പൃഥ്വിരാജ് നായകനായ ഹിറ്റ് ഹൊറർ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് വരുന്നു. സംവിധായകൻ ജയ് കൃഷ്ണ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ റോളിലെത്തുന്നത് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയാണ്. പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഭൂഷൺ കുമാർ, കുമാർമങ്ങാട് പതക്, കിഷൻ കുമാർ, അഭിഷേക് പതക് എന്നിവർ ചേർന്നാണ് പനോരമയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. മുംബൈ, മൗറീഷ്യസ്‌ എന്നിവിടങ്ങളിൽ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്ന സിനിമയുടെ മറ്റു വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.

മലയാളത്തിൽ മികച്ച വിജയം നേടിയ ‘എസ്ര’യിൽ പ്രിയ ആനന്ദായിരുന്നു നായികയായി എത്തിയിരുന്നത്. 2017 ൽ റിലീസ് ചെയ്ത ചിത്രത്തിൽ സുദേവ് നായര്‍, വിജയ രാഘവന്‍, ബാബു ആന്റണി, ആന്‍ ശീതള്‍, സുജിത് ശങ്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

“എസ്ര കണ്ട് കുമാർ ജിയും അഭിഷേകുമാണ് എന്നെ ബോധ്യപ്പെടുത്തിയത്, കുറച്ചുകൂടി വലിയൊരു കാൻവാസിൽ പറയേണ്ട ചിത്രമാണിതെന്ന്. ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ പുതുമയുള്ള സമീപനം സ്വീകരിച്ച എസ്രയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. പനോരമ സ്റ്റുഡിയോയും ഇമ്രാൻ ഹാഷ്മിയെ പോലൊരു താരവും കൈകോർക്കുമ്പോൾ പ്രതീക്ഷകളേറെയുണ്ട്,” സംവിധായകൻ ജയ് കൃഷ്ണ പറഞ്ഞു.

വിദ്യഭ്യാസമേഖലയിലെ അഴിമതികളെ കുറിച്ചു സംസാരിച്ച ‘വൈ ചീറ്റ് ഇന്ത്യ’ എന്ന ചിത്രത്തിലാണ് പ്രേക്ഷകർ ഒടുവിൽ​ ഇമ്രാൻ ഹാഷ്മിയെ കണ്ടത്. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ഒരു മിസ്റ്ററി ത്രില്ലർ ചിത്രവും ഇമ്രാൻ ഹാഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധായകൻ. ആനന്ദ് പണ്ഡിത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് 10 ന് ആരംഭിക്കും. 2020 ഫെബ്രുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Read more: അമിതാഭ് ബച്ചനൊപ്പം ആദ്യമായി കൈകോർത്ത് ഇമ്രാൻ ഹാഷ്മി

സരസ്വതി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം ചേർന്നാണ് ആനന്ദ് പണ്ഡിത് മോഷൻ പിക്ച്ചേഴ്സ് ചിത്രം നിർമ്മിക്കുന്നത്. ‘പ്യാർ കാ പഞ്ച്നാമ 2’, ‘സർക്കാർ 3’, ‘സത്യമേവ ജയതേ’, ‘ബസാർ’, ‘ടോട്ടൽ ധമാൽ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേരുവിവരങ്ങൾ അണിയറക്കാർ ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook