ജനുവരി 20 നു റിലീസ് ചെയ്ത മനോജ് നൈറ്റ് ശ്യാമളന് ചിത്രം ‘സ്പ്ളിറ്റ്’ ഹോളിവുഡില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു മുന്നേറുകയാണ്. മുതല്‍ മുടക്കിന്റെ 15 മടങ്ങ് (ഏകദേശം 135 മില്യണ്‍) കളകറ്റ് ചെയ്തായി ബോക്സ് ഓഫീസ് മോജോ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൊറര്‍ സിനിമകള്‍ക്ക് എല്ലാക്കാലത്തും ആരാധകര്‍ ഉണ്ടെന്നിരിക്കെ, ഈ ശ്രേണിയില്‍ പെട്ട സിനിമകള്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. സസ്പെന്‍സ് നിലനിര്‍ത്തുക, പ്രേക്ഷകരുടെ ഉദ്വേഗവും താല്പര്യവും കൂട്ടുക, കഥയിലെ ട്വിസ്റ്റ് പുറത്തു പോകാതിരിക്കുക തുടങ്ങിയവ ഹൊറര്‍ ചിത്രങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമായ ഖടകങ്ങളാണ്.
മലയാളത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ഹൊറര്‍ ചിത്രം ‘എസ്ര’ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ഇതിലെ ലൈലാകമേ എന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ നെഞ്ചേറ്റി കഴിഞ്ഞു. ട്രൈലെറും മേല്പറഞ്ഞ സംഗതികള്‍ പാലിക്കുന്നുണ്ട്. ഇതിന്റെ പോസ്റ്റകറുകളാകട്ടെ, ‘നിങ്ങളുടെ ഭയം ഉടന്‍ സത്യമാകും’ എന്നും ‘ദിബുക്ക് ബോക്സ് തുറക്കുമ്പോള്‍’ എന്നും വിളിച്ചോതുന്നു.
എന്താണീ ദിബുക്ക് ബോക്സ്?
ദിബുക്കിനെ ലളിതമായ മലയാളത്തില്‍ ബാധ എന്ന് പറയാം. ദുര്‍മരണം സംഭവിച്ച ആത്മാവ്. ജീവിച്ചിരിക്കുന്ന ആരുടെയെങ്കിലും ശരീരത്തിലേക്ക് സ്വയം ആവാഹിച്ചു തന്റെ ലക്ഷ്യം സാധിച്ചെടുക്കുന്ന പ്രേതം, പിശാച്ച്, യക്ഷി തുടങ്ങിയവരുടെ ഹീബ്രൂ – ജൂത പതിപ്പാണ് ദിബുക്ക്. ഒരു വൈന്‍ ബോക്സിനകത്താണ് ഈ കഥാപാത്രങ്ങള്‍ വസിക്കുന്നത്. ആ പെട്ടിയാണ് ദിബുക്ക് ബോക്സ്. ഇത് തുറക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നതാണ് എസ്രയുടെ ഇതിവൃത്തം. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ കാലത്തിന്റെ നാഗവല്ലിയും തെക്കിനിയും.

ദിബുക്ക് ബോക്സ്. എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് കെവിന് മെന്നിസ് എന്ന എഴുത്തുകാരനാണ്. പോര്‍ട്ട്ലാന്‍ഡിലെ ഒരു ചെറുകിട പുരാവസ്തുക്കച്ചവടക്കാരനായ കെവിന് 2003 ല്‍ ഒരു എസ്റ്റേറ്റിലെ കുറെ പഴയ വസ്തുക്കള്‍ വാങ്ങുന്നതിനിടയിലാണ് ഒരു പഴയ വൈന്‍ പെട്ടി കണ്ടത്. അത് വീട്ടിലേക്കു കൊണ്ട പോയ കെവിന് പിന്നീട് നേരിട്ട വിചിത്ര സംഭവങ്ങളാണ് തന്റെ പുസ്തകത്തില്‍ പറയുന്നത്.
ഇതേ വിഷയം പ്രതിപാദിക്കുന്ന സിനിമകള്‍, ടെലിവിഷന്‍ സീരീസ് , പോഡ്കാസ്റ്റ്, ഡോകുമെന്റ്ററികള് എന്നിവ ധാരാളം ഉണ്ടായിട്ടുണ്ട് ഹോളിവുഡില്‍. അവയെല്ലാം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയതുമാണ്.
ദിബുക്ക് ബോക്സ് നാളെ കേരളത്തില്‍ തുറക്കുമ്പോള്‍ മലയാളി അതിനെ എങ്ങനെ നേരിടുമെന്നു അറിയാന്‍ കാത്തിരിക്കാം.
എസ്ര സംവിധാനം ചെയ്തിരിക്കുന്നത് ജയ് കെ. പ്രിഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മുകേഷ് ആര് മേഹ്ത, സി വി സാരഥി, എ വി അനൂപ് എന്നിവര്‍.