scorecardresearch

Latest News

ഞങ്ങളുടെ വീടിനെ വണ്ടർലാന്റാക്കുന്ന മാരി; കുഞ്ഞുമറിയത്തിന് ദുൽഖറിന്റെ പിറന്നാൾ ആശംസ

മകൾ മറിയത്തിന്റെ അഞ്ചാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ദുൽഖർ

ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാന്റെ അഞ്ചാം പിറന്നാളാണ് ഇന്ന്. കുഞ്ഞ് മറിയത്തിന് ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്ന രാജകുമാരിയെന്നാണ് മറിയത്തെ ദുൽഖർ വിശേഷിപ്പിക്കുന്നത്. മകളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ കുറിച്ചും കുറിപ്പിൽ ദുൽഖർ പറയുന്നുണ്ട്.

“എന്റെ കുഞ്ഞു പാവയ്ക്കിന്ന് അഞ്ചാം ജന്മദിനം!

വർഷം മുഴുവനും നീ കാത്തിരിക്കുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു, ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ രാജകുമാരീ…

നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്‌സി മിസ്‌ചീഫ്, പൂമ്പാറ്റ ചിറകുകൾ എന്നിവയാൽ നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്നു. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാവുന്നു. ഞങ്ങളെല്ലാവരും നിനക്കൊപ്പം സ്നോമാനെ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നിന്നോടൊത്തുള്ള എല്ലാ ദിവസവും അത്ഭുതകരമാണ്. നിന്നോടൊപ്പം ഇതൊരു പുതിയ ലോകമാണ്.

മാരീ നിന്നെ ഞങ്ങൾക്കറിയാമായിരുന്നു, ഒരിക്കൽ ഒരു സ്വപ്നത്തിൽ നീ ഞങ്ങളോടൊപ്പം നടന്നിരുന്നു!,” ദുൽഖർ കുറിക്കുന്നു.

Read more: ഉപ്പ വഴക്ക് പറഞ്ഞാൽ എങ്ങോട്ട് വരണമെന്ന് നിനക്കറിയാമല്ലോ?; മറിയത്തോട് നസ്രിയ

മറിയത്തിന് ആശംസകൾ നേർന്ന് നടി നസ്രിയയും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ദുൽഖറിന്റെയും ഭാര്യ അമൽ സൂഫിയയുടെയും അടുത്ത സുഹൃത്തുകൂടിയാണ് നസ്രിയ.

“ഹാപ്പി ഹാപ്പി ബർത്ത്ഡേ മൈ മുമ്മൂ. നീ ഇതുപോലെ കുഞ്ഞല്ല ഇപ്പോൾ, നച്ചു മാമിയുടെ മടിയിൽ ഇതുപോലെ ഇരിക്കാനും ആവില്ല,” എന്ന വാക്കുകളോടെയാണ് നസ്രിയ മറിയത്തിനുള്ള ആശംസകൾ കുറിക്കുന്നത്. “ഞാൻ നിന്റെ കൂൾ മാമിയാണ്, നിന്റെ പാരന്റ്സുമായി പ്രശ്നമുണ്ടാവുമ്പോൾ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ,” എന്നും നസ്രിയ കുറിക്കുന്നു.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salman wishes daughter maryam ameerah salmaan on her birthday