സിനിമ എപ്പോഴും ഒരു മായിക ലോകമാണ്. ഒന്നോ രണ്ടോ ചെറിയ സീനുകളിൽ വന്നുപോവുന്ന ജൂനിയർ താരങ്ങൾ വരെ ചിലപ്പോൾ പ്രേക്ഷകരാൽ എന്നെന്നും ഓർക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാറുണ്ട്.​ ഷൂട്ടിംഗ് കാണാനെത്തി അഭിനേതാക്കളായവരുടെ കഥകളും നമ്മൾ ഏറെ കേട്ടിട്ടുണ്ട്. ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയ്ക്കു പിന്നിലെ രസകരമായൊരു ഓർമയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ആദ്യമായി ഒരു സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയ ചെറുപ്പക്കാരന് ആ സിനിമയിലെ ഒരു രംഗത്ത് അഭിനയിക്കേണ്ടി വന്നു. വർഷങ്ങൾക്കിപ്പുറം അതേ ചെറുപ്പക്കാരൻ വലിയൊരു സിനിമാപ്രേമിയാവുകയും മലയാളസിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2 പെൺകുട്ടികള്‍, കുഞ്ഞുദൈവം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ജിയോ ബേബിയാണ് ആ ചെറുപ്പക്കാരൻ.

സംവിധായകൻ സിദ്ധാർഥ് ശിവയുടെ അച്ഛൻ കവിയൂർ ശിവ പ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഈ സ്നേഹതീരത്ത്’. സുഹൃത്തായ സിദ്ധാർത്ഥിനൊപ്പം ഷൂട്ടിംഗ് കാണാൻ പോയപ്പോഴാണ് അഭിനയിക്കാൻ ഒരു അവസരം ജിയോ ബേബിയെ തേടിയെത്തിയത്. സിനിമാസ്നേഹിയായ അഭിഷേക് ദാസാണ് ഈ ഓർമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘ഈ സ്നേഹതീരത്ത് (സാമം)’. ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയിൽ സ്പെഷ്യൽ ജൂറി പരാമർശവും കുഞ്ചാക്കോ ബോബന് ലഭിച്ചു.

jeo baby, jeo baby old photo, jeo baby movies

‘നി കൊ ഞാ ചാ’, ‘പൊട്ടാസ് ബോംബ്’ എന്ന സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ച ജിയോ ബേബി 2014- ൽ ആണ് ‘2പെൺകുട്ടികൾ’ എന്ന സിനിമ സംവിധാനം ചെയ്തത്. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ആ ചിത്രം സ്വന്തമാക്കി. അമേരിക്ക, ബുസാൻ, സ്വീഡൻ, ടർക്കി ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിയ്ക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. ജിയോ ബേബിയുടെ രണ്ടാമത്തെ ചിത്രമായ ‘കുഞ്ഞു ദൈവം’ മികച്ച ബാലതാരത്തിനുള്ള അറുപത്തിനാലാമത് ദേശീയ പുരസ്ക്കാരവും വേൾഡ് ഫെസ്റ്റ് ഹൂസ്റ്റൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ചിത്രത്തിന്റെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരവും നേടി. ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ എന്നീ പുരസ്കാരങ്ങളും ‘കുഞ്ഞു ദൈവം’ നേടി.

‘ഈ സ്നേഹതീരത്ത്’ എന്ന സിനിമ കൂടാതെ ഐൻ, കുഞ്ഞു ദൈവം, എടക്കാട് ബറ്റാലിയൻ 06 എന്നീ ചിത്രങ്ങളിലും ജിയോ അഭിനയിച്ചിട്ടുണ്ട്.

Read more: മകനെ മുഖ്യമന്ത്രിയുടെ ശബ്ദത്തിൽ ‘വിരട്ടിയ’ അപ്പൻ… ജിയോ ബേബിയുടെ ലോക്ക്‌ഡൗൺ വിശേഷങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook