Eid Release 2019: സിനിമയില്ലാതെ മലയാളികൾക്ക് ആഘോഷങ്ങളില്ലെന്നു തന്നെ പറയാം. ഓണമോ വിഷുവോ ക്രിസ്തുമസോ ഈദോ ആവട്ടെ, ഉത്സവകാലം കൊഴുപ്പിക്കാൻ സിനിമകളും തിയേറ്ററുകളിലെത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് മിഴിവേറുന്നത്. ഇനി ഈദ് റിലീസ് ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
റംസാന്‍ വ്രതം ഇന്ന് ആരംഭിച്ചതിനാല്‍ ഇനി ഈദ് റിലീസ് ചിത്രങ്ങളിലേക്കാണ് പ്രേക്ഷകർ പ്രധാനമായും ഉറ്റുനോക്കുന്നത്. മമ്മൂട്ടിയുടെയും ആസിഫ് അലിയുടെയും വിനായകന്റെയും വിനയ് ഫോർട്ടിന്റെയും ജയറാമിന്റെയും ആഷിഖ് അബുവിന്റെയുമടക്കം ഏഴു ചിത്രങ്ങളാണ് ഈദ് റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്.
മമ്മൂട്ടി ചിത്രം ‘ഉണ്ട’, ‘ചിൽഡ്രൻസ് പാർക്ക്’, ‘കക്ഷി അമ്മിണിപ്പിള്ള’, ആഷിഖ് അബുവിന്റെ ‘വൈറസ്’, വിനായകൻ കേന്ദ്രകഥാപാത്രമാകുന്ന ‘തൊട്ടപ്പൻ’, വിനയ് ഫോർട്ട് നായകനാവുന്ന ‘തമാശ’, ജയറാം നായകനാവുന്ന ‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ’ എന്നിവയാണ് ഇവ. ഒപ്പം ബോളിവുഡിൽ നിന്നും സൽമാൻ ഖാൻ ചിത്രം ‘ഭാരതും’ ഈദ് റിലീസായി എത്തുന്നുണ്ട്.
Mammootty Starrer Unda Release: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഈദിനെത്തും
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ‘ഉണ്ട’യിലേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.
പന്ത്രണ്ട് കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ ലോപസ് എന്നിവരാണ് മറ്റു താരങ്ങള്‍.
Read more: Mammootty starrer ‘Unda’ First Look: മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഫസ്റ്റ് ലുക്ക്
കാസര്‍ഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാര്‍ ആണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.
Virus Movie Release: നിപ്പയെ അതിജീവിച്ച കഥ പറയാൻ ‘വൈറസ്’
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായിരുന്നു നിപ്പ വൈറസ് ബാധ. നിപ്പയെ അതിജീവിച്ച കേരളത്തിന്റെ കഥയുമായെത്തുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വൈറസ്’. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം ട്രെയിലറിലും പ്രകടമാണ്.
നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Read More: ആരോഗ്യമന്ത്രി ശൈലജ ടീച്ചറല്ലേ ഇത്!; ഞെട്ടിച്ച് ‘വെെറസി’ലെ രേവതി
ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.
Thottappan Release: ‘തൊട്ടപ്പനായി’ വിനായകന്‍
‘കിസ്മത്തി’ന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്‍’. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് ‘തൊട്ടപ്പന്‍’. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖം പ്രിയംവദയാണ് നായിക.
Read more: വിനായകനൊപ്പം ദിലീഷ് പോത്തനും; ‘തൊട്ടപ്പന്‍’ രണ്ടാം പോസ്റ്റര്‍
ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്നും എഡിറ്റിംഗ് ജിതിന്‍ മനോഹറും നിർവ്വഹിച്ചു. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് നിര്‍മാണം.
Thamaasha Movie Release: ‘തമാശ’യുമായി വിനയ് ഫോർട്ട്
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ചിത്രമാണ് ‘തമാശ’. ‘പ്രേമ’ത്തിനു ശേഷം വിനയ് ഫോര്‍ട്ട് വീണ്ടും കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി എന്നിവരാണ് നായികമാരായി എത്തുന്നത്. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സലീം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ അഷ്റഫാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘തമാശ’.
റെക്‌സ് വിജയനും ഷഹബാസ് അമനുമാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിൻ പരാരിയാണ് ഗാനരചന. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയും നിർവ്വഹിക്കുന്നു.
My Great Grand Father Release: ചിരിപ്പിക്കാൻ ജയറാമും കൂട്ടരുമെത്തുന്നു
ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈ ഗ്രേറ്റ് ഗ്രാൻറ് ഫാദർ. ചിത്രത്തിൽ ഗ്രാൻഡ് ഫാദറായിട്ടാണ് ജയറാം അഭിനയിക്കുന്നത്. ഹ്യൂമറും സസ്പെൻസുമെല്ലാമുള്ള ചിത്രം ഒരു ഫാമിലി എന്റർർടെയിനർ ചിത്രമാണെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ജയറാമിനൊപ്പം ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ഉത്സാഹകമ്മിറ്റി’ക്ക് ശേഷം ജയറാമും ബാബുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മൈ ഗ്രേറ്റ് ഗ്രാൻറ് ഫാദർ’. ചിത്രത്തില്‍ രാജാമണിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗദ, സലിം കുമാർ, ജോണി ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.
ഷാനി ഖാദറാണ് ചിത്രത്തിന്റെ തിരക്കഥ. റാഹ ഇന്റർർനാഷണലിന്റെ ബാനറിൽ ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്. ചിത്രം ഈദ് റിലീസായിട്ടായിരിക്കും തിയേറ്ററുകളിൽ എത്തുക.
Childrens Park release: കുട്ടിപ്പടയുമായി ‘ചിൽഡ്രൻസ് പാർക്ക്’ വരുന്നു
‘2 കൺട്രീസി’നു ശേഷം ഷാഫി-റാഫി ടീമിന്‍റെ പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥയും തിരക്കഥയും റാഫിയും ഒരുക്കിയിരിക്കുന്നു. നൂറോളം കുട്ടികൾ അഭിനയിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ,ധ്രുവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.
ഗായത്രി സുരേഷും മാനസ രാധാകൃഷ്ണൻ, സൗമ്യ മേനോൻ, മധു, റാഫി, ധർമജൻ, ശ്രീജിത് രവി, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചി ഫിലിംസിന്റെ ബാനറിൽ രുപേഷ് ഓമനയും മിലൻ ജലീലും ചേർന്നാണ് നിർമാണം. ഫൈസൽ അലി ഛായാഗ്രഹണം നിർവ്വഹിച്ചു.
Kakshi Aammini Pilla Release: ആസിഫിന്റെ ‘കക്ഷി അമ്മിണിപ്പിള്ള’യും ഈദിനെത്തും
ആസിഫ് അലി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കക്ഷി: അമ്മിണിപ്പിള്ള’. പുതുമുഖ സംവിധായകൻ ദിൻജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സറാ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് നിർമാണം. സനിലേഷ് ശിവനാണ് തിരക്കഥ. ചിത്രത്തിലെ നായിക പുതുമുഖമാണ്.
Read more: വിജയ് സൂപ്പറും പൗർണമിയും, കക്ഷി: അമ്മിണിപ്പിള്ള: അണിയറയില്‍ രണ്ട് ആസിഫ് അലി ചിത്രങ്ങള്‍</a
“യഥാർത്ഥ ജീവിതത്തിൽ സാധിക്കാത്ത വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് അഭിനേതാവിന്റെ ഭാഗ്യം. ഒരു വക്കീലിന്റെ വേഷം ചെയ്യണമെന്നത് ഏറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു. ഇപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു. പ്രേക്ഷകരുടെ പ്രാർത്ഥനയും അനുഗ്രഹവവും വേണം”, എന്നാണ് ‘കക്ഷി: അമ്മിണിപ്പിള്ള’യിലെ വേഷത്തെ കുറിച്ച് ആസിഫ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.
Bharat Release: സൽമാൻ അഞ്ചു വ്യത്യസ്ത ലുക്കിലെത്തുന്ന ‘ഭാരത്’
സൽമാൻ ഖാൻ നായകനാവുന്ന ‘ഭാരത്’ ഈദിനെത്തും. അഞ്ചു വ്യത്യസ്ത ലുക്കുകളിലാണ് സൽമാൻ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ തന്റെ ഓരോ ലുക്കും പോസ്റ്ററുകളായി സോഷ്യൽ മീഡിയയിലൂടെ സൽമാൻ ഖാൻ നേരത്തെ പങ്കുവച്ചിരുന്നു. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക. തബു, ജാക്കി ഷറഫ്, സുനിൽ ഗ്രോവർ, ആസിഫ് ഷെയ്ഖ്, സൊനാലി കുൽക്കർണി, ദിഷ പട്നാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
അലി അബ്ബാസ് സഫറാണ് ഭാരത് സിനിമയുടെ സംവിധായകൻ. സുൽത്താൻ, ടൈഗർ സിന്താ ഹെ എന്നീ ചിത്രങ്ങൾക്കുശേഷം ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ജൂൺ അഞ്ചിനാണ് ‘ഭാരത്’ റിലീസിനെത്തുന്നത്.