/indian-express-malayalam/media/media_files/uploads/2018/01/Sunitha-and-NImisha.jpg)
'നായായിട്ട് ജീവിക്കുന്നതിനെക്കാള്‍ നല്ലത് നരിയായിട്ട് മരിക്കുന്നതാണെന്ന്' പറയുന്ന ആണ്‍ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ നരിയായിട്ട് ജീവിക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ കഥകൂടിയാണ് 'ഈട'. ഈ സിനിമ കണ്ടവര്‍ക്കറിയാം ചിത്രത്തിലെ വഴിത്തിരിവാകുന്ന ഓരോ സംഭവങ്ങള്‍ക്കു പുറകിലും ഒരു സ്ത്രീയുണ്ട്. പ്രധാന തീരുമാനങ്ങളെടുക്കുന്നവരെല്ലാം സ്ത്രീകളാണ്. മലയാള സിനിമയിലെ സ്ത്രീവിരുദ്ധത മുമ്പെങ്ങുമില്ലാത്ത വിധം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്താണ് തന്റെ ചിത്രത്തിലൂടെ നിലാപാടുകളുള്ള, അത് തുറന്നു പറയാന്‍ ധൈര്യമുള്ള ഒരുകൂട്ടം സ്ത്രീകളെ ബി. അജിത് കുമാര്‍ എന്ന സംവിധായകന്‍ അവതരിപ്പിക്കുന്നത്. 'ഈട' കണ്ടവരാരും മറക്കില്ല സഖാവ് രാധികയെ. മുമ്പ് സൗബിന്‍ സാഹിറിന്റെ പറവ എന്ന ചിത്രത്തിലും സുനിത സി.വി. എന്ന ഈ നടിയെ നമ്മള്‍ കണ്ടിട്ടുണ്ട്. 'ഈട'യിലെ സഖാവ് കാരിപ്പള്ളി ദിനേശന്റെ നല്ലപാതിയായ സഖാവ് രാധികയെ അവതരിപ്പിച്ചിരിക്കുന്നത് ജീവിതത്തില്‍ ബി. അജിത്കുമാറിന്റെ നല്ലപാതിയായ സുനിതയാണ്.
"സംഘര്‍ഷങ്ങളുടെ ആത്യന്തികമായ ഇരകള്‍ സ്ത്രീകളാകുന്നതു പോലെ തന്നെ ഓരോ സംഘര്‍ഷങ്ങളെയും അതിജീവിക്കുന്നവരും കൂടുതല്‍ സ്ത്രീകളാണ്. സിനിമയുടെ പ്രധാന ടേര്‍ണിംഗ് പോയിന്റിലെല്ലാം നിങ്ങള്‍ക്ക് ഒരു സ്ത്രീയെ കാണാം. അവരുടെ തീരുമാനങ്ങളെ കാണാം. അതില്‍ തന്നെ എടുത്തു പറയേണ്ടത് സുരഭിയുടെ കഥാപാത്രമാണ്. സ്‌നേഹിക്കുന്ന ആളെ നഷ്ടപ്പെട്ട പെണ്ണാണ്. അപകടമാണ് എന്ന് അറിഞ്ഞുകൊണ്ടാണ് 'അടുത്ത ഇര നീയാണ്' എന്നവള്‍ നന്ദുവിന് മുന്നറിയിപ്പ് നല്‍കുന്നത്. രാഷ്ട്രീയമറിയാവുന്ന സ്ത്രീകളാണ് 'ഈട'യിലേത്. പക്ഷെ ഏല്ലാത്തിനുമപ്പുറത്ത് അവര്‍ വിശ്വസിക്കുന്നത് മാനവികതയിലാണ്. സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലാണ്."
സഖാവ് രാധികയാകാന്‍ പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്നാണ് സുനിത പറയുന്നത്.
"സത്യത്തില്‍ പറവയില്‍ അഭിനയിക്കുന്നതിനു മുമ്പ് ഞാന്‍ ഒരുപാട് തയ്യാറെടുപ്പൊക്കെ നടത്തിയിരുന്നു. പക്ഷെ രാധികയാകാന്‍ അത്രയൊന്നും കഷ്ടപ്പെടേണ്ടിവന്നിട്ടില്ല. അജിത്തിന്റെ കൂടെ കൂടിയ ശേഷം ഏതൊരു വിഷയത്തെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അജിത് കൃത്യമായ രാഷ്ട്രീയമുള്ള ചുറ്റും നടക്കുന്നതെന്തെന്ന് അറിയാവുന്ന ആളാണ്. അത്തരം ചര്‍ച്ചകളും യാത്രകളും ഞങ്ങള്‍ നടത്താറുണ്ട്. ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകയായിരുന്നു. പിന്നെ ധാരാളം കണ്ണൂര്‍കാരായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അതുകൊണ്ട് കണ്ണൂരും അവിടുത്തെ സാഹചര്യങ്ങളും എനിക്ക് പുതിയതല്ല. എങ്കിലും സിനിമയ്ക്കു മുമ്പായി ഞാനവിടെ പോയിരുന്നു. അവിടുത്തെ സ്ത്രീകളുമായി സംസാരിച്ചിരുന്നു. അവരുമായി അടുത്ത് ഇടപഴകാന്‍ ശ്രമിച്ചിരുന്നു. അത്തരം ചില തയ്യാറെടുപ്പുകള്‍ മാത്രം. അതിനപ്പുറത്തേക്ക് വലിയൊരു റിഹേഴ്‌സലൊന്നും നടത്തിയിട്ടില്ല. ഈ സിനിമയ്ക്കുവേണ്ടി പക്ഷെ അജിത് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. എഴുത്തിനിടയില്‍ ഓരോ തവണയും ഓരോന്നിനേയും ഞങ്ങള്‍ ക്രോസ് വിസ്താരം ചെയ്യുമായിരുന്നു. ഇതങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ അതിങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ എന്നൊക്കെ. അങ്ങനെ വലിയൊരു എഫേര്‍ട്ട് ഈ സിനിമയുടെ പുറകിലുണ്ട്. പക്ഷെ അപ്പോള്‍ പോലും എനിക്കറിയാത്ത കാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു ഇതില്‍. സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനാദ്യം ചോദിച്ചത് നായകന്‍ കമ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ നിന്നും നായിക ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്നും അല്ലേ എന്ന്. അപ്പോള്‍ അജിത് പറഞ്ഞു തിരിച്ചാണെന്ന്. പക്ഷെ അന്നെനിക്കറിയില്ലായിരുന്നു എന്തിനാണ് അജിത് അങ്ങനെ ചെയ്തതെന്ന്. പിന്നീടാണ് കാര്യങ്ങള്‍ മനസിലായത്. ഈ സിനിമ പറയുന്നത് മനുഷ്യത്വത്തെക്കുറിച്ചാണ്. ഒരുപക്ഷവും പിടിക്കുന്നില്ല. മനുഷ്യപക്ഷമാണ് 'ഈട'യുടേത്."
Read More : വലതുപക്ഷത്തിന്‍റെ കെണിയിലകപ്പെട്ടവരുടെ കഥയാണ് ഈട; അജിത് കുമാർ സംസാരിക്കുന്നു
പ്രാഗില്‍ സിനിമ പഠിക്കുകയാണ് സുനിത. അത് പക്ഷെ അഭിനയത്തെ ഗൗരവമായി കാണുന്നതുകൊണ്ടു മാത്രമല്ല.
"ഒരുപാട് കഴിവുള്ള കുട്ടികളുണ്ട് ഇവിടെ. പക്ഷെ അവര്‍ക്ക് വേണ്ട ഗ്രൂമിങ് കിട്ടുന്നില്ല. അഭിനയം മാത്രമല്ല ഞാന്‍ ഇവിടെ പഠിക്കുന്നത്. പ്രൊഡക്ഷന്‍ സൈഡും പഠിക്കുന്നുണ്ട്. മെയ് മാസത്തില്‍ കോഴ്‌സ് തീരും. നാട്ടില്‍ വന്ന് സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുണ്ട്. പിന്നെ അജിത് ഇനിയും സിനിമ ചെയ്യും. അജിതിനെ പോലെ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും ചിലപ്പോള്‍ സൂപ്പര്‍ സ്റ്റാറുകളുടെ ഡേറ്റ് കിട്ടിയെന്നു വരില്ല. പുതുമുഖങ്ങള്‍ക്കു വേണ്ടി നമ്മളും എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്. കഴിവുള്ള കുട്ടികള്‍ ഇവിടെ ഉണ്ടെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിമിഷ. ശരിക്കും ജന്മനാ കഴിവുള്ളവര്‍ എന്നൊക്കെ പറയുന്നതു പോലെയാണ്. ഒരു രക്ഷയുമില്ല. അസാധ്യ അഭിനയമാണ് നിമിഷയുടേത്."
കെ.ജി ജോര്‍ജിനെ പോലുള്ള ചുരുക്കം ചില സംവിധായകരേ മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് ശക്തമായ കഥാപാത്രങ്ങളെ നല്‍കിയിട്ടുള്ളൂ എന്നാണ് സുനിതയുടെ അഭിപ്രായം. ഈടയിലെ സ്ത്രീകളെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും സുനിത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.