അഞ്ചുവർഷം നീണ്ട കാൻസർ പോരാട്ടത്തിനൊടുവിൽ മകൻ വിജയിയായ കാര്യം പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി. “അഞ്ചു വർഷങ്ങൾക്കു ശേഷം അയാൻ കാൻസറിൽ നിന്നും വിമുക്തനായിരിക്കുന്നു. നീണ്ടൊരു യാത്രയായിരുന്നു ഇത്. എല്ലാവരുടെയും ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി,” ഇമ്രാൻ ഹാഷ്മി കുറിക്കുന്നു.

ഇമ്രാന്റെയും പർവീൺ ഷഹാനിയുടെയും മകൻ അയാൻ ഹാഷ്മിക്ക് മൂന്നാമത്തെ വയസ്സിലാണ് കാൻസർ സ്ഥിതീകരിക്കപ്പെടുന്നത്. അപൂർവ്വതരം കിഡ്നി ക്യാൻസറായിരുന്നു അയാനെ ബാധിച്ചത്. കുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന വിംസ് ട്യൂമറിന്റെ രണ്ടാംഘട്ടം. 2014 ലായിരുന്നു രോഗം സ്ഥിതീകരിക്കപ്പെട്ടത്. പിന്നീട് ഇന്ത്യയിലും കാനഡയിലുമായുള്ള ചികിത്സകൾ. നീണ്ട അഞ്ചുവർഷം നീണ്ട ആ ചികിത്സകൾക്കും പോരാട്ടങ്ങൾക്കും ശേഷം മകൻ പൂർണമായും കാൻസർ വിമുക്തനായ കാര്യം തന്റെ ട്വിറ്ററിലൂടെയാണ് ഇമ്രാൻ ഹാഷ്മി പങ്കുവെച്ചിരിക്കുന്നത്.

“എല്ലാ കാൻസർ പോരാളികൾക്കും സ്നേഹവും പ്രാർത്ഥനകളും നേരുന്നു. വിശ്വാസവും പ്രതീക്ഷയും ഏറെ മുന്നോട്ട് നടത്തും. നിങ്ങൾക്ക് പോരാട്ടം ജയിക്കാൻ സാധിക്കും,” മകനൊപ്പമുള്ള ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ഇമ്രാൻ ഹാഷ്മി കുറിക്കുന്നു.

മകന്റെ കാൻസർ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ‘ദ കിസ്സ് ഓഫ് ലവ്: ഹൗ എ സൂപ്പർ ഹീറോ ആൻഡ് മൈ സൺ ഡിഫീറ്റഡ് ക്യാൻസർ’ എന്നൊരു പുസ്തകവും ഇമ്രാൻ ഹാഷ്മി പുറത്തിറക്കിയിരുന്നു. എഴുത്തുകാരൻ ബിലാൽ സിദ്ധിഖിയ്ക്കൊപ്പം ചേർന്നെഴുതിയ പുസ്തകം ബോളിവുഡിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയാന്റെ കാൻസർ ഡേയ്സിനെ പ്രതിപാദിപ്പിക്കുന്ന പുസ്തകം മകനു തന്നെയായിരുന്നു ഇമ്രാൻ സമർപ്പിച്ചത്. ” ടു മൈ സൺ, മൈ സൂപ്പർ ഹീറോ അയാൻ” എന്നാണ് മകന് പുസ്തകം സമർപ്പിച്ചു കൊണ്ട് ആദ്യതാളുകളിൽ ഇമ്രാൻ കുറിച്ചത്.

‘വൈ ചീറ്റ് ഇന്ത്യ’ എന്ന ചിത്രമാണ് 39 കാരനായ ഇമ്രാന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. ചിത്രം ഈ വെള്ളിയാഴ്ച റിലീസിനെത്തും.

Read more: ഇമ്രാൻ ഹാഷ്‌മിയുടെ ‘ഫാദേഴ്‌സ് ഡേ’

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ