വിനീത് ശ്രീനിവാസന് നായകനായ ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രം ട്രീറ്റ്മെന്റിലെ പുതുമ കൊണ്ടും, പ്രമേയം കൊണ്ടും വേറിട്ടുനിന്ന ചിത്രമാണ്. കഴിഞ്ഞ നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തു വരികയാണ്. എന്നാൽ ഏറെ പ്രേക്ഷകപിന്തുണ ലഭിച്ച ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സി’ന് എതിരെ രംഗത്തുവന്നിരിക്കുകയാണ് നടൻ ഇടവേള ബാബു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് ഇടവേള ബാബു ‘മുകുന്ദന് ഉണ്ണി’യെ വിമർശിച്ചത്.
ഇടവേള ബാബുവിന്റെ വാക്കുകൾ ഇങ്ങനെ: “മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. പടം മൊത്തം നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്നെഴുതി കാണിച്ചാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ പറയാൻ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്നതിനും മദ്യം നിറച്ച ഗ്ലാസ് കാണിക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ നിങ്ങളൊന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ഇവിടെ ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകനാണോ സിനിമാക്കാരനാണോ?”
“മുകുന്ദന് ഉണ്ണി ഇവിടെ ഓടിയ സിനിമയാണ്. പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്. എനിക്കൊന്നും അങ്ങനെയൊരു കഥവന്നു പറഞ്ഞാൽ ചിന്തിക്കാന്‍ പറ്റില്ല. ഞാന്‍ വിനീത് ശ്രീനിവാസനെ വിളിച്ച് ചോദിച്ചു, “വിനീതേ, എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്ന്?. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം ഡയറക്ട് ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്.’’
വിനീത് ശ്രീനിവാസൻ, ആര്‍ഷ ചാന്ദ്നി ബൈജു, തന്വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.