കേരള ചരിത്രത്തിലെ എറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരുങ്ങുന്നു. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുക. 2018ഓടെ ചിത്രം യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ വ്യക്തമാക്കി.

സുകുമാരക്കുറുപ്പിനെ പിടികൂടാനാകാത്തത് കേരള പൊലീസിന് അന്നും ഇന്നും നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ജീവിച്ചിരി‌പ്പുണ്ടോ എന്ന് പോലും വ്യക്ത‌തയില്ലാത്ത സുകുമാരക്കുറുപ്പിനെ കുറിച്ചുളള ചിത്രം എങ്ങനെയാണ് അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പോസ്റ്ററില്‍ ‘കമിംഗ് സൂണ്‍’ എന്നതിന് പകരം ‘കോണിംഗ് (വഞ്ചന) സൂണ്‍’ എന്നാണ് നല്‍കിയിരിക്കുന്നത്. ഇതും ആരാധകരുടെ ആകാംക്ഷ കൂട്ടുന്നുണ്ട്.

1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.

കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ