സിനിമാപ്രേമികളെ വീണ്ടും അത്ഭുതപ്പെടുത്തി വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. പുതിയ ചിത്രമായ ഡണ്‍കിര്‍ക്ക് നോളന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണെന്നാണ് ആഗോള മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് പ്രിവ്യു ഷോയ്ക്ക് ശേഷം നിരൂപകര്‍ ചിത്രത്തിന് മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നത്.കൂടാതെ 9.6 ആണ് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. റൊട്ടണ്‍ ടൊമാറ്റോ നല്‍കിയതാകട്ടെ 98ഉം.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്ന് നോളന്‍ തന്നെ ചിത്രത്തെ വിശേഷിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കുളള മറുപടി തന്നെയാണ് ചിത്രം എന്നാണ് ആഗോളമാധ്യമങ്ങള്‍ നിരൂപിച്ചിരിക്കുന്നത്. 1940ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് തീരത്ത് പെട്ടുപോകുന്നതാണ് പ്രമേയം. ഡണ്‍കിര്‍ക്ക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ അനുഭവങ്ങളാണ് സിനിമ പറയുന്നത്.
നോളന്റെ മാസ്റ്റര്‍പീസ് ചിത്രമാണ് ഇതെന്ന് മിക്ക നിരൂപകരും വ്യക്തമാക്കുന്നു. ദ ഗാര്‍ഡിയന്‍, എംപയര്‍, ദ ടെലഗ്രാഫ്, ദ മിറര്‍ എന്നീ ലോകമാധ്യമങ്ങള്‍ അഞ്ചില്‍ അഞ്ച് സ്റ്റാറാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ദ ഇന്‍ഡിപെന്‍ഡന്‍ഡിന് വേണ്ടി നിരൂപണം എഴുതിയ ക്രിസ്റ്റഫര്‍ ഹൂട്ടോണ്‍ അഞ്ചില്‍ നാലാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
അതിശയപ്പെടുത്തുന്ന കാഴ്ച്ചാ അനുഭവം നല്‍കി നോളന്‍ പ്രേക്ഷകന് ചുറ്റിലും പേടിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് അഞ്ചില്‍ അഞ്ച് സ്റ്റാറും നല്‍കി ഗാര്‍ഡിയന് വേണ്ടി പീറ്റര്‍ ബ്രാഡ്ഷാ നിരൂപിക്കുന്നു. പത്രമാധ്യമങ്ങള്‍ കൂടാതെ മിക്ക ഇംഗ്ലീഷ് വാരികകളും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചിത്രത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കുന്നുണ്ട്.
ഇതുവരെ പുറത്തുവന്ന യുദ്ധ സിനിമകളുടെ അധിപനായിരിക്കും ഡണ്‍കിര്‍ക്കെന്ന വ്യക്തമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജര്‍മന്‍ പടയാളികളുടെ വലയത്തിലായ സഖ്യകക്ഷി സൈനികരുടെ മുന്നില്‍ കീഴടങ്ങുകയോ ശത്രുക്കളുടെ തോക്കിന് ഇരയാകുകയോ എന്ന സാഹചര്യം ഉണ്ടാകുന്നത്. എന്നാല്‍ ഇതിന്റെ ക്ലൈമാക്‌സ് എത്തരത്തില്‍ ആകുമെന്നാണ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ജൂലൈ 20നാണ് സിനിമ റിലീസ് ചെയ്യുന്നത്. ടോം ഹാര്‍ഡി, മാര്‍ക് റിലന്‍സ്, കെന്നത്ത് ബ്രാണ എന്നിവരാണു പ്രധാന അഭിനേതാക്കള്‍. മെമെൻറ്റൊ, ഇൻസോംനിയ, ബാറ്റ്മാൻ, പ്രസ്റ്റീജ്, ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലാർ തുടങ്ങിയവയാണ് നോളന്റെ മുന്‍കാല ഹിറ്റുകള്‍.