ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍ കുറേ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഇതുവരെ ഒരു സിനിമപോലും ഒന്നിച്ചഭിനയിച്ചിട്ടില്ല എങ്കിലും ദുല്‍ഖറും വിക്രം പ്രഭുവും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ്. ഇപ്പോൾ വിക്രം പ്രഭുവിന്റെ ജന്മദിനത്തിൽ ആശംസകളിറിയിച്ചിരിക്കുകയാണ് ദുൽഖർ. വിക്രം പ്രഭുവിനെ അണ്ണാ, ബ്രദർ, ഗുരു എന്നിങ്ങനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ പിറന്നാൾ സന്ദേശം തുടങ്ങുന്നത്.
View this post on Instagram
” അണ്ണാ, ബ്രദർ, ഗുരു !! ജന്മദിനാശംസകൾ അണ്ണാ! നിങ്ങൾ മുകളിൽ നിന്ന് താഴേക്കാണ് പ്രായമാകുന്നതെന്ന് എനിക്കറിയാം, ഇന്ന് 22-23 ആയിരിക്കാം. ഞാൻ ഇപ്പോഴും നിങ്ങളെ നോക്കുകയാണ്! നിങ്ങളുടെ ഈ വലിയ ദിവസത്തിൽ അവിടെ ഒപ്പമുണ്ടാവുന്നത് മിസ് ചെയ്യുന്നു. പക്ഷേ നിങ്ങൾ ഉജ്ജുവും ഫാമും എന്തുതന്നെയായാലും എല്ലായ്പ്പോഴും ഞങ്ങളുടെ ഹൃദയത്തിലും പ്രാർത്ഥനയിലും ഉണ്ട്! സ്നേഹവും സന്തോഷവും എപ്പോഴും. വീണ്ടും ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാൻ ക്ഷമയില്ല! ജന്മദിനാശംസകൾ വീണ്ടും മച്ചി!,” ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ച് ജന്മദിനാശംസയിൽ പറയുന്നു.
Read More: വിക്രം പ്രഭുവെത്തി, പ്രിയപ്പെട്ട ദുല്‍ഖറിനൊപ്പം ഈദ് ബിരിയാണിയടിക്കാന്‍
മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ വച്ചാണ് ദുൽഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓർമകളും ദുൽഖർ മുൻപ് പങ്കുവച്ചിരുന്നു. താൻ മമ്മൂട്ടിയുടെ മകനാണെന്ന കാര്യം ദുൽഖർ ആദ്യഘട്ടത്തിൽ വിക്രം പ്രഭുവിനോട് പറഞ്ഞിരുന്നില്ല. എന്നാൽ വിക്രം പ്രഭു എന്ന പേരും ചെന്നൈയിൽ നിന്നാണ് വരുന്നതെന്നും അറിഞ്ഞപ്പോൾ തന്നെ പ്രഭു അങ്കിളിന്റെ മകനാണോ തന്റെ ബാച്ചിൽ ഉള്ളതെന്ന് പിതാവായ മെഗാസ്റ്റാർ മമ്മൂട്ടിയെ വിളിച്ച് അന്വേഷിച്ചെന്നും അക്കാര്യം സ്ഥിരീകരിച്ചെന്നും ദുൽഖർ പറഞ്ഞിരുന്നു. കുറേ കാലത്തേക്ക് ഇക്കാര്യം വിക്രം പ്രഭുവിനോട് ദുൽഖർ പറഞ്ഞിരുന്നില്ല. ഒരിക്കൽ പ്രഭു കേരളത്തിലെത്തിയപ്പോൾ കൊച്ചിയിൽ മമ്മൂട്ടിയുടെ വസതിയിൽ സന്ദർശിച്ച സമയത്താണ് താനാരാണെന്ന് ദുൽഖർ വിക്രം പ്രഭുവിനോട് പറഞ്ഞത്.
“നിന്‍റെ അച്ഛന്‍ ഇന്ന് എന്‍റെ വീട്ടിലേക്കു വരും എന്ന്,” ദുൽഖർ വിക്രം പ്രഭുവിനോട് പറയുകയായിരുന്നു. അപ്പോൾ ‘അതിന് അച്ഛന്‍ കൊച്ചിക്ക് പോയിരിക്കുകയല്ലേ എന്ന് വിക്രം,’ തിരിച്ച് ചോദിച്ചു. ‘അതേ, കൊച്ചിയിലുള്ള എന്‍റെ വീട്ടിലേക്കു വരും എന്നാണ് പറഞ്ഞത്, അത്താഴം കഴിക്കാന്‍,’ എന്ന് ദുൽഖർ മറുപടിയും നൽകി. മറുപടി കേട്ടപ്പോൾ വിക്രം ഒരു നിമിഷം സ്തബ്ധനായി പിന്നെ ദുൽഖറിനെ കെട്ടിപ്പിടിക്കുകയായികരിന്നു.
Read More: പിറന്നാൾദിനത്തിൽ രണ്ടുപേർ നേരിട്ടെത്തി ദുൽഖറിനെ ശരിക്കും ഞെട്ടിച്ചു!
വിക്രം പ്രഭു ചിത്രമായ ‘നെരുപ്പു ഡാ’ യുടെ ചടങ്ങുകളില്‍ മലയാളത്തിന്‍റെ പ്രിയ താരം ദുല്‍ഖറും എത്തിയിരുന്നു. ദുല്‍ഖറിന്‍റെ കോമ്രേഡ് ഇന്‍ അമേരിക്കയുടെ പ്രചരണത്തില്‍ വിക്രം പ്രഭുവും ഭാഗമായിരുന്നു.