മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ടീസര്‍ റിലീസ് ചെയ്തതാണ് സിനിമാ ലോകത്തെ ഇന്നത്തെ വാര്‍ത്ത. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര (വൈ എസ് ആര്‍) റെഡ്ഡിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടാണ് ‘യാത്ര’ എന്ന ചിത്രം. വൈ എസ് ആര്‍ എത്തുന്ന മമ്മൂട്ടിയ്ക്ക് വലിയ വരവേല്‍പ്പാണ് തെലുങ്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്.
Read More: ‘വൈഎസ്ആര്‍ വാഴ്‌ക!’; തെന്നിന്ത്യ കാത്തിരിക്കുന്ന ‘യാത്ര’യുടെ ടീസര്‍
വാപ്പിച്ചിയുടെ സിനിമാജീവിതത്തിലെ സുപ്രധാനകഥാപാത്രത്തിനെ വരവേറ്റു കൊണ്ട് ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നു.
“മനോഹരമായിരിക്കുന്നു മാഹി സര്‍. സിനിമ കാണാന്‍ കാത്തിരിക്കുന്നു,” എന്നാണ് ടീസര്‍ പങ്കു വച്ച് കൊണ്ട് മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ‘യാത്ര’യുടെ സംവിധായകന്‍ മാഹി വി രാഘവും എത്തി.
സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്.
വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കവും അതിലേക്ക് അദ്ദേഹത്തെ നയിച്ച സംഭവങ്ങളുടേയും സൂചനകള്‍ നല്‍കിയാണ് ടീസര്‍ കടന്നു പോകുന്നത്. ചരിത്രപ്രധാനമായ പദ യാത്രയും ടീസറില്‍ അവതരിപ്പിക്കുന്നുണ്ട്.
Read More: വൈഎസ്ആറായി മെഗാസ്റ്റാര്‍
ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ച ഘട്ടത്തില്‍ മമ്മൂട്ടിയെക്കുറിച്ച് സംവിധായകന്‍ മഹി വി.രാഘവ് പറഞ്ഞതിങ്ങനെ.
“390ല്‍ അധികം സിനിമകള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, 60ല്‍ അധികം നവാഗത സംവിധായകര്‍ക്കൊപ്പമുള്ള സിനിമകള്‍, അതിനെല്ലാമപ്പുറത്ത് ഒരു വലിയ മാര്‍ഗ ദര്‍ശിയും നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. സൂര്യാസ്തമനത്തിലേക്ക് നടന്നു പോകുമ്പോഴും ഇതിഹാസമായി തന്നെ നിലനില്‍ക്കാം.
അതിഥിയെ ബഹുമാനിക്കുക എന്നത് ഞങ്ങളുടെ പാരമ്പര്യവും സംസ്‌കാരവുമാണ്. ഒരു നടന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം അദ്ദേഹം ഉയര്‍ന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കദ്ദേഹത്തെ വിമര്‍ശിക്കുകയും കീറിമുറിക്കുകയും ചെയ്യാം. നിരൂപകര്‍, പ്രേക്ഷകര്‍ എന്നീ നിലകളില്‍ നിങ്ങള്‍ക്ക് അതിനുള്ള അധികാരമുണ്ട്. പക്ഷെ ഈ നടന്‍ തെലുങ്കില്‍ തിരക്കഥ കേട്ടയാളാണ്. ഓരോ വാക്കിന്റേയും അര്‍ത്ഥം പഠിച്ച ആളാണ്. ഓരോ വാക്കും തന്റെ സ്വന്തം ഭാഷയിലേക്ക് പകര്‍ത്തി പഠിച്ച് അസാധ്യമായി പറഞ്ഞ ആളാണ്.
സംഭാഷണത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഓരോ വരികളും ഡബ്ബ് ചെയ്യുകയും റീ-ഡബ്ബ് ചെയ്യുകയും ചെയ്ത നടനാണ് അദ്ദേഹം. അദ്ദേഹത്തിന് നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും സിനിമകളോടും സ്‌നേഹവും ആരാധനയുമുണ്ട്.”
വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിര്‍മാണം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്.
വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആര്‍സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തിലാണ് ‘യാത്ര’യുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.