Eid-ul-Fitr 2019: ഈദ് ദിനമായ ഇന്ന് സംഗീത സമ്രാട്ട് എ ആര്‍ റഹ്മാന്റെ ഈദ് ആശംസകള്‍ക്കായി കാത്തിരുന്ന സോഷ്യല്‍ മീഡിയ ലോകത്തിന് അദ്ദേഹം നല്‍കിയത് മറ്റൊന്നാണ്. ‘വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഞാന്‍ കേള്‍ക്കുന്ന പാട്ട്’ എന്ന കുറിപ്പോടെയുള്ള ഒരു ഗാന ശകലമാണ് ഈ പുണ്യദിനത്തില്‍ അദ്ദേഹം പങ്കു വച്ചിരിക്കുന്നത്.
വൈരമുത്തു എഴുതി, കെ എസ് ചിത്ര ആലപിച്ച ‘മലര്‍കള്‍ കേട്ടേന്‍ വനമേ തന്തനൈ, തണ്ണീര്‍ കേട്ടേന്‍ അമുദം തന്തനൈ’ എന്ന ഗാനമാണ് താന്‍ കേള്‍ക്കുന്നത് എന്നാണ് റഹ്മാന്‍ പറഞ്ഞിരിക്കുന്നത്. ഈ വരികളുടെ അര്‍ത്ഥം കൂടിയറിഞ്ഞാല്‍ മാത്രമേ അദ്ദേഹം എന്ത് കൊണ്ട് ഈ ദിനത്തില്‍ ഈ ഗാനം കേള്‍ക്കുന്നു എന്ന് മനസ്സിലാവുകയുള്ളൂ.
‘മലര്‍കള്‍ കേട്ടേന്‍ വനമേ തന്തനൈ, തണ്ണീര്‍ കേട്ടേന്‍ അമുദം തന്തനൈ’ എന്ന തമിഴ് വാക്കുകളുടെ അര്‍ത്ഥം മലയാളത്തില്‍ ഇങ്ങനെയാണ് – ‘ഒരു പൂവ് ചോദിച്ച എനിക്ക് നീ ഒരു വനം തന്നു, വെള്ളം ചോദിച്ച എനിക്ക് അമൃതം തന്നു’ എന്നാണ്. അളവറ്റ ദൈവകൃപയെക്കുറിച്ചാണ് ‘മദ്രാസിന്റെ മൊസാര്‍ട്ട്’ എന്ന് അറിയപ്പെടുന്ന എ ആര്‍ റഹ്മാന്‍ ഈ ഈദുൽ ഫിത്ർ ദിനത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാണ്
Read More: ഈദ് മുബാറക്: വിശ്വാസി സമൂഹത്തിന് ആശംസകളുമായി താരങ്ങള്‍
നിത്യാ മേനന്‍,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ നായികാ നായകന്മാരാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമായ ‘ഓ കെ കണ്മണി’യിലെ ഗാനമാണ് ‘മലര്‍കള്‍ കേട്ടേന്‍’. കെ എസ് ചിത്രയ്ക്കൊപ്പം എ ആര്‍ റഹ്മാനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ച ‘റോജ’ എന്ന ചിത്രം മുതല്‍ തന്നെ കെ എസ് ചിത്ര അദ്ദേഹത്തിനു വേണ്ടി പാടുന്നുണ്ട്. ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘ഊ ലലലാ’ എന്ന മിന്‍സാരകനവിലെ ഗാനവും ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്മാന്‍ ആണ്.