മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ ആയിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ ഉമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ.
ഉമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ആശംസ നേർന്നിരിക്കുന്നത്. “എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് ജന്മദിനാശംസകൾ !! ഇന്നായിരുന്നു ആ ഏറ്റവും സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബർത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,” ദുൽഖർ കുറിച്ചു.
തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് ദുൽഖർ സല്മാന് പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോൾ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്.
ഇന്നലെ ഈദ് ആശംസകൾ നേർന്ന് ദുൽഖർ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ദുൽഖർ പങ്കുവച്ചത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അരവിന്ദ് കരുണാകരന് പൊലീസ് ഓഫീസറായാണ് ദുല്ഖര് ചിത്രത്തിൽ. ബോബി- സഞ്ജയ് ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.