മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’നു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയതു മുതൽ ആവേശത്തോടെയാണ് പ്രേക്ഷകർ ‘എമ്പുരാനാ’യി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ എഴുത്തുജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കരാറിലേർപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ‘എമ്പുരാന്റെ’ ചിത്രീകരണം തുടങ്ങാൻ ഇരിക്കുകയാണ് പൃഥ്വിരാജ്.
‘എമ്പുരാനു’മായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ മുരളിഗോപിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. “ഈ പറഞ്ഞത് എങ്ങനെ ഷൂട്ട് ചെയ്യും എന്നോർത്തു അന്തം വിട്ടിരിക്കുന്ന ഞാൻ,” എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകിയ ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.
Read more: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ
“സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങൾ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും,” ചിത്രം അനൗൺസ് ചെയ്തുകൊണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ. 2020 പകുതിയോടെ ചിത്രീകരണം ആരംഭിച്ച് 2021 വിഷുവിനു തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.