റിലീസ് ആകാത്ത ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘എന്നയ് നോക്കി പായും തോട്ടാ’ എന്ന ഗാനമാണ് റിലീസിന് മുന്‍പ് തന്നെ പ്രേക്ഷക ഹൃദയം കൈയ്യടക്കിയത്.  2017 ഫെബ്രുവരി 10ന് യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്ത ഗാനം ഇപ്പോള്‍ അമ്പതു മില്യന്‍ വ്യൂസ് കടന്നിരിക്കുകയാണ്.  2016ല്‍ നിര്‍മ്മാണം തുടങ്ങിയ ചിത്രം ഈ മാസം നടക്കാന്‍ പോകുന്ന ഷൂട്ടിങ്ങോട് കൂടി പൂര്‍ത്തിയാകും എന്നാണു അറിയാന്‍ കഴിയുന്നത്‌.  എന്നാല്‍ അതിനൊന്നും കാത്തു നിൽക്കാതെ, ഗാനം തന്റെ ജൈത്രയാത്ര തുടരുകയാണ്.

ഗാനം 50,064,150 വ്യൂസ് കടന്ന സാഹചര്യത്തില്‍  സംഗീത സംവിധായകന്‍ ദര്‍ബുക ശിവ, വരികള്‍ എഴുതിയ താമരയ്, ഗായകന്‍ സിദ് ശ്രീരാം എന്നിവര്‍ക്ക് സംവിധായകന്‍ ഗൗതം മേനോന്‍ നന്ദി പറഞ്ഞു.

“ഇത് എല്ലാ ഗാനങ്ങള്‍ക്കും സംഭവിക്കുന്ന ഒന്നല്ല. ദര്‍ബുക ശിവ, താമരയ്, സിദ് ശ്രീരാം എന്നിവര്‍ക്കും എല്ലാ സംഗീത പ്രേമികള്‍ക്കും നന്ദി. ഈ കൂട്ടായ്മയിലും അവരുടെ സംഗീതത്തിലും വിശ്വസിച്ച ചിലരുണ്ട്. അവരോടു ബഹുമാനമുണ്ട്. ഇതില്‍ വിശ്വസിക്കാത്തവരോടും ബഹുമാനം, കാരണം അതാണ്‌ മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം തരുന്നത്, ഉള്ളിലെ തീ കെടാതെ സൂക്ഷിക്കുന്നത്.

ഗൗതം മേനോന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ എല്ലാ കാലത്തും ‘ചാര്‍ട്ട് ബസ്റ്റേഴ്സ്’ ആയിട്ടുണ്ട്‌. കര്‍ണാടക സംഗീത ശൈലിയില്‍ വാര്‍ത്തെടുത്ത പ്രണയ ഗാനങ്ങള്‍ ഗൗതം മേനോന്‍ ചിത്രങ്ങളുടെ മുഖമുദ്രയാണെന്ന് വേണമെങ്കില്‍ പറയാം. ‘വസീഗര’, ‘ഒൻട്രാ രണ്ടാ ആസൈകള്‍’, ‘പാര്‍ത്ത മുതല്‍ നാള്‍’, ‘ഉനക്കുള്‍ നാനെ’, ‘അനല്‍ മേലെ പനിതുളി’, ‘മന്നിപ്പായാ’ എന്നിവ ഉദാഹരണങ്ങള്‍.

സിദ് ശ്രീറാമിന്റെ വശ്യമായ ആലാപനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ ആരെന്നത് സംബന്ധിച്ച് ആരാധകർ കുറേയലഞ്ഞു. അണിയറ പ്രവർത്തകർ Mr.X എന്നു പറഞ്ഞ ആ സംഗീത സംവിധായകന്റെ പുറകേയായിരുന്നു ആരാധകർ. നടന്‍ കൂടിയായ ദര്‍ബുകാ ശിവയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ എന്ന് ഇതിനിടെ ഊഹാപോഹങ്ങളും ശക്തമായി. ‘കിടരി’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ആരാധക പ്രശംസ പിടിച്ചുപറ്റിയ ദര്‍ബുകാ ശിവയാണ് ഈ ഗാനത്തിനും സംഗീതം നൽകിയത് എന്ന് പിന്നീടാണ് അറിഞ്ഞത്. താമരൈ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സിദ് ശ്രീരാം എന്ന കര്‍ണാടക സംഗീതജ്ഞനാണ്.

Read More: മറന്താലും നാന്‍ ഉന്നൈ നിനൈക്കാത നാളില്ലയേ… സിദ് ശ്രീരാം പാടുന്നു

‘എന്നെ നോക്കി പായും തോട്ടാ’ എന്ന ചിത്രത്തിൽ ധനുഷാണ് നായകൻ. മേഘ ആകാശാണ് നായികയായി എത്തുന്നത്. മലയാളിയായ ജോമോൻ ടി.ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രം ഇറങ്ങുന്നതിനു മുൻപുതന്നെ ഗാനം ഇത്രയേറെ വൈറലായതുകൊണ്ട് റൊമാന്റിക് ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അപ്പോഴും ചുണ്ടുകളിൽ ഒരു പാട്ട് മാത്രം.. മറുവാര്‍ത്തൈ പേസാതെ…

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ