഷ് കുരുവിളയുടേത്. സന്തോഷിന്റെ കുറിപ്പ് ആഷിഖും സമൂഹമാധ്യങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ബോഡി ഷേമിംഗിന് എതിരെ സമീറ, വീഡിയോ
സൗന്ദര്യപരിപാലന വിഷയങ്ങൾ ഏറെ ശ്രദ്ധ കൊടുക്കുന്നവരാണ് ഒട്ടുമിക്ക സെലബ്രിറ്റികളും. മേക്കപ്പില്ലാതെയും മുടി ഡൈ ചെയ്യാതെയുമൊക്കെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ പലരും മടിക്കാറുണ്ട്. തെന്നിന്ത്യൻ താരം സമീറ റെഡ്ഢി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുന്നത്. ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുകയാണ് സമീറ വീഡിയോയിൽ. നരച്ച മുടിയും മേയ്ക്കപ്പില്ലാത്ത മുഖവുമായെത്തിയാണ് സമീറ വിഷയം അവതരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിൽ നിന്നും തനിക്കു ലഭിച്ചൊരു സന്ദേശമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ പ്രേരണയെന്ന് സമീറ പറയുന്നു. “”ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു മെസേജ് അയച്ചു. പ്രസവശേഷം അവരെ കാണാൻ സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും എന്റെ ചിത്രങ്ങൾ അവരെ വിഷാദിയാക്കുന്നു എന്നും സന്ദേശത്തിൽ പറയുന്നുണ്ടായിരുന്നു. ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ഉറക്കമുണർന്ന രൂപത്തിൽ മേക്കപ്പ് ഇല്ലാതെ നിങ്ങൾക്ക് മുന്നിൽ വരാൻ ഞാൻ തീരുമാനിച്ചത്,” എന്ന ആമുഖത്തോടെയാണ് സമീറ വീഡിയോ പങ്കുവയ്ക്കുന്നത്.
” എന്നെ താരതമ്യം ചെയ്ത് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. അത്തരം താരതമ്യങ്ങൾ കേട്ടാണ് ഞാനും വളർന്നത്, മെലിഞ്ഞിരിക്കുന്ന എന്റെ കസിൻസുമായി എന്നെ താരതമ്യം ചെയ്യാറുണ്ടായിരുന്നു കുട്ടിക്കാലത്ത്. വളർന്നപ്പോൾ എപ്പോഴും സഹതാരങ്ങളുമായി താരതമ്യം ചെയ്യപ്പെടുന്ന സിനിമ ഇൻഡസ്ട്രിയിലാണ് ഞാനെത്തിയത്. സമൂഹം നിഷ്കർഷിക്കുന്ന അഴകളവുകൾ നിലനിർത്താനായി ഞാനും ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നിറം വർധിപ്പിക്കാൻ, കണ്ണുകൾ തിളങ്ങാൻ, അഴകളവുകൾ കൃത്യമായിരിക്കാൻ പാഡുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. അതൊടുവിലെന്നെ ബോറടിപ്പിക്കുകയാണ് ചെയ്തത്. എന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അഴകളവുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ടാണ് ബോഡി ഷേമിംഗിനെതിരെ പോരാടാൻ ഇന്ന് ഞാൻ കഠിനമായി പരിശ്രമിക്കുന്നത്.”
ശരീരഭാരത്തെ കുറിച്ച് ആകുലപ്പെടുന്നതിനേക്കാൾ സന്തോഷവതിയായി ഇരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സമീറ റെഡ്ഡി ആരാധകരോട് അഭ്യർത്ഥിച്ചു. അഴകിന്റെ അളവുകോലുകൾക്ക് പിറകെ പോയി ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ ആരോഗ്യവും സന്തോഷവും സംരക്ഷിക്കുകയാണ് വേണ്ടതെന്നും സമീറ വീഡിയോയിൽ പറയുന്നു. “മെലിയുക എന്നതല്ല പ്രധാനം, ആരോഗ്യത്തോടെ ഇരിക്കുന്നതിൽ ശ്രദ്ധിക്കുക. മാതൃത്വമെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. കുട്ടികളുടെ വളർച്ച ആസ്വദിക്കൂ. സന്തോഷത്തിൽ മനസ്സ് ഊന്നൂ. ശരീരഭാരം കുറക്കുന്നതിനെ കുറിച്ചൊക്കെയുള്ള ചിന്തകൾ പിന്നെയാവാം, ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്.” സമീറ പറയുന്നു.
‘ദൃശ്യം’ താരം റോഷൻ ബഷീർ വിവാഹിതനാവുന്നു
‘ദൃശ്യം’ എന്ന ചിത്രത്തിലെ കൗമാരക്കാരനായ വില്ലൻ വരുണിനെ അത്ര പെട്ടെന്ന് ആർക്കും മനസ്സിലാവില്ല. റോഷൻ ബഷീർ എന്ന നടനായിരുന്നു ദൃശ്യത്തിൽ വരുണായി എത്തിയത്. റോഷൻ ബഷീർ വിവാഹിതനാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫർസാനയാണ് വധു. ആഗസ്ത് അഞ്ചിനാണ് വിവാഹം.
എൽ എൽബി ബിരുദധാരിയാണ് ഫർസാന. വിവാഹം വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണെന്ന് റോഷൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫർസാനയെന്നും റോഷൻ പറയുന്നു.
നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. ഉപ്പയുടെ പാതയിൽ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.
കാർത്തിക്കും ജെസ്സിയും ജീവിതത്തിൽ ഒന്നിക്കുമോ? ചിമ്പുവും തൃഷയും വിവാഹിതരാവുന്നു എന്ന് റിപ്പോർട്ട്
പ്രശസ്ത തെന്നിന്ത്യൻ താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാവുന്നു എന്നു റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹവാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ചിമ്പുവോ തൃഷയോ ഔദ്യോഗികമായി ഇതുവരെ വാർത്ത സ്ഥിതീകരിച്ചിട്ടില്ല.
ഗൗതം മേനോന്റെ ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരജോഡികളാണ് ഇരുവരും. ചിത്രത്തിൽ കാർത്തിക്, ജെസ്സി എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ഈ താരങ്ങൾ ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്തയെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും നോക്കി കാണുന്നത്. ലോക്ക് ഡൗണിനിടെ ഗൌതം മേനോന്റെ ഒരു ഹ്രസ്വചിത്രത്തിലും ചിമ്പുവും തൃഷയും ഒന്നിച്ചഭിനയിച്ചിരുന്നു. ‘വിണ്ണൈത്താണ്ടി വരുവായ’യുടെ തുടർച്ചയായിരുന്നു ഈ ഹ്രസ്വചിത്രം.
മമ്മൂട്ടി ഡാര്‍ലിംഗ് എന്ന് വിളിക്കുന്ന നടി
മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി ഡാര്‍ലിംഗ് എന്ന് വിളിക്കുന്ന ഒരു നടിയുണ്ട് മലയാളത്തില്‍. മുത്തശി വേഷങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന സുബലക്ഷ്‌മിയാണത്. സൂപ്പര്‍ സ്റ്റാറുമായുള്ള ആ സ്നേഹക്കഥയും ആ വിളിക്ക് പിന്നിലെ സംഭവങ്ങളും സൗഹൃദവും അടുത്തിടെ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വിവരിക്കുകയുണ്ടായി.
“ഒരു ദിവസം ലൊക്കേഷനിൽ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ മമ്മൂട്ടി ചോദിച്ചു, ‘എന്താ ഒന്നും സംസാരിക്കാതെ മാറി ഇരിക്കുന്നത്?’ അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘നിങ്ങൾ വലിയ ദേഷ്യക്കാരനാണ്, അധികമാരോടും സംസാരിക്കില്ല, പെട്ടെന്ന് ദേഷ്യം വരും എന്നൊക്കെ എല്ലാവരും പറയുന്നു. അതാണ് പേടിച്ചിട്ട് ഞാൻ മിണ്ടാതിരുന്നത്.”
ആരു പറഞ്ഞു എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് അന്നു തന്നോട് അദ്ദേഹം വളരെ ഫ്രീയായി സംസാരിച്ചു എന്നും അപ്പോൾ താന്‍ മമ്മൂട്ടിയുടെ കട്ട ഫാനാണെന്ന കാര്യം തുറന്നു പറഞ്ഞതായും സുബ്ബലക്ഷ്മി ഓര്‍ത്തു.
“ഞാൻ നിങ്ങളുടെ ഒരു കടുത്ത ഫാനാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല, അത്രയും വലിയ ഫാനാണ്. സിനിമയിൽ ആരെങ്കിലും നിങ്ങളെ അടിക്കുകയോ വഴക്കു പറയുകയോ ചെയ്താൽ എനിക്ക് പിടിക്കൂല, നിങ്ങള് കഷ്ടപ്പെടുന്ന വേഷങ്ങൾ കണ്ടാൽ വിഷമം വരും.
അതു കേട്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി, ‘അയ്യോ…. എനിക്ക് ഇങ്ങനെയുമൊരു ഫാനുണ്ടോ? എന്നാൽ ഞാൻ ഡാർലിംഗ് എന്നേ വിളിക്കൂ, വിളിച്ചോട്ടെ?’ എന്നു ചോദിച്ചു. എന്തായാലും എന്തെങ്കിലും ഒരു പേരു വിളിക്കണമല്ലോ, എന്നാൽ അങ്ങനെ വിളിച്ചോളൂ, എന്നു ഞാനും പറഞ്ഞു. അന്നു മുതൽ എപ്പോൾ കണ്ടാലും സ്നേഹത്തോടെ ഡാർലിംഗ് എന്നേ വിളിക്കൂ.”
മമ്മൂട്ടി ആദ്യം ‘ഡാര്‍ലിംഗ്’ എന്ന് വിളിച്ചപ്പോൾ, അതു കേട്ടിട്ട് ഒരു ഭാവവ്യത്യാസവുമില്ലാതെ ആ പ്രായമൊക്കെ കഴിഞ്ഞു സാറേ എന്നാണ് മുത്തശ്ശി പറഞ്ഞത്. അതുകേട്ട് മമ്മൂട്ടി ചിരിച്ചുവത്രേ.
“ആ സെറ്റിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമുണ്ടായിരുന്നു, അദ്ദേഹം കുറേ പെൺകുട്ടികളുടെ നടുക്ക് ചിരിച്ചു സംസാരിച്ചുകൊണ്ട് ജോളിയായി ഇരിപ്പുണ്ടായിരുന്നു. അതു കണ്ട് മമ്മൂട്ടി പറഞ്ഞു, അവിടെ നോക്ക്…. പ്രായമാകാത്ത ഒരു കൊച്ചുപയ്യൻ അവിടെ രാധാകൃഷ്ണനായി ഇരിക്കുന്നത് കണ്ടോ, പ്രായമൊക്കെ മനസ്സിലാണ്.”
‘രാപ്പകല്‍’, ചട്ടമ്പിനാട് എന്ന ചിത്രങ്ങളിൽ മമ്മൂട്ടിയ്‌ക്കൊപ്പം സുബ്ബലക്ഷ്മി ഒന്നിച്ച് അഭിനയിച്ചിരുന്നു.
കങ്കണ എന്റെ സുഹൃത്തായിരുന്നു, ഈ പുതിയ കങ്കണയെ എനിക്കറിയില്ല: അനുരാഗ് കശ്യപ്
ചലച്ചിത്ര പ്രവർത്തകർ, സഹപ്രവർത്തകർ, സ്വജനപക്ഷപാതം എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകളോടെ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന നടി കങ്കണ റണാവത്തിനെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവച്ച് സംവിധായകൻ അനുരാഗ് കശ്യപ്.
“ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവർ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്ക് പോലുമോ അറിയില്ല. യാഥാർഥ്യം എന്തെന്നാൽ ഇന്ന് അവൾക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ല എന്നതാണ്,” അനുരാഗ് കശ്യപ് പറഞ്ഞു.
““ഞാൻ ഇന്നലെ കങ്കണയുടെ അഭിമുഖം കണ്ടു. അവൾ ഒരു കാലത്ത് എന്റെ ഒരു നല്ല സുഹൃത്തായിരുന്നു. എന്റെ സിനിമകളെ അവർ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷെ ഈ പുതിയ കങ്കണ എനിക്കറിയില്ല. മണികർണികയുടെ റിലീസിന് തൊട്ടുപിന്നാലെ വന്ന കങ്കണയുടെ ഈ ഭയപ്പെടുത്തുന്ന അഭിമുഖം ഞാൻ കണ്ടു.”
വിജയത്തിന്റെ ലഹരി എല്ലാവരേയും തുല്യമായി ബാധിക്കുമെന്നും എന്നാൽ എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ തനിക്ക് അറിയില്ലെന്നും 2015 ന് മുമ്പ് താൻ കങ്കണയിൽ നിന്ന് ഇതൊന്നും കേട്ടിട്ടില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.
“തന്റെ എല്ലാ സംവിധായകരെയും അപമാനിക്കുന്നയാൾ, എഡിറ്റിലിരുന്ന് എല്ലാ സഹതാരങ്ങളുടെയും വേഷങ്ങൾ വെട്ടിക്കുറയ്ക്കുന്നയാൾ. കങ്കണയെ അഭിനന്ദിക്കുന്ന അവളുടെ പഴയ സംവിധായകരിൽ ആരും തന്നെ ഇപ്പോൾ അവൾക്കൊപ്പം ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. മറ്റുള്ളവരെ അടിച്ചമർത്താനുള്ള കരുത്താണ് കങ്കണ നേടിയിരിക്കുന്നത്.”
“എന്താണ് സ്വയം ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതിന് പകരം, തലയിൽ കയറ്റി വയ്ക്കുന്നതിലൂടെ നിങ്ങൾ അവളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എനിക്ക് കൂടുതലൊന്നും പറയാനില്ല. അവൾ എന്താണ് ചെയ്യുന്നത്? അവൾ വിഡ്ഢിത്തമാണ് സംസാരിക്കുന്നത്. എല്ലാം ഇവിടെ അവസാനിക്കും. ഞാൻ അവളെ വളരെയധികം ആരാധിച്ചിരുന്ന ഒരാൾ ആയതുകൊണ്ട് തന്നെ ഈ കങ്കണയെ എനിക്ക് സഹിക്കാൻ കഴിയില്ല. മറ്റുള്ളവർക്ക് സംസാരിക്കുകയോ നിശബ്ദത പാലിക്കുകയോ ചെയ്യാം …”
സൂഫിയുടെ വാങ്കിന് ശബ്ദം പകർന്ന ഗായകൻ
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ സുജാതയേയും ആ നാട്ടുകാരെയും സിനിമ കണ്ട പ്രേക്ഷകരെയുമെല്ലാം ഒരുപോലെ മോഹിപ്പിച്ച ഏറെ ആകർഷണീയമായ ഒരു വാങ്ക്/ബാങ്ക് വിളിയുണ്ട്. സിനിമയിൽ ആ വാങ്കിന് ജീവൻ കൊടുത്തത് സൂഫിയാണെങ്കിൽ, അണിയറയിൽ അതിനു പിന്നിൽ പ്രവർത്തിച്ചത് സിയ ഉൽ ഹഖ് എന്ന ഗായകനാണ്.
ആ വാങ്ക് വിളി തന്നെ തേടിയെത്തിയതെങ്ങനെയെന്ന് പറയുകയാണ് സിയ. “വാതിക്കൽ വെള്ളരിപ്രാവ് എന്ന പാട്ടിലെ ഞാൻ പാടിയ ഭാഗം എടുത്തതിനു ശേഷം ജയചന്ദ്രൻ സർ ആണ് എന്നോട് ചോദിക്കുന്നത്, സിയ ബാങ്ക് കൊടുക്കുമോ? ഞാനിതു വരെ ബാങ്ക് കൊടുത്തിട്ടൊന്നുമില്ല. എന്നാലും ശ്രമിക്കാമെന്നു പറഞ്ഞു. പിന്നെ, അറബി ഗാനങ്ങൾ കൈകാര്യം ചെയ്യാറുള്ളതുകൊണ്ട് ഒരു ധൈര്യമുണ്ടായിരുന്നു. ഏറ്റവും സുന്ദരമായ ബാങ്കുകളുടെ റഫറൻസ് സംവിധായകൻ ഷാനവാസ് ഇക്ക തന്നു. മസ്ജിദ് അൽ അക്സ ജറുസലേമിൽ ഇപ്പോഴും കൊടുക്കുന്ന ഇമ്പമേറിയ ബാങ്കിന്റെ കുറെ റഫറൻസ്! അങ്ങനെ ചെയ്തു. എല്ലാവർക്കും ഇഷ്ടമായി. ജാതിമതഭേദമന്യേ എല്ലാവരും ആ ബാങ്ക് ഏറ്റെടുത്തു. അതിൽപ്പരം സന്തോഷം ഒരു കലാകാരന് ഉണ്ടാകുമോ.” മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് സിയ വാങ്കിനു പിന്നിലെ കഥ പറഞ്ഞത്.
സംഗീതകുടുംബത്തിൽ നിന്നുമാണ് സിയയുടെ വരവ്. ഹാർമോണിസ്റ്റായ തോപ്പിൽ മൂസയുടെയും ഗായികയായ ശോഭയുടെയും മകനായ സിയയ്ക്ക് ഹസ്രത്ത് എന്ന പേരിൽ ഒരു ഖവാലി ഗ്രൂപ്പുമുണ്ട്.
നടൻ അർജുൻ സർജയുടെ മകൾ ഐശ്വര്യയ്ക്ക് കോവിഡ്
ബംഗലൂരു: പ്രശസ്‌ത തെന്നിന്ത്യൻ അർജുൻ സർജയുടെ മകളും കന്നഡ നടിയുമായ ഐശ്വര്യ അർജുന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയിൽ തനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അറിയിച്ചു. അടുത്തിടെ താനുമായി ഇടപഴകിയ എല്ലാവരോടും കോവിഡ് പരിശോധന നടത്താൻ ഐശ്വര്യ ആവശ്യപ്പെട്ടു.
“ഞാൻ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ഒരു പ്രൊഫഷണൽ മെഡിക്കൽ ടീം ഇതിനായുള്ള മാർഗങ്ങനിർദേശങ്ങൾ തന്നിരുന്നു. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ടിരിക്കുന്ന ഏതൊരാളും ദയവായി ശ്രദ്ധിക്കുക,” ഐശ്വര്യയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു.
കുടുംബാംഗങ്ങളുടെ ചുവടുപിടിച്ച് 2013 ൽ പട്ടതു യാനായ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പ്രേമ ബരാഹ (2018) എന്ന കന്നഡ ചിത്രത്തിവും അഭിനയിച്ചിരുന്നു.
സൂപ്പർതാര പരിവേഷമുള്ള ഈ തെന്നിന്ത്യൻ നായികയെ മനസ്സിലായോ?
താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എപ്പോഴും ആവേശമാണ്. തെന്നിന്ത്യൻ താരറാണി നയൻതാരയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കൈവരുന്നത്. അമ്മയുടെ കയ്യിലിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.

ഷാനു നസ്രിയയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന ഫോട്ടോ
മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടു പേർ. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇവർ ആരാധകരുമായും പങ്കിടാറുണ്ട്. നടനും, ഫഹദിന്റെ സഹോദരനുമായ ഫർഫാൻ ഫാസിലും ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട ഷാനുവിന്റേയും നസ്രിയയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി നസ്രിയയുടെ ഫോട്ടോ എടുക്കുന്ന ഫഹദിന്റേയും ഫഹദിന് വേണ്ടി പോസ് ചെയ്യുന്ന നസ്രിയയുടേയും ഒരു ചിത്രമാണ് ഫർഹാൻ പങ്കുവച്ചിരിക്കുന്നത്. നസ്രിയയ്‌ക്കൊപ്പം പതിവുപോലെ പ്രിയപ്പെട്ട വളർത്തു നായ ഓറിയോയും ഉണ്ടായിരുന്നു.
“ഇത് ഷാനു നസ്രിയയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന ഫോട്ടോയുടെ ഫോട്ടോയാണ്,” എന്ന തമാശ നിറഞ്ഞ അടിക്കുറിപ്പോടെയാണ് ഫർഹാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഞാൻ ലെനിൻ, മമ്മൂക്ക സ്റ്റാലിൻ; ചിത്രം പങ്കുവച്ച് വിനയ് ഫോർട്ട്
സോഷ്യൽ മീഡിയയിൽ ചില ‘ചായകാച്ചൽ’ ചിത്രങ്ങൾ എന്നു പറഞ്ഞുകൊണ്ട് ഫോട്ടോ ഷോപ്പ് വഴിയും മറ്റ് ആപ്പുകൾ വഴിയും എഡിറ്റ് ചെയ്ത രസകരമായ ചിത്രങ്ങൾ ആളുകൾ പങ്കുവയ്ക്കാറുണ്ട്. സിനിമാ താരങ്ങളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
ഇന്ന് നടൻ വിനയ് ഫോർട്ട് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. സോവിയറ്റ് യൂണിയൻ വിപ്ലവകാരികളായ വ്ലാഡമിർ ലെനിന്റേയും ജോസഫ് സ്റ്റാലിന്റേയും ചിത്രങ്ങൾ എഡിറ്റ് ചെയ്ത്, ലെനിന്റെ തലയ്ക്ക് പകരം തന്റെ തലയും സ്റ്റാലിന്റെ തലയ്ക്ക് പകരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ തലയുമാണ് വിനയ് ഫോർട്ട് നൽകിയിരിക്കുന്നത്. കൂടെ ലെനിനും സ്റ്റാലിനും ഒരുമിച്ചിരിക്കുന്ന യഥാർഥ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ലെനിന്റേയും സ്റ്റാലിന്റേയും ജീവിതം പശ്ചാത്തലമായി സിനിമ ഇറങ്ങുന്നുണ്ടോ എന്നോ, ഇരുവരും അതിൽ അഭിനയിക്കുന്നുണ്ടോ എന്നൊന്നും വ്യക്തമല്ല.
കേരളം മുതൽ കൊറിയവരെ, പനമ്പിള്ളിയിൽ നിന്നും പോളണ്ടിലേക്ക്; എല്ലാ യാത്രകളുടെയും സൂത്രധാരൻ
സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. സഹോദരി പ്രിയയുടെ ഭർത്താവ് നിഹാൽ പിള്ളയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് ചിത്രമായ ‘മെമ്മറീസ്’ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് നിഹാല്‍.
“ഒരു കുടുംബമെന്ന നിലയിൽ ലഭിച്ച അവിസ്മരണീയമായ എല്ലാ നിമിഷങ്ങൾക്കും ഞാൻ നിന്നോട് നന്ദി പറയുന്നു! നീയാണ് ഏറ്റവും മികച്ചത്, നീ ഞങ്ങളിൽ നിന്നും എപ്പോഴും മികച്ചത് പുറത്തെടുക്കുന്നു. കേരളം മുതൽ കൊറിയ വരെ, പനമ്പിള്ളി മുതൽ പോളണ്ട് വരെ, ഹമ്പൻ ടോട്ട ടു ഹുവാഹിൻ വരെ…. നമുക്ക് ക്രേസിനസ് തുടരാം, ഓർമകൾ സൃഷ്ടിക്കാം, ഭക്ഷണണവും വിനോദവും തേടിയുള്ള യാത്രകൾ തുടരാം… ജന്മദിനാശംസകൾ സഹോദരാ…” എന്നാണ് പൂർണിമ കുറിക്കുന്നത്.
കൃഷിയിൽ മുഴുകി സൽമാൻ ഖാൻ; വീഡിയോ
ലോക്ക്‌ഡൗൺ കാലത്ത് പനവേലിലെ തന്റെ ഫാം ഹൗസിൽ സമയം ചെലവഴിക്കുകയാണ് സൽമാൻ ഖാൻ. മാർച്ച് അവസാനവാരം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതു മുതൽ പനവേലിലെ ഫാം ഹൗസിലാണ് സൽമാൻ. ഫാം ഹൗസിൽ നിന്നുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സൽമാൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കൃഷിയിടത്തിൽ ട്രാക്‌ടർ ഓടിക്കുന്ന സൽമാൻ ഖാന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ലബോർഗിനിയും തലൈവരും മാസ്കും; ചിത്രങ്ങൾ വൈറൽ
കോവിഡ് കാലത്ത് മാസ്ക് അണിഞ്ഞ് തന്റെ ലബോർഗിനിയിൽ പോവുന്ന രജനീകാന്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിനും മാസ്ക് അണിഞ്ഞതിനും താരത്തെ അഭിനന്ദിക്കുകയാണ് ആരാധകർ.
മകൾ സൗന്ദര്യയ്ക്കും മരുമകനും പേരക്കുട്ടിയ്ക്കുമൊപ്പം നിൽക്കുന്ന രജനീകാന്തിന്റെ മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Thalaivar #Superstar @rajinikanth with his daughter @soundaryaarajni family. The #Lamborghini #Urus model car seen in the picture is the car which Thalaivar drove (The pic we saw yesterday). Very happy to see #Thalaivar smiling and happy. #ThalaivarForLife
#Rajinikanth #RBSI pic.twitter.com/mCtMSSmomH— RBSI RAJINI FAN PAGE (@RBSIRAJINI) July 21, 2020
ലോക്ക്‌ഡൗൺ കാലം കുടുംബത്തിനൊപ്പം പോയസ് ഗാർഡനിലെ വീട്ടിൽ ചെലവഴിക്കുകയാണ് തമിഴകത്തിന്റെ സ്വന്തം തലൈവർ.
താടിയുള്ള അപ്പനെയെ പേടിയുള്ളൂ; ഇസുവിനെ ‘പേടിപ്പിക്കാൻ’ ചാക്കോച്ചന്റെ പുതിയ ലുക്ക്
മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്.
ചാക്കോച്ചൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. “താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു, എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്നു വിചാരിച്ചു,” എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
പെൺകുഞ്ഞാണ്, അമ്മയ്ക്കും മകൾക്കും സുഖം: അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാർത്ഥ് ഭരതൻ
കൊച്ചി: നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന് പെൺകുഞ്ഞ് ജനിച്ചു. സിദ്ധാർത്ഥ് തന്നെയാണ് ഈ വാർത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ജനിച്ചത് പെൺകുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സിദ്ധാർത്ഥ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
It’s a baby girl ..both the mother and child are safe and sound
Posted by Sidharth Bharathan on Wednesday, 22 July 2020
2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം.
ഇതുപോലൊരു ഭാര്യയെ എല്ലാവർക്കും കിട്ടണമെന്നില്ല; ആനിക്ക് ആശംസകളുമായി ഷാജി കൈലാസ്
ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. ഇന്ന് ആനിയുടെ ജന്മദിനമാണ്. പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് ഷാജി കൈലാസ്.
“തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതും എന്നെ സങ്കടപ്പെടുത്തുന്നതും എന്താണെന്ന് അവൾക്കറിയാം. എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവൾ എന്നോടൊപ്പം ഉണ്ട് …
നിന്നോടുള്ള എന്റെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ഒരു ആശംസ മാത്രം പോരാ …. എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ,” ഷാജി കൈലാസ് കുറിച്ചു.
കോവിലിൽ പുലർ വേളയിൽ, ശാലീനസുന്ദരിയായി അനശ്വര രാജൻ; ചിത്രങ്ങൾ
‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകർന്ന നടി. അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ‘കോവിലിൽ പുലർ വേളയിൽ..’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ പട്ടുപാവാടയണിഞ്ഞ് നാടൻ ലുക്കിലാണ് അനശ്വര. ഒരു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം.
View this post on Instagram
@varun_aduthila_photography Got this beautiful Neck piece from @thegoldengoose5
മത്സ്യകന്യക പോലെ; കലക്കൻ ചിത്രങ്ങളുമായി ഗായിക അഭയ ഹിരൺമയി
ക്വാറന്റെയിൻ കാലത്തെ വിരസതയകറ്റാനുള്ള പെടാപാടിലാണ് എല്ലാവരും. പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊന്നും കാണാതെയിരിക്കുന്ന ക്വാറന്റെയിൻ കാലത്ത് സമൂഹമാധ്യമങ്ങളാണ് പലർക്കും ഒരാശ്വാസം. ഗായിക അഭയ ഹിരൺമയി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. റെഡും പിങ്കും കലർന്ന അതിമനോഹരമായൊരു ഗൗണാണ് അഭയ ധരിച്ചിരിക്കുന്നത്.
വീട്ടിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തി സായ് പല്ലവി
ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. വീട്ടുവിശേഷങ്ങൾക്കൊപ്പമാണ് സായ് തന്റെ സമയം ചെലവഴിക്കുന്നത്. ഇക്കുറി വീട്ടിൽ പുതിയ ചില അതിഥികൾ എത്തിയപ്പോൾ അവരെ പരിചയപ്പെടുത്താൻ സായ് പല്ലവി സോഷ്യൽ മീഡിയയിലേക്കൊന്ന് വന്ന് പോയി.
വീട്ടിൽ പുതുതായി എത്തിയ മുയൽ കുഞ്ഞുങ്ങളെയാണ് താരം ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. ഞങ്ങൾക്ക് ഇന്ന് സന്ദർശകരുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സായ് പല്ലവി ചിത്രം പങ്കുവച്ചിരിക്കുന്നത്.
അവരിന്ന് എന്റെ കൂടെയില്ല; വളക്കാപ്പ് ഓർമകളിൽ രമ്യ കൃഷ്ണൻ
രമ്യ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വളക്കാപ്പ് ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ.
View this post on Instagram
One more pic from my vallaikaapu function….picture courtesy my mom….right behind meee….
ഫോട്ടോയുടെ പശ്ചാത്തലത്തിൽ ക്യാമറയും കയ്യിലേന്തി നിൽക്കുന്നത് അമ്മയാണെന്നും രമ്യ കുറിക്കുന്നു.
പെരിയമ്മമാർക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. രണ്ടുപേരും ഇപ്പോൾ ജീവനോടെ ഈ ഭൂമിയിൽ ഇല്ലെന്ന സങ്കടവും ചിത്രത്തിനൊപ്പം രമ്യ പങ്കുവയ്ക്കുന്നുണ്ട്.
ഈ പ്ലസ്‌ടുക്കാരി പിന്നീട് മമ്മൂട്ടിയുടെ നായികയായി; ശേഷം സൂപ്പർ സ്റ്റാറും
ബോളിവുഡിന്റെ സൂപ്പർ താരം താപ്സി പന്നു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. തന്റെ പ്ലസ് ടു കാലത്തെ ഒരു ചിത്രമാണ് താപ്സി പങ്കുച്ചിരിക്കുന്നത്. കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ട്.
യൂണിഫോം ധരിച്ച്, ചുരുണ്ട മുടി വലിച്ച് കെട്ടി, ജീവിത്തിലെ ഏറ്റവും വലിയ ലക്ഷ്യമായ ബാഡ്ജും യൂണിഫോമിൽ കുത്തി, വർഷങ്ങൾക്ക് ശേഷം ഓർക്കാനും പങ്കവയ്ക്കാനും അമൂല്യമായ ഓർമകൾ സമ്മാനിച്ച സുഹൃത്തുക്കളും എന്ന് പറഞ്ഞുകൊണ്ടാണ് താപ്സി ചിത്രം പങ്കവച്ചിരിക്കുന്നത്.
ഇവർക്ക് കർഷകശ്രീ അവാർഡ് കൊടുക്കണം; അഹാനയുടെ റംബൂട്ടാൻ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാർ
സോഷ്യൽ മീഡിയയിലെ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ടിക്ടോക് വീഡിയോകളും യൂട്യൂബ് വീഡിയോകളും ഇൻസ്റ്റഗ്രാം ഫോട്ടോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് കൃഷ്ണകുമാറും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ. വീട്ടിലെ റംബൂട്ടാൻ വിശേഷങ്ങൾ പങ്കുവച്ച് കൊണ്ട് കുറച്ചുദിവസങ്ങൾക്കു മുൻപ് അഹാന ഒരു തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
അഹാനയുടെ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. “ഇവർക്ക് ഒരു കർഷക ശ്രീ അവാർഡ് കൊടുക്കേണ്ടി വരും,” എന്നാണ് ട്രോളുകളുടെ ഉള്ളടക്കം.
വീട്ടിലെ റംബൂട്ടാൻ മരങ്ങൾക്കും മറ്റു ഫലവൃക്ഷങ്ങൾക്കുമെല്ലാം പിറകിൽ അച്ഛൻ കൃഷ്ണകുമാറിന്റെ അധ്വാനമാണെന്നും തങ്ങളെ നോക്കുന്ന അത്രയും ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയുമാണ് കൃഷ്ണകുമാർ ചെടികളെയും പരിചരിക്കുന്നത് എന്നും അഹാന വീഡിയോയിൽ പറഞ്ഞിരുന്നു. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കിയാൽ റംബൂട്ടാൻ കടയിൽ നിന്നും വാങ്ങിക്കുന്നത് മുതലാവില്ല, അതു മുൻകൂട്ടികണ്ടാവും അച്ഛൻ റംബൂട്ടാൻ മരങ്ങൾ ധാരാളമായി വെച്ചുപിടിപ്പിച്ചതെന്നും അഹാന പറയുന്നു.
എന്നാൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന കൃഷ്ണകുമാറിനെയും കുടുംബത്തെയും അനുമോദിച്ചുള്ള കമന്റുകളും ട്രോളുകൾക്ക് താഴെ കുന്നുകൂടുകയാണ്. ‘ട്രോളുകയല്ല മാതൃകയാക്കണം ഈ കുടുംബത്തെ,” എന്നാണ് നല്ലൊരുശതമാനം ആളുകളും കമന്റ് ചെയ്യുന്നത്.
സ്റ്റൈലിഷ് ചിത്രങ്ങളുമായി രഞ്ജിനി ജോസ്
ചലച്ചിത്ര പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് ഗാനം ആലപിച്ചിട്ടുള്ള രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.