ബോളിവുഡിന്റെ പ്രണയനാകയകൻ ശശി കപൂർ ഇനി ഓർമ മാത്രം. അനശ്വര നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കപൂർ കുടുംബത്തിലെ പഴയ തലമുറയും പുതുതലമുറയും ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാനെത്തി. ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് നടി കരീന കപൂർ എത്തിയത്.

ബോളിവുഡ് താരങ്ങൾ എവിടെ ചെന്നാലും അവരെ വിടാതെ പിന്തുടരുന്നവരാണ് മാധ്യമങ്ങൾ. ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ കരീനയെയും മാധ്യമങ്ങൾ വെറുതെ വിട്ടില്ല. കരീനയുടെ വാഹനത്തെ മുന്നോട്ടു കടത്തിവിടാതെ മാധ്യമങ്ങൾ വളഞ്ഞു. കരീനയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നിരുന്നു. അത് പകർത്തിയെടുക്കാനാണോ എന്നറിയില്ല ക്യാമറാ ഫ്ലാഷുകൾ തുടരെത്തുടരെ മിന്നിമറിഞ്ഞു. ഇതിൽ അസ്വസ്ഥയായ കരീന ഭർത്താവ് സെയ്ഫിനോട് പരാതിപ്പെട്ടു.

സെയ്ഫ് കാർ മുന്നോട്ടു നീക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ കാറിന്റെ ചില്ല് താഴ്ത്തി സെയ്ഫ് മാധ്യമങ്ങളോട് ചൂടാവുകയും ചെയ്തു. കരീനയുടെ മുഖത്ത് അമർഷവും ദുഃഖവും അപ്പോൾ കാണാനായി. ഒരു വിധത്തിലാണ് സെയ്ഫ് കാർ ഓടിച്ച് ശശി കപൂറിന്റെ വസതിയിലേക്ക് എത്തിച്ചത്.

ബോളിവുഡിന്റെ അനശ്വര നടൻ ശശികപൂർ ഇന്നലെയാണ് അന്തരിച്ചത്. വൃക്കസംബന്ധമായ രോഗത്തെത്തുടർന്ന് അന്ധേരി കോകില ബെൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ