scorecardresearch

ഷൂട്ടിനിടയിൽ എന്റെ ചവിട്ടുകൊണ്ട് വേദനയോടെ ഇന്ദ്രൻസ് ചേട്ടൻ ചുരുണ്ടുകൂടി; ‘ഉടൽ’ വിശേഷങ്ങൾ പങ്കുവച്ച് ദുർഗ കൃഷ്ണ

ഉടലിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവച്ച് ദുർഗ കൃഷ്ണ

Udal review, Udal review malayalam

ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഉടൽ’ മേയ് 20ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി ദുർഗ കൃഷ്ണ.

“ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതെന്റെ കടമയുമാണ്,” സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ദുർഗ പറയുന്നു.

രതീഷ് രഘുനന്ദന്‍ ആണ് ഉടലിന്റെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ശ്രദ്ധ നേടിയിരുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീതം സംവിധാനം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Durga krishna shares udal shooting experience indrans