scorecardresearch

IFFI 2025: സ്വപ്നങ്ങളിലെ ബലൂണുകളും യാഥാർത്ഥ്യത്തിലെ മീൻ മണവും! 'ഹാപ്പി ബർത്ത്ഡേ' പറയുന്നത്

ഈജിപ്തിലെ ബാലവേലയുടെയും സാമ്പത്തിക അസമത്വത്തിന്റെയും പശ്ചാത്തലത്തിൽ ജീവിതത്തിന്റെ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു കുട്ടികളുടെ കഥ പറയുകയാണ് സാറാ ഗോഹർ

ഈജിപ്തിലെ ബാലവേലയുടെയും സാമ്പത്തിക അസമത്വത്തിന്റെയും പശ്ചാത്തലത്തിൽ ജീവിതത്തിന്റെ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു കുട്ടികളുടെ കഥ പറയുകയാണ് സാറാ ഗോഹർ

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Happy Birthday Movie Egypt review IFFI 2025

ഈജിപ്തിൽ നിന്നും 2026-ലെ ഓസ്കാറിലേക്കുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സാറാ ഗോഹർ സംവിധാനം ചെയ്ത ചിത്രമാണ് 'ഹാപ്പി ബർത്ത്ഡേ'. സാമ്പത്തിക അസമത്വത്തെയും ബാലവേലയെയും വളരെ തീവ്രതയോടെ ഒരു എട്ടുവയസ്സുകാരിയുടെ കണ്ണിലൂടെ പര്യവേക്ഷണം ചെയ്യുകയാണ് ഈ ചിത്രം. 

Advertisment

ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിൽ നിറപ്പകിട്ടാർന്ന ബലൂണുകളും പിറന്നാൾ കേക്കും പിറന്നാൾ തോരണങ്ങളുമൊക്കെ ഒരിക്കലെങ്കിലും സ്വപ്നം കാണാത്ത കുട്ടികളുണ്ടാവില്ല. തോഹ എന്ന എട്ടുവയസ്സുകാരിയും നിറപ്പകിട്ടാർന്ന ഒരു പിറന്നാളാഘോഷം സ്വപ്നം കാണുന്നുണ്ട്. പക്ഷേ അന്നന്നേക്കുള്ള ഭക്ഷണത്തിനായി വിധവയായ ഉമ്മിയ്ക്കും സഹോദരിയ്ക്കുമൊപ്പം നൈൽ നദിയിൽ നിന്ന്  മീൻ പിടിച്ച് ഉപജീവനം നടത്തുന്ന തോഹയുടെ ജീവിതത്തിൽ പിറന്നാളാഘോഷം എന്നതൊക്കെ അൾട്രാ ലക്ഷ്വറിയായ കാര്യമാണ്.  

മീനിന്റെ ഗന്ധമാണ് തോഹയുടെ  ആ കുടുസു വീടിന്. ആ കുഞ്ഞുവീട് നിറയെ തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്ത കുട്ടികളാണ്. ഉടുപ്പും കിടക്കയുമടക്കം എല്ലാം പങ്കുവയ്ക്കപ്പെട്ടുമാത്രമാണ് തോഹയ്ക്ക് ശീലം. 

Also Read: സർജറി വിജയമായിരുന്നു, കഠിനമായ ഈ ഘട്ടം താണ്ടി തിരിച്ചുവരും: സിദ്ധാർത്ഥ് മേനോൻ

Advertisment

തോഹയെ സംബന്ധിക്കുന്ന ഏറ്റവും വലിയ ഐറണി എന്തെന്നാൽ, സ്വന്തം ജന്മദിനം പോലും അവൾക്കറിയില്ല എന്നതാണ്. ഉമ്മിയോട് താൻ ജനിച്ച ദിവസത്തെ കുറിച്ച്  തിരക്കുന്നുണ്ട് തോഹ ഒരിക്കൽ.  ജന്മദിനം പോയിട്ട് മകൾ പിറന്ന മാസം പോലും ഓർമയിൽ ഇല്ല ആ അമ്മയ്ക്ക്. ഇവിടെയാണ് സിനിമയുടെ ശീർഷകമായ 'ഹാപ്പി ബർത്ത്ഡേ' ഒരു വിരോധാഭാസമായി മാറുന്നത്.

സ്വന്തമായൊരു ജന്മദിനാഘോഷമെന്നത് വിദൂര സ്വപ്നങ്ങളിൽ പോലും കാണാൻ കഴിയാത്ത തോഹ പക്ഷേ ഏറ്റവും കൊതിയോടെയും ആവേശത്തോടെയും ഒരു പിറന്നാൾ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്.  ഇവിടെ ജന്മദിനം തോഹയുടേതല്ല, അവൾ ജോലി ചെയ്യുന്ന കെയ്റോയിലെ സമ്പന്ന കുടുംബത്തിലെ യജമാനത്തിയുടെ മകൾ നെല്ലിയുടേതാണ് ആ പിറന്നാൾ. ഏതാണ്ട് തന്റെ സമപ്രായക്കാരിയായ നെല്ലിയുമായി​ തോഹയ്ക്ക് ഒരു ആത്മബന്ധമുണ്ട്. അതിനാൽ തന്നെ നെല്ലിയുടെ ജന്മദിനം ആഘോഷമാക്കാൻ തോഹയും ഉത്സാഹിക്കുന്നു. യജമാനത്തി ലൈലയ്ക്ക് ഒപ്പം ബർത്ത്ഡേ പർച്ചെയ്സിനു പോവുന്ന തോഹയുടെ ശരീരഭാഷയിൽ ഉടനീളം ആ ഉത്സാഹം നിഴലിക്കുന്നുണ്ട്.  

Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര

തന്റെ ഉമ്മിയും സഹോദരിമാരും ചെയ്യുന്ന, താനും ചെയ്യാൻ നിർബന്ധിതയായ, അരയിൽ കെട്ടിയ കാനുമായി തണുത്തവെള്ളത്തിൽ ഇറങ്ങി മുങ്ങാംകുഴിയിട്ട് മീൻ പിടിച്ച് പൊങ്ങുന്ന ആ ജോലിയിൽ നിന്ന് രക്ഷ നേടണമെന്ന് അതീവ കൊതിയുണ്ട് തോഹയ്ക്ക്. അവളുടെ പിതാവ് മുങ്ങിമരിച്ചത് ഇതേ ജോലിയ്ക്കിടയിലാണ്.  എക്കാലവും നെല്ലിയുടെ വീട്ടിൽ അവർക്കൊപ്പം നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നൊരു വലിയ മോഹവും അവളുള്ളിൽ പേറുന്നുണ്ട്. എന്നെന്നും അവിടെ നിന്നുപോവാനുള്ള കൊതിയാൽ, വേണമെങ്കിൽ എന്റെ ശബളം കുറച്ചോളൂ എന്നവൾ യജമാനത്തിയ്ക്കു മുന്നിലൊരു വിലപേശലും നടത്തിനോക്കുന്നുണ്ട്. 

അങ്ങനെ തോഹ ഏറെ കാത്തിരുന്ന നെല്ലിയുടെ പിറന്നാൾ ദിനമെത്തുന്നു. പക്ഷേ, ആ പാർട്ടിയിൽ പങ്കെടുക്കും മുൻപ് അവളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് സഹോദരി. പോവാൻ വിസമ്മതിക്കുന്ന തോഹയോട് ഉമ്മിയ്ക്ക് വയ്യെന്നും ഹോസ്പിറ്റലിൽ ആണെന്നും സഹോദരി കള്ളം പറയുന്നു. മനസ്സില്ലാമനസ്സോടെ അവൾ വീട്ടിലേക്ക് മടങ്ങുകയാണ്. നെല്ലിയുടെ ആഢംബരപൂർണ്ണമായ വീട്ടിൽ നിന്നും ക്യാമറ തോഹയുടെ ശോച്യാവസ്ഥയിലുള്ള വീടിന്റെ കാഴ്ചകളിലേക്ക് ഫോക്കസ് മാറ്റുന്നിടത്ത് തന്നെ, ഇരു വീടുകളും തമ്മിലുള്ള സാമൂഹിക അന്തരം പ്രേക്ഷകർക്ക് വ്യക്തമായി തുടങ്ങും. 

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

നെല്ലിയ്ക്ക് അരികിൽ നിന്ന് മെഴുകുതിരികൾ ഊതി കെടുത്താനും കേക്ക് കട്ട് ചെയ്യാനുമൊക്കെയുള്ള കൊതിയോടെ കരയിൽ പിടിച്ചിട്ട മീനിനെ പോലെ പിടയുകയാണ് തോഹ. അതിനായവൾ നടത്തുന്ന സാഹസികതയിലൂടെയാണ് കഥ മുന്നേറുന്നത്. 

ഈജിപ്തിലെ ബാലവേലയുടെയും വർഗ്ഗ വിഭജനത്തിൻ്റെയുമെല്ലാം പശ്ചാത്തലത്തിൽ ജീവിതത്തിന്റെ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന തോഹയുടെയും നെല്ലിയുടെയും കഥ പറയുകയാണ് സാറാ ഗോഹർ. സംവിധായികയുടെ ആദ്യ സംവിധാന സംരംഭമാണിത്. സാറാ ഗോഹറും ജീവിത പങ്കാളിയും ക്രിയേറ്റീവ് പാർട്ണറുമായ മുഹമ്മദ് ദിയാബും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ജാമി ഫോക്സ് ആണ് ചിത്രത്തിന്റെ നിർമാതാവ്. ലളിതമായ പ്രമേയം കൊണ്ട് വലിയ സാമൂഹിക ചോദ്യങ്ങൾ ഉയർത്തുകയാണ് ഈ ചിത്രം. 

Happy Birthday Movie Egypt review IFFI 2025 a

പുതുമുഖമായ ദോഹ റമദാൻ, നെല്ലി കരീം, ഹനാൻ മൊട്ടാവി, ഷെരീഫ് സലാമ, അലി സോബി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.  എന്നാൽ, ചിത്രത്തെ ഒന്നാകെ ചുമലിലേറ്റുന്നത് തോഹയെ അനശ്വരമാക്കിയ ബാലതാരം ദോഹ റമദാൻ ആണ്. ദോഹയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നിഷ്കളങ്കത, നിരാശ, നിശ്ചയദാർഢ്യം, ഉത്സാഹം, തിരിച്ചറിവുകൾ, വേദനകൾ, നിസ്സംഗത എന്നിങ്ങനെ വിവിധ വൈകാരിക ഭാവങ്ങളെ വളരെ സൂക്ഷ്മതയോടെയും കയ്യടക്കത്തോടെയും അവതരിപ്പിക്കുന്നുണ്ട് ദോഹ റമദാൻ. 

നെല്ലിയുടെ പിറന്നാൾ കേക്കിന്റെ ബാക്കി കഷ്ണവും ഒരു മെഴുകുതിരിയും കൊണ്ട് തോഹ വീട്ടിലേക്ക് ബസ്സു കയറുന്നൊരു രംഗമുണ്ട് ചിത്രത്തിൽ. മെഴുകുതിരിയുടെ വെളിച്ചത്തിൽ തോഹയുടെ മുഖത്തു തെളിയുന്ന നിരാശ, സങ്കടം, വിങ്ങൽ... ഒടുവിൽ എല്ലാം കൂടി കണ്ണിലൂടെ രണ്ടു തുള്ളി കണ്ണീരായി ഒലിച്ചിറങ്ങുന്നു. ആ ഒരൊറ്റ ഷോട്ടിൽ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നുണ്ട് ഈ ബാലതാരം. 

Also Read: Eko Review: ഒരു ക്ലാസിക് ചെറുകഥ പോലെ സുന്ദരം, ഇന്റർനാഷണൽ നിലവാരമുള്ള മലയാളചിത്രം; എക്കോ റിവ്യൂ

Iffi Film Fesival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: