ഇന്ത്യയുടെ ടോപ് ഡിറ്റക്ടീവ് ഓഫീസർമാരിൽ ഒരാളായ സൂര്യകാന്ത് ബാന്ദെ പാട്ടീലിന്റെ ജീവിതകഥ പറയുന്ന ഫാദേഴ്സ് ഡേ എന്ന സിനിമയിൽ ഇമ്രാൻ ഹാഷ്മി നായകനാകുന്നു. ഒരച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെ കുറിച്ചുളള സിനിമയാണ് ഫാദേഴ്സ് ഡേ. 120 ഓളം ചൈൽഡ് കിഡ്നാപ്പിങ് കേസുകൾ തീർത്തും സൗജന്യമായി അന്വേഷിച്ച് സത്യം വെളിച്ചത്തുകൊണ്ടുവന്ന ഡിറ്റക്ടീവ് ആണ് സൂര്യകാന്ത് ബാന്ദെ പാട്ടീൽ.

പ്രഫുൽ ഷാ എഴുതിയ ‘ദൃശ്യം അദൃശ്യം’ എന്ന പുസ്തകത്തെ അസ്പദമാക്കിയിട്ടുള്ള സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. പുതുമുഖ സംവിധായകനായ ശന്തനു ബാഗ്ചിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

“സൂര്യകാന്ത്ജിയുടെ കഥ ഒരേസമയം ഹൃദയഭേദകവും പ്രചോദനമേകുന്നതുമാണ്. തന്റെ ജീവിതം മുഴുവൻ കിഡ്നാപ്പ് ചെയ്യപ്പെട്ട കുട്ടികളെ കുറിച്ച് അന്വേഷിക്കാനും അവരെ രക്ഷപ്പെടുത്താനും വേണ്ടി സമർപ്പിച്ച ഇതുപോലൊരു വ്യക്തിയെ മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല. തീർത്തും സൗജന്യമായി അദ്ദേഹം നടത്തിയ സേവനങ്ങൾ അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന്റെ ജീവിതകഥ സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ എനിക്കേറെ അഭിമാനമുണ്ട്”, ഫാദേഴ്സ് ഡേയെ കുറിച്ച് ഇമ്രാൻ പറഞ്ഞു.

“ഇമ്രാൻ വിസ്മയിപ്പിക്കുന്ന അഭിനേതാവാണ്. ഈ സിനിമയിലൂടെ ആദ്യമായി അത്യന്തം വൈകാരികത നിറഞ്ഞൊരു റോളിൽ ഇമ്രാനെ കാണാൻ സാധിക്കും. ശിശു സുരക്ഷയെ കുറിച്ചുള്ള ഗൗരവമുള്ളൊരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഒരേ സമയം ത്രില്ലിങ്ങും ഇമോഷണലും നിറഞ്ഞ സമീപനമാണ് സിനിമ സ്വീകരിക്കുന്നത്. സൂര്യകാന്ത്ജിയുടെ ജീവിതം അങ്ങേയറ്റം അമ്പരപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്. അത്യന്തം അഭിമാനത്തോടെയാണ് ഞങ്ങൾ ഈ സിനിമ അവതരിപ്പിക്കുന്നത്”, മദാരം ഫിലിംസിനു വേണ്ടി പ്രിയ ഗുപ്ത കൂട്ടിച്ചേർത്തു.

“ജനങ്ങൾ അറിയേണ്ട സ്റ്റോറിയാണ് സൂര്യകാന്ത്ജിയുടേത്. ഫാദേഴ്സ് ഡേ പോലെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമ തന്നെ ആദ്യപ്രൊജക്ടായി ചെയ്യാൻ കഴിയുന്നതിൽ അഭിമാനമുണ്ട്”, നിർമ്മാതാവ് കൽപ്പന ഉദ്യവാർ പറയുന്നു.

ഇമ്രാൻ ഹാഷ്മിയും പ്രിയ ഗുപ്തയും കൽപ്പന ഉദ്യവാറും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മഹാരാഷ്ട്രയിൽ ആരംഭിക്കും. അജയ് ദേവ്ഗണിനും ഇല്യാന ഡിക്രൂസിനുമൊപ്പം ചെയ്ത ബാദ്ഷാഹോ ആയിരുന്നു ഇമ്രാന്റെ അവസാന ചിത്രം. ഏറെ നെഗറ്റീവ് റിവ്യൂ ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും പരാജയപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook