ടൊവിനോ നായകനാവുന്ന ‘എടക്കാട് ബറ്റാലിയൻ 06’, ജയരാജ് സംവിധാനം ചെയ്ത ‘രൗദ്രം’, സംവിധായകൻ എ എം നിഷാദ് ഒരുക്കിയ ‘തെളിവ്’, അപർണ ഗോപിനാഥ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘സെയ്ഫ്’, പുതുമുഖതാരങ്ങൾ അണിനിരക്കുന്ന ‘എന്നോടു പറ ഐ ലൗയൂന്ന്’ തുടങ്ങി അഞ്ചു ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലെത്തുന്നത്.
എടക്കാട് ബറ്റാലിയൻ 06
ടൊവിനോ ഒരു പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയൻ 06’. ഒരു പട്ടാളക്കാരന്റെ ഔദ്യോഗിക ജീവിതത്തിനൊപ്പം വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയൻ’. കേരളത്തിനു പുറമെ ലേ, ലഡാക്ക് എന്നിവിടങ്ങളിലും ചിത്രീകരിച്ച സിനിമയിൽ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. സ്വപ്‌നേഷ് കെ നായർ ആണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കിയിരിക്കുന്നത് പി ബാലചന്ദ്രൻ. റൂബി ഫിലിംസിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മേമൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിലെ ‘ഹിമമഴയായി…’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘തീവണ്ടി’യിലെ ‘ജീവാംശമായി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത്. മനു മഞ്ജിത്ത് രചിച്ച വരികൾ ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും യാസിൻ നിസാറും ചേർന്നാണ്.
രൗദ്രം
കേരളം അതിജീവിച്ച മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ജയരാജിന്റെ ‘രൗദ്രം’. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് ‘രൗദ്രം’. യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രണ്‍ജി പണിക്കരും കെപിഎസി ലീലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സബിത ജയരാജ്, ബിനു പപ്പന്‍, സരയൂ എന്നിവരും ചിത്രത്തിലുണ്ട്.
നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിച്ച ചിത്രത്തിന്റെ നിർമ്മാതാവ് ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ.
തെളിവ്
ലാൽ, ആശാ പണിക്കർ, രഞ്ജി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘തെളിവ്’. നെടുമുടി വേണു, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചെറിയാൻ കൽപ്പകവാടിയാണ് ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെങ്കാശി, തേൻമല, അച്ചൻ കോവിൽ, മൺറോ തുരുത്ത് എന്നിവിടങ്ങളിലായിട്ടാണ് ‘തെളിവി’ന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
എന്നോടു പറ ഐ ലൗയൂന്ന്
പുതുമുഖങ്ങളെ അണിനിരത്തി സംവിധായകന്‍ നിഖില്‍ വാഹിദ് ഒരുക്കുന്ന ചിത്രമാണ് ‘എന്നോട് പറ ഐ ലവ് യൂന്ന്’. നിരവധി ടെലിവിഷൻ താരങ്ങളും ചിത്രത്തിലുണ്ട്. ‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അൽ സാബിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ചാളന്‍ ഷിഹാബാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സെയ്ഫ്
സിജു വിത്സന്‍, അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘സെയ്ഫ്’. നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് സംവിധായകൻ. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എപിഫാനി എന്റർടെയ്മെന്റിന്റെ ബാനറിൽ ഷാജി പല്ലാരിമംഗലവും സർജു മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജി ജോൺ, ഹരിഷ് പേരടി, കൃഷ്ണ, പ്രസാദ് കണ്ണൻ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, ദിവ്യാ പിള്ള, ലക്ഷ്മി പ്രിയ, അഞ്ജലി നായർ, ഊമ്മിളാ ഉണ്ണി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read more: ചെഹ്‌രാ ഹേ യാ ചാന്ദ് ഖിലാ ഹേ.. ഹൃദയം തുറന്ന് ടൊവിനോ പാടി, ആസ്വദിച്ച് സംയുക്തയും