ഏകാകിയായ ഒരു പെൺകുട്ടിയുടെ ഒറ്റപ്പെടലിന്റെയും അരക്ഷിതാവസ്ഥകളുടെയും കൗമാരചാപല്യങ്ങളുടെയും ഭ്രമങ്ങളുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ ‘എന്ന് നിന്റെ ജാനകിക്കുട്ടി’. എംടിയുടെ തന്ന ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ’ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുങ്ങിയത്. ചിത്രത്തിലെ ജാനകിക്കുട്ടി എന്ന പതിനാലുകാരിയും കുഞ്ഞാത്തോൽ എന്ന സ്നേഹമുള്ള യക്ഷിയും ജാനകിക്കുട്ടിയുടെ മുഖ്യശത്രുവും ചേച്ചിയുമായ സരോജിനിയുമെല്ലാം ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയുടെ ഭാഗമാണ്.

ഇപ്പോഴിതാ, ‘എന്ന് നിന്റെ ജാനകിക്കുട്ടി’യുടെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു പഴയ ചിത്രം പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ സരോജിനിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രശ്മി സോമൻ. ജാനകിക്കുട്ടിയും കുഞ്ഞാത്തോലും സരോജിനിയും പരസ്പരം കൈകോർത്ത് ചിരിയോടെ നിൽക്കുന്ന ചിത്രം ആരിലും കൗതുകമുണർത്തും.

Read more: കാർത്തുമ്പിയെ ഏറെയിഷ്ടം; ഇഷ്ടകഥാപാത്രത്തെ കുറിച്ച് കല്യാണി പ്രിയദർശൻ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് രശ്മി സോമന്‍. ദൂരദര്‍ശന്‍ പരമ്പരകളിലൂടെ മലയാളിക്ക് ചിരപരിചിതയായ രശ്മിയുടെ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ‘വര്‍ണ്ണപ്പകിട്ട്’, ‘പ്രേം പൂജാരി’, ‘അരയന്നങ്ങളുടെ വീട്’ തുടങ്ങിയ ഇരുപതോളം സിനിമകളിലും രശ്മി അഭിനയിച്ചു. ‘സ്ത്രീ’, ‘അക്കരപ്പച്ച’, ‘കടമറ്റത്ത് കത്തനാര്‍’ എന്നിങ്ങനെയുള്ള സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രശ്മി ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘അനുരാ​ഗം’ എന്ന സീരിയലിലൂടെ രശ്മി വീണ്ടും എത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook