സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നത് പൃഥ്വിരാജാണന്ന ഭാര്യ സുപ്രിയയുടെ പ്രതികരണത്തിന് ട്രോളുകളുടെ പെരുമഴയായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പുതിയൊരു ഫെയ്സ്ബുക്ക് പോസ്റ്റും ട്രോളന്മാർ ആഘോഷിക്കുകയാണ്. പുതിയ ചിത്രമായ ടിയാന്റെ ചിത്രീകരണത്തിന് ശേഷം പൃഥി ഇട്ട ഒരു പോസ്റ്റാണ് ട്രോളന്മാർ ഏറ്റെടുത്തത്.
ടിയാൻ സിനിമ പൂർത്തിയാക്കിയ ശേഷം പൃഥി അതിനെ കുറിച്ചൊരു പോസ്റ്റിട്ടു. ഒന്നൊന്നര ഇംഗ്ളീഷിലായിരുന്നു പോസ്റ്റ്. അല്പം ഇമോഷണലുമാണ് പോസ്റ്റ്. ആ സിനിമയിലെ കഥാപാത്രം വിട്ടുപോവുന്നില്ലെന്നും തനിക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതും സങ്കീർണവുമാണ് അസ്‌ലൻ എന്ന് പൃഥിരാജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകരും കമന്റിട്ടു.
ഇംഗ്ളീഷിലുള്ള ഈ പോസ്റ്റ് ദഹിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് മിക്ക ആരാധകരും പ്രതികരിച്ചിരിക്കുന്നത്. ഇത് വായിക്കാൻ ഡിക്‌ഷണറി വേണമെന്നും പടം കഴിഞ്ഞെന്ന സിംപിളായി പറഞ്ഞാൽ പോരേ എന്നുമാണ് ആരാധകരുടെ കമന്റുകൾ.
പൃഥി എന്ത് പോസ്റ്റ് ഇട്ടാലും അതിന്റെ ഭാഷയെ പറ്റിയുള്ള ചർച്ചകൾ എല്ലാക്കാലത്തും ഫെയ്സ്ബുക്കിൽ നടക്കാറുണ്ട്. കഴിഞ്ഞ തവണ ഒരു പോസ്റ്റ് ഇട്ടപ്പോൾ അതിനെ ഹാസ്യാത്മകമായി തർജമ ചെയ്ത് കൊണ്ടും കമന്റുകൾ വന്നിരുന്നു.