/indian-express-malayalam/media/media_files/uploads/2018/01/Eeda-Shane-and-Nimisha.jpg)
ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബി. അജിത്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഈട' നാളെ തിയേറ്ററുകളിലെത്തും. എഡിറ്റര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ ബി. അജിത് കുമാര്‍ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തീവ്രമായ ഒരു പ്രണയകഥ പറയുന്ന 'ഈട', പ്രണയചിത്രങ്ങളെ എന്നും ആഘോഷിച്ചിട്ടുള്ള മലയാളികള്‍ക്ക് എല്‍.ജെ ഫിലിംസിന്റെ പുതുവര്‍ഷ സമ്മാനമായിരിക്കും.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാ നിമിഷ സജയന്റെ രണ്ടാമത്തെ ചിത്രമാണിത്. സൗബിന്‍ ഷാഹിറിന്റെ പറവ എന്ന ചിത്രത്തിനു ശേഷം ഷെയ്ന്‍ നിഗം എത്തുന്നതും ഈടയിലാണ്.
എംബിഎ ബിരുദധാരിയും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്. കണ്ണൂരുകാരിയായ ഐശ്വര്യ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് നിമിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയകഥയാണ് ഈട പറയുന്നത്. വടക്കന്‍ കേരളത്തില്‍ ഇവിടെ എന്ന് പറയാന്‍ ഉപയോഗിക്കുന്ന വാക്കാണ് 'ഈട'.
ഷെയ്‌നിനും നിമിഷയ്ക്കും പുറമേ, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, മലയാള സിനിമയില്‍ അടുത്ത കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, 'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുനിത എന്നിങ്ങനെ മികച്ച അഭിനേതാക്കളാണ് 'ഈട'യില്‍ മറ്റ് കഥാപാത്രങ്ങളാകുന്നത്. ഡെല്‍റ്റ സ്റ്റുഡിയോക്കു വേണ്ടി ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് കളക്ടീവ് ഫേസ് വണ്‍ ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.