ബാഹുബലിയുടെ ആദ്യഭാഗത്തേക്കാൾ ശക്തമായിരിക്കും ബാഹുബലി 2. പറയുന്നത് മറ്റാരുമല്ല ബല്ലാല ദേവനായെത്തിയ റാണ ദഗുബട്ടിയാണ്.

“വളരെ ശക്തവും വലുതുമായ ചിത്രമായിരിക്കും ബാഹുബലി 2. നാല് വർഷം നീണ്ടു നിൽക്കുന്ന യാത്രയാണ് ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾ. ഈ നാല് വർഷമായി രാജമൗലിയെ അറിയാം. ഒരു കുടുംബമെന്ന തോന്നലാണ് അദ്ദേഹം നൽകിയത്. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ സാധിച്ചുവെന്ന് റാണ ദഗുബട്ടി” പിടിഐയോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സിനിമയാണ് തങ്ങൾ നിർമ്മിക്കുന്നതെന്ന് ബാഹുബലിയുടെ ചിത്രീകരണ സമയത്ത് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്‌ച വച്ചിരിക്കുന്നത്- റാണ ദഗുബട്ടിയുടെ വാക്കുകൾ.

ranadaggubat , baahubali

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ നമുക്ക് പരിചിതമായ താരമാണ് റാണ ദഗുബട്ടി. എസ്.എസ് രാജമൗലി ചിത്രത്തിൽ ബാഹുബലിയോളം തന്നെ ശക്തമായ സാന്നിധ്യമാണ് റാണ ദഗുബട്ടിയുടെ ബല്ലാലദേവയും. ഇന്ത്യൻ സിനിമയിൽ തന്നെ വ്യക്തമായ സാന്നിധ്യമാണ് റാണ ദഗുബട്ടിക്ക് ബാഹുബലി നേടി കൊടുത്തത്. 2010 ൽ പുറത്തിറങ്ങിയ ലീഡറാണ് (തെലുങ്ക് ) റാണ ദഗുബട്ടിയുടെ ആദ്യ ചിത്രം. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമാണ് റാണ ദഗുബട്ടി.

അതേസമയം പ്രേക്ഷകർ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം വരവിനായി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യം ഉയർത്തിയാണ് ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. ഏപ്രിലിൽ ബാഹുബലി ദി കൺക്ളൂഷൻ തിയറ്ററിലെത്തും.

പ്രതീക്ഷകൾ കൂട്ടി കൊണ്ട് ബാഹുബലി ദി കൺക്ളൂഷന്റെ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. വാളേന്തി നിൽക്കുന്ന ബാഹുബലി(പ്രഭാസ്)യുടെയും കൈയ്യിൽ ഗദയേന്തിയ ബല്ലാലദേവയുടെയും പോസ്റ്ററുകളാണ് ആദ്യം പുറത്തിറങ്ങിയത്. വില്ല് കുലച്ച് നിൽക്കുന്ന ബാഹുബലിയും ദേവസേന(അനുഷ്‌ക ഷെട്ടി)യുടെയും പോസ്റ്റർ ബാഹുബലി ടീം പുറത്ത് വിട്ടിരുന്നു.

Bahubali the Conclusion

ബാഹുബലി ദി കണക്ളൂഷൻ കൂടുതൽ പ്രണയ സാന്ദ്രവും ആക്ഷൻ നിറഞ്ഞതുമായിരിക്കുമെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.

പ്രഭാസ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ് തുടങ്ങിയവരാണ് ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമയിലെ തന്നെ വിസ്‌മയങ്ങളിലൊന്നാണ് ബാഹുബലി.

ഗാസി അറ്റാക്കാണ് റാണ ദഗുബട്ടിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. യുദ്ധത്തെ ആസ്‌പദമാക്കിയുള്ള ഈ ചിത്രം വെള്ളിയാഴ്‌ച തിയറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ