/indian-express-malayalam/media/media_files/uploads/2023/07/chanchal.jpg)
ജോമോളും ചഞ്ചലും അന്നും ഇന്നും
ഏകാകിയായ ഒരു പെൺകുട്ടിയുടെ ഒറ്റപ്പെടലിന്റെയും അരക്ഷിതാവസ്ഥകളുടെയും കൗമാരചാപല്യങ്ങളുടെയും ഭ്രമങ്ങളുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ 'എന്ന് സ്വന്തം ജാനകിക്കുട്ടി'. എംടിയുടെ തന്ന 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുങ്ങിയത്. ജാനകിക്കുട്ടി എന്ന പതിനാലുകാരിയും കുഞ്ഞാത്തോൽ എന്ന സ്നേഹമുള്ള യക്ഷിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
ജോമോൾ ജാനകിക്കുട്ടിയെ അവതരിപ്പിച്ചപ്പോൾ വെള്ളാരം കണ്ണുകളുള്ള കുഞ്ഞാത്തോലായി എത്തിയത് ചഞ്ചൽ ആയിരുന്നു. 'എന്ന് സ്വന്തം ജാനകിക്കുട്ടി' റിലീസ് ചെയ്തിട്ട് 25 വർഷം പൂർത്തിയായിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചഞ്ചലും ജോമോളും കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രം കുറച്ച് ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം ജോമോളെ നേരിട്ട് കാണാനായതിന്റെ അനുഭവം പറയുന്ന ചഞ്ചലിന്റെ വീഡിയോയാണ് വൈറലാകുന്നത്.
"ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജോമോളെ കാണുന്നത്. ഞാനും ഫ്രെണ്ട്സുമായിട്ട് ഒരു കോഫീ മീറ്റിനു പോയപ്പോൾ അവിടെ ദാ ജോമോളും കുടുംബവും എത്തിയിരിക്കുന്നു. വളരെ അപ്രതീക്ഷിതമായ കണ്ടുമുട്ടലായിരുന്നത്. കണ്ടപ്പോൾ എക്സൈറ്റഡായി. ഞങ്ങൾ തമ്മിലുള്ള കോണ്ടാക്റ്റില്ലായിരുന്നു. ഞങ്ങൾ ഫൊട്ടൊസെടുത്തു. ജോ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന് തോന്നുന്നു," ചഞ്ചൽ പറയുന്നു.
'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ടായിരുന്നു ജോമോളുടെ സിനിമാ അരങ്ങേറ്റം. 'മൈഡിയർ മുത്തച്ഛൻ' എന്ന സിനിമയിലും ജോമോൾ ബാലതാരമായി അഭിനയിച്ചിരുന്നു.
'എന്നു സ്വന്തം ജാനകിക്കുട്ടി' (1998) എന്ന സിനിമയിലൂടെയാണ് ജോമോൾ നായികയായത്. ആ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ വർഷം ദേശീയ പുരസ്കാര പ്രഖ്യാപനവേളയിൽ പ്രത്യേക പരാമർശവും ജോമോൾ നേടി. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.
ചന്ദ്രശേഖരൻ പിള്ളയാണ് ജോമോളുടെ ഭർത്താവ്. വിവാഹശേഷം ജോമോൾ ഹിന്ദുമതം സ്വീകരിക്കുകയും ഗൗരി ചന്ദ്രശേഖര പിള്ള എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ജോമോൾ ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും ഷോകളിലും സജീവമാണ്.
മോഡലിംഗിലൂടെയാണ് ചഞ്ചല്‍ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി പരിപാടികളുടെ അവതാരകയായി. കൊച്ചിക്കാരിയായ ചഞ്ചല്‍ നല്ലൊരു നര്‍ത്തകി കൂടിയാണ്. ലോഹിതദാസിന്റെ ഓര്‍മ്മച്ചെപ്പ് എന്ന ചിത്രത്തിലും ചഞ്ചൽ അഭിനയിച്ചിരുന്നു. ഭര്‍ത്താവ് ഹരിശങ്കറിനും മക്കളായ നീഹാരിനും നിളയ്ക്കുമൊപ്പം അമേരിക്കയിലാണ് ചഞ്ചൽ ഇപ്പോൾ.നർത്തകി കൂടിയായ ചഞ്ചൽ ഒരു ഡാൻസ് സ്കൂളും നടത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.