/indian-express-malayalam/media/media_files/2025/11/21/eko-movie-review-rating-2025-11-21-01-05-52.jpg)
Eko Movie Review & Rating: ചില ചലച്ചിത്രങ്ങൾ വെറുമൊരു ദൃശ്യവിരുന്നിനപ്പുറം, ചിന്തകളുടെയും സങ്കീർണ്ണമായ ജീവിതസമസ്യകളുടെയും ആഴങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകും. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ: ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ' അത്തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ളൊരു സിനിമാനുഭവമാണ്.
"Sometimes protection and restriction both look the same" – ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും തമ്മിലുള്ള വേർത്തിരിവിന് ഒരു നൂലിഴയുടെ വ്യത്യാസം മാത്രമേ കാണൂ. സംരക്ഷണവും നിയന്ത്രണവും ഒരേ മുഖം ധരിക്കുമ്പോൾ ഉടലെടുക്കുന്ന ധർമ്മസങ്കടങ്ങളെ, ഉടമസ്ഥാവകാശം, സ്വാതന്ത്ര്യം, സുരക്ഷ, കാവൽ തുടങ്ങിയ ആശയങ്ങളെ സൂക്ഷ്മതയോടെ വ്യാഖാനിക്കുന്ന എക്കോയ്ക്ക്, ഒരു ക്ലാസിക് ചെറുകഥയുടെ സൗന്ദര്യമുണ്ട്. നിഗൂഢതകളുടെ ഒരു ലോകത്തേക്കാണ് തിരക്കഥാകൃത്തായ ബാഹുൽ രമേശ് കാഴ്ചക്കാരെ കൊണ്ടുപോവുന്നത്.
കേരളത്തിന്റെയും കർണ്ണാടകയുടെയും അതിർത്തി പങ്കിടുന്ന, വന്യസൗന്ദര്യമുള്ള ഒരു മലമ്പ്രദേശമാണ് 'എക്കോ'യുടെ കഥാഭൂമിക. ഡോഗ് ട്രെയിനറായ കുര്യച്ചൻ എന്ന വ്യക്തിയുടെ തിരോധാനമാണ് ചിത്രത്തിന്റെ കാതൽ. കുര്യച്ചന്റെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ ആ മലമുകളിലേക്ക് പലകാലങ്ങളിലായി എത്തുന്ന നിരവധി മനുഷ്യർ. അവർ പറയുന്ന കഥകളിലൂടെ പ്രേക്ഷകരുടെ മനസ്സിലും കുര്യച്ചൻ്റെ രൂപം തെളിയുന്നു. അയാളുടെ ഭൂതകാലം ഒരു ഹീറോ പരിവേഷത്തോടെ ജ്വലിച്ചുനിൽക്കുമ്പോഴും ദുരൂഹമായ എന്തോ ഒന്ന് അയാളെ ചുറ്റിവരിഞ്ഞു നിലകൊള്ളുന്നുണ്ട്.
Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും
സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, രഞ്ജിത് ശേഖർ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതോടൊപ്പം, സൗരഭ് സച്ച്ദേവ, ബിയാന മോമിൻ, Sim Zhi Fei എന്നിവരുടെ പ്രകടനങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു. വൈകാരികമായ രംഗങ്ങളെയും നിഗൂഢത നിറഞ്ഞ നിമിഷങ്ങളെയും ഇവർ അവിസ്മരണീയമാക്കി.
ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിന്റെ തിരക്കഥയാണ്. ബാഹുൽ രമേശിന്റെ കയ്യൊപ്പ് പതിഞ്ഞ എഴുത്ത്, ലീനിയർ-നോൺ ലീനിയർ കഥ പറച്ചിൽ രീതികളെ അനായാസം സമന്വയിപ്പിക്കുന്നു. ഒരിടത്തും വിരസത തോന്നിക്കാത്തവിധം, കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കെട്ടുറപ്പുള്ള ആഖ്യാനമാണ് ചിത്രത്തിൻ്റേത്. മനുഷ്യനും നായ്ക്കളും പ്രകൃതിയും തമ്മിലുള്ള അദൃശ്യവും അഭേദ്യവുമായ ബന്ധത്തെ യാഥാർത്ഥ്യബോധത്തോടെ ചിത്രം വരച്ചുകാട്ടുന്നു.
"സ്നേഹമുണ്ടെന്ന് പറഞ്ഞ് വളർത്തുന്ന നായ്ക്കളെ കൂട്ടിലും ചങ്ങലയിലും ഇടുമ്പോൾ അത് സംരക്ഷണമാണോ തടവാണോ?" – എക്കോയിലെ ചില ചോദ്യങ്ങൾക്ക് ആഴമേറെയാണ്. ഒരുപാട് പുനർവായനകൾക്കുള്ള സാധ്യതകൾ തുറന്നിടുന്നുണ്ട് ചിത്രം.
Also Read: അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ
ബാഹുലിന്റെ എഴുത്തുപോലെ തന്നെ സുന്ദരമാണ് അദ്ദേഹത്തിന്റെ ക്യാമറയും. കാടിന്റെ വന്യത, സൗന്ദര്യം, നിഗൂഢത എന്നിവയെല്ലാം അതീവ അഴകോടെ ബാഹുലിന്റെ ലെൻസുകൾ ഒപ്പിയെടുത്തു. സൂരജ് എ എസിന്റെ കൃത്യതയുള്ള എഡിറ്റിംഗ്, കഥയുടെ താളവും മർമ്മവും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുന്നു. മുജീബ് മജീദിന്റെ ശക്തമായ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ദുരൂഹമായ അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകുന്നു.
Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ
മികച്ച തിരക്കഥ, അഭിനേതാക്കളുടെ പ്രകടനങ്ങൾ, മനോഹരമായ വിഷ്വലുകൾ, ശക്തമായ പശ്ചാത്തലസംഗീതം, സൂക്ഷ്മമായ എഡിറ്റിംഗ് – ഇവയെല്ലാം 'എക്കോ'യുടെ പ്ലസ് പോയിന്റുകളാണ്. അടുത്തിടെ മലയാളത്തിൽ കണ്ട ചിത്രങ്ങളിൽ ഏറ്റവും മനോഹരവും ചിന്തോദ്ദീപകവുമായ ക്ലൈമാക്‌സാണ് ഈ ചിത്രത്തിനുള്ളത്. ഇത്രയും ആഴവും പരപ്പും ഉൾക്കാഴ്ചയുമുള്ള ഒരു സിനിമാനുഭവം സമീപകാലത്ത് മലയാളത്തിൽ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. ‘എക്കോ’ സമ്മാനിക്കുന്ന ഗംഭീരമായ സിനിമാനുഭവം അതിന്റെ എല്ലാ പൂർണ്ണതയിലും തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട ഒന്നാണ്.
Also Read: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us