scorecardresearch
Latest News

അക്ഷയ് എന്നെ വിഷമിപ്പിച്ചു, അങ്ങനെ ചെയ്യാൻ പാടില്ല: അമിതാഭ് ബച്ചൻ

ബച്ചൻ കൈ കൊണ്ട് പാടില്ല എന്നു ആംഗ്യം കാണിച്ചു. എന്നാൽ അപ്പോഴേക്കും അക്ഷയ് സ്റ്റേജിൽനിന്നും ചാടിയിറങ്ങി ബച്ചന്റെ അടുത്തേക്ക് എത്തിയിരുന്നു

അക്ഷയ് എന്നെ വിഷമിപ്പിച്ചു, അങ്ങനെ ചെയ്യാൻ പാടില്ല: അമിതാഭ് ബച്ചൻ

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങ് താരസമ്പന്നമായിരുന്നു. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, കത്രീന കെയ്ഫ് തുടങ്ങി ബോളിവുഡിലെ വൻതാരങ്ങൾ സമാപന ചടങ്ങിനെത്തി. ചടങ്ങിൽ അമിതാഭ് ബച്ചനെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചിരുന്നു. പക്ഷേ ചടങ്ങിനിടയിൽ അമിതാഭ് ബച്ചനെ ഏറെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായി.

നടൻ അക്ഷയ് കുമാർ ബിഗ് ബിയുടെ കാൽ തൊട്ടു തൊഴാൻ ശ്രമിച്ചതാണ് അമിതാഭിനെ വിഷമിപ്പിച്ചത്. അക്ഷയ് അങ്ങനെ ചെയ്യാൻ പാടില്ലെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതിമാഭ് ബച്ചനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ചെറുപ്പത്തിൽ അമിതാഭ് ബച്ചനെ കണ്ടതിനെക്കുറിച്ചും വേദിയിൽ അക്ഷയ് പറഞ്ഞതിനുശേഷമായിരുന്നു ബിഗ് ബിയുടെ കാൽ തൊട്ടു തൊഴുതത്. ”അമിതാഭ് ബച്ചനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക ചിത്രങ്ങളിലും എന്റെ അച്ഛനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. മറ്റു നിരവധി നടന്മരുടെ അച്ഛനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയുടെ തന്നെ അച്ഛനാണ് അമിതാഭെന്നും അദ്ദേഹത്തിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചതായും” അക്ഷയ് പറഞ്ഞു.

”എനിക്ക് 12-13 വയസ്സുളളപ്പോൾ മാതാപിതാക്കൾക്കൊപ്പം കശ്മീർ കാണാൻ പോയി. അവിടെ അമിതാഭ് ബച്ചന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. അമിതാഭിനെ കണ്ടപ്പോൾ അച്ഛൻ എന്നോട് പോയി ഓട്ടോഗ്രാഫ് വാങ്ങാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോൾ അദ്ദേഹം ആ സമയത്ത് മുന്തിരിപ്പഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അത് വേണമായിരുന്നു. അദ്ദേഹം കഴിക്കുന്നതിനിടയിൽ ഒരെണ്ണം താഴെപ്പോയി. ഞാൻ അതെടുത്തു. അദ്ദേഹം അത് കണ്ടു, പക്ഷേ കാണാത്തതുപോലെ നടിച്ചു. അദ്ദേഹം എനിക്ക് ഓട്ടോഗ്രാഫ് തന്നു, ഒപ്പം ഒരു കൂട്ടം മുന്തിരിയും. ഞാൻ അത് കഴിച്ചു. നല്ല പുളിപ്പുണ്ടായിരുന്നു. ഇപ്പോഴും ആ പുളിപ്പ് തന്റെ നാവിൽ ഉണ്ടെന്നും” അക്ഷയ് പറഞ്ഞു.

അതിനുശേഷം അമിതാഭ് ബച്ചന്റെ കാലുകൾ തൊട്ടു തൊഴാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അക്ഷയ് പറഞ്ഞു. ഇതുകേട്ട ബച്ചൻ കൈ കൊണ്ട് പാടില്ല എന്നു ആംഗ്യം കാണിച്ചു. എന്നാൽ അപ്പോഴേക്കും അക്ഷയ് സ്റ്റേജിൽനിന്നും ചാടിയിറങ്ങി ബച്ചന്റെ അടുത്തേക്ക് എത്തിയിരുന്നു. ഇതുകണ്ട ബച്ചൻ കസേരയിൽനിന്നും എഴുന്നേറ്റു. അക്ഷയ്‌യെ കാലുകൾ തൊഴുന്നതിൽനിന്നും മാറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ അക്ഷയ്‌യെ പിടിച്ചു എഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്തു.

ഇതിനുപിന്നാലെയാണ് അക്ഷയ് ചെയ്ത പ്രവൃത്തി തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് ബിഗ് ബി ട്വീറ്റ് ചെയ്തത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Embarrassed by akshay kumar amitabh bachchan tweets