കൊൽക്കത്ത: ഡൽഹി സ്വദേശിയും മലയാളിയുമായ പ്രശസ്ത പിന്നണി ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ കെ (53) കൊൽക്കത്തയിൽ നിര്യതനായി. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ സുഖമില്ലാതായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
കൊൽക്കത്ത ഗുരാദസ് കോളജിലെ ആഘോഷവുമായി ബന്ധപ്പെട്ട് നസുറൽ മഞ്ചില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടോടെയാണ് കെ കെയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. വേദിയിൽനിന്നു ഹോട്ടൽ മുറിയിലേക്കു പോയ കെകെയെ, ആരോഗ്യസ്ഥിതി മോശയമായതിനാൽ സി എം ആർ ഐ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി അദ്ദേഹം കൊൽക്കത്തിയൽ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു.
കുന്നത്ത് കനകവല്ലി-സി എസ് മേനോൻ ദമ്പതികളുടെ മകനായി 1968 ഓഗസ്റ്റിൽ ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത് എന്ന കെ കെ ജിംഗിൾസുകളിലൂടെയാണു ഗാനരംഗത്ത് താരമായി മാറിയത്. പിന്നീട് പിന്നണിഗായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായി.
ജോലി ഉപേക്ഷിച്ച് ഗായകനാകാൻ മുംബൈയിലേക്കു വണ്ടി കയറിയ കെ കെയ്ക്ക് ആദ്യമായി സിനിമയിൽ പാടാൻ അവസരം ലഭിക്കുന്നത് എ ആർ റഹ്മാനിൽ നിന്നായിരുന്നു. 1996ൽ കാതൽ ദേശം എന്ന സിനിമയിൽ കോളജ് സ്റ്റൈൽ എന്ന പാട്ട് പാടി അദ്ദേഹം ജനഹൃദയങ്ങളിൽ ഇടംപിടിച്ചു. പിന്നീട് 1999ൽ ബോളിവുഡിൽ അദ്ദേഹം പിന്നണിഗായകനായി അരങ്ങേറി. ഹംദിൽ ദേ ചുക് സനം എന്ന ചിത്രത്തിൽ തഡപ് തഡപ് ദിൽസേ എന്ന പാട്ടിലൂടെ ബോളിവുഡിലും അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴിനും ഹിന്ദിക്കും ശേഷം തെലുങ്ക്, കന്നട, മലയാളം, മറാത്തി, ബംഗാളി, അസമീസ്, ഗുജറാത്തി ഭാഷകളിലും കെ കെ പാടി. വിവിധ ഭാഷകളിലായി എഴുന്നൂറോളം പാട്ടുകൾ പാടിയ കെ കെ യെ തേടി ഫിലിംഫെയർ ഉൾപ്പടെ നിരവധി അവാർഡുകൾ എത്തിയിട്ടുണ്ട്.
രാജീവ് മേനോന്റെ മിൻസാരക്കനവിലെ ‘സ്ട്രോബറി കണ്ണേ,’ ഗുൽസാറിന്റെ മാച്ചിസിലെ ‘ഛോഢായേ ഹം’ തുടങ്ങിയ പാട്ടുകൾ കെ കെ യുടെ ശബ്ദത്തിലൂടെയാണ് പ്രേക്ഷക മനസുകളിൽ ഇടംപിടിച്ചത്.
ജ്യോതിയാണ് ഭാര്യ. മക്കൾ: നകുൽ കൃഷ്ണ കുന്നത്ത്, താമര കുന്നത്ത്. ഭാര്യയും മക്കളും ബുധനാഴ്ച രാവിലെ കൊൽക്കത്തയിലേക്കു പോകും.