നേരത്തേ കണ്ട ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ചിത്രമായിരിക്കും ‘പറവ’ എന്ന് ദുല്‍ഖര്‍ സല്‍മാന്‍. സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’യിലെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് ചിത്രം വ്യത്യസ്ഥമായിരിക്കുമെന്ന് താന്‍ ഉറപ്പുനല്‍കുന്നതായി ദുല്‍ഖര്‍ കുറിച്ചു. സൗബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.

പറവയിലെ തന്റെ ഇഷ്ടഗാനം എന്നു പറഞ്ഞ് ദുൽഖർ നേരത്തേ ഒരു വിഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിന്നു. പ്യാർ പ്യാർ’ എന്ന ഗാനത്തിന്റെ വരികളടങ്ങിയ വിഡിയോയാണ് പുറത്തുവിട്ടത്. പാട്ട് പാടിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും റെക്സ് വിജയനാണ്.

അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ദുൽഖർ ചിത്രത്തില്‍ അതിഥി കഥാപാത്രമാകുമെന്നാണ് സൂചന. ഹരിശ്രീ അശോകന്‍, സൈനുദ്ദീന്‍, അബി എന്നിവരുടെ മക്കളായ ഷെയ്ന്‍ നിഗം, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി പറവയ്ക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ