‘ബ്യൂട്ടിഫുള്‍’, ‘ട്രിവാന്‍ഡ്രം ലോഡ്ജ്’, മലയാളത്തിലെ നവതരംഗ ചിത്രങ്ങളുടെ ഒഴുക്കിനിടയില്‍ സ്വന്തമായ പാതയില്‍ ഒഴുകിയ രണ്ട് ചിത്രങ്ങള്‍. രണ്ടിന്റേയും രചന നിര്‍വ്വഹിച്ചത് നടന്‍ അനൂപ് മേനോനായിരുന്നു. സുരേഷ് ഗോപി നായകനായെത്തിയ ‘ഡോള്‍ഫിന്‍ ബാറാ’യിരുന്നു അനൂപിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. നാലു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ വീണ്ടുമൊരു ചിത്രവുമായെത്തുകയാണ്. നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങളാ’ണ് അനൂപിന്റെ തിരക്കഥയില്‍ എത്തുന്ന പുതിയ ചിത്രം. നായകനാകുന്നതും അനൂപ് തന്നെയാണ്.

പ്രണയവും സൗഹൃദവും വിവാഹവുമെല്ലാം മലയാള സിനിമയില്‍ പല കാലങ്ങളില്‍, പല തവണയായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന് അനൂപ് ഉറപ്പിച്ചു പറയുന്നു. പ്രണയത്തെക്കുറിച്ചല്ല, പ്രണയത്തിനും അപ്പുറത്ത് നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ഇടത്തിലേക്കാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ വെളിച്ചം വീശുന്നത് എന്ന് അനൂപ്.

“നമ്മളെല്ലാം കണ്ടിട്ടുള്ളത് സൗഹൃദം പ്രണയമായി മാറുന്നതാണ്. എന്നാല്‍ പ്രണയത്തിന് അപ്പുറത്ത് സൗഹൃദത്തിന്റെ ഒരു ഇടമുണ്ട്. ഒരുപക്ഷെ പ്രണയത്തിന്റെ അള്‍ട്ടിമേറ്റ് റിസള്‍ട്ട് തന്നെ ആ സൗഹൃദമാകാം. അത് കണ്ടെത്താനുള്ള ശ്രമമാണ് ഈ ചിത്രം.”

രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലായിരിക്കുമ്പോള്‍ത്തന്നെ സൗഹൃദത്തിലേക്ക് എത്തുന്നത് എങ്ങനെയാണെന്നും വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പു തന്നെ പ്രണയം ഒരു നല്ല സൗഹൃദം കൂടിയാവേണ്ടതിന്റെ ആവശ്യകത എന്താണെന്നുമൊക്കെ എടുത്തു കാട്ടാനാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് അനൂപ് പറയുന്നു. എന്നാല്‍ ചിത്രം പ്രണയവും സൗഹൃദവും തമ്മിലുള്ള സംഘര്‍ഷമല്ലെന്നും പ്രണയവും സൗഹൃദവും ഒന്നു തന്നെയാണെന്നും പറഞ്ഞു വെക്കാനുള്ള ശ്രമമെന്നോ പ്രണയാര്‍ദ്രമായ സൗഹൃദത്തിന്റെ ഇടമെന്നോ തന്റെ സിനിമയെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അനൂപ് കൂടിചെര്‍ക്കുന്നു.

പ്രശസ്തനായ ഒരു ഷെഫ് ആണ് ചിത്രത്തില്‍ അനൂപിന്റെ കഥാപാത്രം. സ്വന്തമായൊരു റസ്റ്റോറന്റ് എന്ന തന്റെ ആഗ്രഹത്തിന് പിന്നാലെ പോകുന്ന സമയത്ത് അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മെഴുകുതിരി നിര്‍മ്മാതാവാണ് നായിക മിയയുടെ കഥാപാത്രമായ അഞ്ജലി. അവരുടെ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയുടേയും അസാധാരണമായ ബന്ധത്തിന്റെയും കഥയാണ് സിനിമ. ഇന്നത്തെ ഏതൊരു കാമുകനും കാമുകിയും, അല്ലെങ്കില്‍ ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ കടന്നു പോകുന്ന, ആഗ്രഹിക്കുന്ന ചില സാഹചര്യങ്ങളിലൂടെയുള്ള അവരുടെ യാത്രയെ വരച്ചിടാനുള്ള ശ്രമമായിരിക്കും മെഴുതിരി അത്താഴങ്ങളെന്ന് അദ്ദേഹം പറയുന്നു.

 

സ്വതന്ത്ര്യരായ, വ്യത്യസ്തമായ ജീവിതക്കാഴ്ച്ചപ്പാടുകളുള്ള രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടുകയും അടുക്കുകയും ചെയ്യുമ്പോള്‍ അവിടെ പ്രണയവും മതവും രാഷ്ട്രീയവുമെല്ലാം അവിടെ അവിചാരിതമായി തന്നെ കടന്നുവരും. അനൂപ് ചിത്രത്തിലേക്ക് മിയ വരുന്നതും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.

”വളരെ അവിചാരിതമായാണ് ചിത്രത്തിലേക്ക് മിയ എത്തുന്നത്. ഒരുപാട് പേരെ നായികയായി ആലോചിച്ചെങ്കിലും ഒന്നും ശരിയായില്ല. അങ്ങനിയിരിക്കെ ഒരു ദിവസം ഒരു വിദേശ യാത്ര കഴിഞ്ഞ് കൊച്ചിന്‍ എയര്‍പോട്ടില്‍ ബാഗ് എടുക്കാനായി നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഒരാള്‍ വന്നെന്റെ തോളില്‍ തട്ടി. തിരിഞ്ഞു നോക്കിയപ്പോള്‍ മനസില്‍ കൊണ്ടു നടന്നിരുന്ന അഞ്ജലിയെയാണ് കണ്ടത്. പിന്നെയാണ് അത് മിയയാണെന്ന് പോലും തിരിച്ചറിഞ്ഞത്. മിയ ദോഹയില്‍ നിന്നോ മറ്റോ വരികയായിരുന്നു. അവരുടെ വേഷവും ഭാവവുമെല്ലാം അഞ്ജലിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. രാത്രി മൂന്ന് മണിക്കാണെന്ന് കൂടി ഓര്‍ക്കണം. അവിടെ വച്ച് തീരുമാനിച്ചു, മിയ ആയിരിക്കും അഞ്ജലിയെന്ന്”, മിയയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ‘മെഴുതിരി അത്താഴങ്ങളി’ലേതെന്ന ആത്മവിശ്വസവും തിരക്കഥാകൃത്തിനുണ്ട്.

നാല് വര്‍ഷത്തിന് ശേഷമാണ് അനൂപ് മേനോന്‍ ഒരു ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നത്. അനൂപ് തന്നെ കഥയെഴുതിയ ‘ആംഗ്രി ബേബീസി’ന്റെ വിജയാഘോഷത്തിനിടെ സംവിധായകന്‍ സജി സുരേന്ദ്രന്‍ അനൂപിനോട് ഒരു പ്രണയകഥ എഴുതാന്‍ ആവശ്യപ്പെട്ടു. ആ ആഗ്രഹവും വാക്കുകളും മനസില്‍ കൊണ്ടു നടക്കുകയായിരുന്ന അനൂപിന്റെ മനസ്സിലേക്ക് നാളുകള്‍ക്ക് ശേഷം ‘മെഴുതിരി അത്താഴങ്ങളു’ടെ കഥയെത്തുന്നത് ഭാര്യയുമൊത്തുള്ള ഹിമാലയന്‍ യാത്രയ്ക്കിടെയായിരുന്നു.

”ഞാനും ഭാര്യയും ഷിംലയുടെ അടുത്തുള്ള ഒരു വുഡന്‍ റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്. അതൊരു ഡിസംബര്‍ മാസമായിരുന്നു. മഞ്ഞ് പുതച്ചു കിടക്കുന്ന സമയം. എങ്ങനെയോ ആണ് അവിടെ എത്തിപ്പെട്ടത്. ഞങ്ങള്‍ക്ക് പുറമെ ആ റിസോര്‍ട്ടില്‍ വേറെ ഒരു കപ്പിള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരെ കണ്ടതും കൗതുകം തോന്നി. ഭാര്യയും ഭര്‍ത്താവും ആയിരുന്നില്ല. പിന്നെ അവരെ പരിചയപ്പെട്ടപ്പോള്‍ അവരില്‍ ഒരാള്‍ ഷെഫും മറ്റേയാള്‍ കാന്‍ഡില്‍ മേക്കറുമാണെന്ന് മനസിലാക്കി. ഇതവരുടെ കഥയല്ല. പക്ഷെ അവരുടെ ജീവിതത്തിലുണ്ടായ ഒരു വലിയ സന്ദര്‍ഭം ചിത്രത്തിലുണ്ട്. അങ്ങനെയാണ് ‘മെഴുതിരി അത്താഴങ്ങളു’ണ്ടാകുന്നത്.”

Anoop Menon with Wife Shema

അനൂപ്‌ മേനോന്‍, ഭാര്യ ഷേമ

കഥ, തിരക്കഥ, അഭിനയം തുടങ്ങിയ മേഖളകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനൂപ് മേനോനോട് മലയാള സിനിമയില്‍ എങ്ങനെ രേഖപ്പെടുത്തപ്പെടണമെന്ന് ചോദിച്ചാല്‍ അനൂപിന്റെ ഉത്തരം ആത്യന്തികമായി താനൊരു ആസ്വാദകനാണെന്നായിരിക്കും. സിനിമയെ ഒരുപാട് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു പ്രേക്ഷകനാണ് താനെന്നും അതു കൊണ്ടു തന്നെ എഴുത്തുകാരനെന്നോ അഭിനേതാവെന്നോ തന്നെ വിശേഷിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനായുള്ള മാറ്റവും ഉടനെ ഉണ്ടാകുമോ എന്നറിയില്ലെന്നും ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും പ്രതീക്ഷകളോ ആഗ്രഹങ്ങളോ വെയ്ക്കാത്ത ആളാണ് താനെന്നും വരുമ്പോള്‍ വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരിടയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു അനൂപ് മേനോന്‍-ജയസൂര്യ. ഇരുവരും ചേര്‍ന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം വ്യത്യസ്തവും പുതുമ നിറഞ്ഞതുമായിരുന്നു. ‘ബ്യൂട്ടിഫുളും’ ‘ട്രിവാന്‍ഡ്രം ലോഡ്ജും’ ആ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകളായിരുന്നു. നാല് വര്‍ഷം മുമ്പ് ഇനിയൊരു ചെറിയ ഇടവേളയാകാം എന്ന തീരുമാനത്തിന് പിന്നാലെ ഇരുവരും മാറി നില്‍ക്കുകയായിരുന്നു. ആറ് മാസത്തേക്ക് ഗ്യാപ്പെടുക്കാം എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നുവെങ്കിലും രണ്ടു പേരും അവരവരുടേതായ വഴികളില്‍ തിരക്കിലായതോടെ അത് നീണ്ടു പോവുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ഉടനെ തന്നെ ആ കൂട്ടുകെട്ട് വീണ്ടുമുണ്ടാകുമെന്ന് അനൂപ് വെളിപ്പെടുത്തുന്നു.

അനൂപ് മേനോൻ, ജയസൂര്യ

ബുദ്ധന്റെ ‘ആഗ്രഹങ്ങളാണ് മനുഷ്യന്റെ ദുഖങ്ങളുടെ ഉറവിടമെന്ന’ വാക്കുകളില്‍ വിശ്വസിക്കുന്ന അനൂപ്‌ സംവിധാനത്തിന്റെ കാര്യത്തിലെന്ന പോലെ കഥാപാത്രങ്ങളുടെ കാര്യത്തിലും തനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്ന വ്യക്തമാക്കുന്നു. എന്തെങ്കിലും ആഗ്രഹിച്ചിട്ട് പിന്നെ അത് നടന്നില്ലെങ്കില്‍ വലിയ വിഷമാമാകുമെന്നും അതുകൊണ്ട് വരുന്നത് പോലെ വരട്ടെയെന്നും പറയുന്നു. സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ മലയാള സിനിമയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരുന്നതിനെ വളരെ പോസിറ്റീവായാണ് അനൂപ് കാണുന്നത്. മുടക്കിയാല്‍ തിരിച്ചു കിട്ടുമെന്നുണ്ടെങ്കില്‍ ബിഗ് ബജന്റ് ചിത്രങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

‘എന്റെ മെഴുതിരി അത്താഴങ്ങളുടെ’ ചിത്രീകരണം ഏറിയ പങ്കും ഊട്ടിയിലായിരുന്നു. സംഗീതത്തിന് ഏറെ പ്രധാനമുള്ള കഥയാണ് ചിത്രത്തിന്റേത്. എം ജയചന്ദ്രന്‍ ഒരുക്കിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മിയക്കും അനൂപിനും പുറമെ ദിലീഷ് പോത്തനും ലാല്‍ ജോസും ബൈജുവുമടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്. വ്യത്യസ്തമായ കഥകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അനൂപില്‍ നിന്നും മികച്ചൊരു പ്രണയ കഥ ഉരുത്തിരിഞ്ഞു വരുന്നത് ആരാധകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook