മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുപിടി സിനിമകളുമായി ഏറെ തിരക്കിലാണ് ദുൽഖർ ഇപ്പോൾ. എന്നാൽ ആ സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ ദുൽഖർ ശ്രമിക്കാറുണ്ട്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകാനെല്ലാം ഇഷ്ടപ്പെടുന്ന ദുൽഖർ ഷൂട്ടിനിടയിലെ ഇടവേളകളിൽ അതിനും സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ, അതുപോലൊരു യാത്രയുടെ വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ. രാജസ്ഥാനിലെ രത്തംബോർ ദേശീയ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ദുൽഖർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുൽഖറിന്റെ ഭാര്യ അമാലിനെയും വീഡിയോയിൽ കാണാം. ദേശീയ പാർക്കിലെ മൃഗങ്ങളും പാർക്കിന്റെ വന്യതയും ദുൽഖർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“ക്രൂഗറിലേക്ക് പ്രവേശിക്കുന്നത് ലയൺ കിംഗിലേക്ക് ചുവടുവെക്കുന്നത് പോലെയായിരുന്നുവെങ്കിൽ, രത്തംബോറിലേക്ക് കടക്കുന്നത് ജംഗിൾ ബുക്കിലേക്ക് ചുവടുവെക്കുന്നത് പോലെയായിരുന്നു.” എന്ന് കുറിച്ചുകൊണ്ടാണ് ദുൽഖർ വീഡീയോ പങ്കുവെച്ചിരിക്കുന്നത്. ആഫ്രിക്കയിലുള്ള ദേശീയോദ്യാനമാണ് ക്രൂഗർ.
നേരത്തെ അമാലിനൊപ്പം രാജസ്ഥാനിലെ പൈതൃക കേന്ദ്രങ്ങളും മറ്റും സന്ദർശിക്കുന്ന വീഡിയോയും ദുൽഖർ പങ്കുവെച്ചിരുന്നു.
Also Read: അച്ഛനുണ്ടായിരുന്നെങ്കില്‍ ‘ബ്രോ ഡാഡി’ ഇഷ്ടപ്പെടുമായിരുന്നു; പൃഥ്വിക്ക് നന്ദിയുമായി സുപ്രിയ
അടുത്തിടെ ദുൽഖർ സൽമാനും അമാൽ സൂഫിയയും പത്താം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു ഇവരുടെ യാത്രകൾ. 2011 ഡിസംബർ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ പറഞ്ഞത്.
വിവാഹ വാർഷിക ദിനത്തിൽ അമാലിനെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് മൂടിയിരിക്കുകയാണ് ദുൽഖർ. ഇൻസ്റ്റഗ്രാമിൽ അമാലിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിച്ച് ഇരുവരും പായ്ക്കപ്പലിൽ യാത്ര ചെയ്യുന്നതായാണ് പോസ്റ്റിൽ ദുൽഖർ പറയുന്നത്. കാറ്റ് മാത്രമാണ് തങ്ങളെ നയിക്കുന്നതെന്നും ആർത്തിരമ്പി വരുന്ന തിരമാലകളെ ഒന്നിച്ച് മറികടക്കാമെന്നും തിരമാലകളിൽപെട്ട് കപ്പൽ കുലുങ്ങുമ്പോൾ മുറുകെ കെട്ടിപ്പിടിക്കാമെന്നും ദുൽഖർ പോസ്റ്റിൽ പറഞ്ഞിരുന്നു.