മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന് വേലൈക്കാരനെന്ന് പേരിട്ടു. ഫഹദിന്റെ ആദ്യ തമിഴ് ചിത്രമാണിത്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലനായാണ് ഫഹദ് എത്തുന്നത്.

തനി ഒരുവൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരൻ. ശിവകാർത്തികേയനാണ് ചിത്രത്തില നായകൻ. 24 എംഎം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ മെയ് ഒന്നിന് പുറത്തിറങ്ങും.

ഫഹദിന്റെയും ശിവകാർത്തികേയന്റെയും കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എങ്കിലും തുല്യ പ്രധാന്യമുളള വേഷങ്ങളിലായിരിക്കും നായകനും പ്രതിനായകനും എത്തുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നയൻതാരയാണ് നായികയായെത്തുന്നത്. യുവതാരങ്ങളിൽ ശ്രദ്ധേയനായ ശിവകാർത്തികേയനും നയൻതാരയും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് വേലൈക്കാരന്.

1987ൽ വേലൈക്കാരനെന്ന പേരിൽ ഒരരു ചിത്രം തമിഴിൽ ഇറങ്ങിയിരുന്നു. നായകനായെത്തിയത് രജനികാന്തായിരുന്നു. രജനികാന്തിന്റെ കടുത്ത ആരാധകനായ ശിവകാർത്തികേയൻ അദ്ദേഹം പണ്ട് അഭിനയിച്ച ഒരു ചിത്രത്തിന്റെ അതേ പേരിലുളള സിനിമയിലഭിക്കുന്നത് ആകാംഷയോടെയാണ് സിനിമാലോകം നോക്കി കാണുന്നത്. പ്രകാശ് രാജ്, ആർ.ജെ.ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ