ഹാരി പോട്ടർ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ നടി എമ്മ വാട്സൻ പ്രധാന കഥാപാത്രമായ പുതിയ ചിത്രം ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് റെക്കോർഡ് കളക്‌ഷനിലേക്ക്. ചിത്രം കളക്‌ഷൻ റെക്കോർഡുകൾ ഭേദിച്ചാൽ എമ്മയ്‌ക്ക് 15 ദശലക്ഷം ഡോളർ (ഏകദേശം നൂറു കോടി) പ്രതിഫലം ലഭിക്കുമെന്നാണ് സൂചന. 1991ൽ പുറത്തിറങ്ങിയ ഡിസ്‌നി ക്ലാസിക് ചിത്രമായ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിന്റെ റീമേക്കാണ് പുതിയ എമ്മ ചിത്രം.

യുഎസിൽ റിലീസായ മാർച്ച് 18ന് തന്നെ മികച്ച ഓപ്പണിങ് കളക്‌ഷൻ ചിത്രം നേടിയിരുന്നു. മൂന്ന് ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ പ്രതിഫലമായി എമ്മ വാട്‌സന് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രം തീയറ്ററുകളിൽ ലാഭം കൊയ്യുന്നത് തുടർന്നാൽ എമ്മയുടെ പ്രതിഫലവും കുത്തനെ ഉയരുമെന്നാണ് ഹോളിവുഡിൽ നിന്നുയരുന്ന റിപ്പോർട്ടുകൾ.
emma watson, beauty and the beast

ജെ.കെ.റൗളിങ്ങിന്റെ നോവലായ ഹാരി പോട്ടറിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിലൂടെയാണ് എമ്മ വാട്‍‌സൻ ശ്രദ്ധേയ ആയത്. ഹാരി പോട്ടർ സീരീസിനു ശേഷം എമ്മയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കും ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്. ഒരാഴ്‌ചയ്‌ക്കുളളിൽ 170 ദശലക്ഷം ഡോളർ ചിത്രം നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബിൽ കോൻഡൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് എമ്മ വാട്സന് ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ