മലയാള സിനിമാ പ്രേക്ഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘കുറുപ്പി’ന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ പ്രിയതാരം ദുൽഖർ സൽമാൻ, ഇന്ത്യ കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പായി എത്തുന്ന ചിത്രമാണ് ‘കുറുപ്പ്.’ ദുൽഖറിന്റെ ആദ്യ സിനിമ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം എത്തും. ദുൽഖറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്. എല്ലാ ഭാഷകളിലേയും ടീസർ പുറത്തു വിട്ടിട്ടുണ്ട്.
ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായാണ് കുറുപ്പ് ഒരുങ്ങിയിരിക്കുന്നത്. 35 കോടി നിർമാണ ചിലവ് വന്ന ചിത്രത്തിന് ഗംഭീര ഓഫറുകൾ ഓടിടി പ്ലാറ്റുഫോമുകളിൽ നിന്ന് ലഭിച്ചിരുന്നു. അതെല്ലാം അവഗണിച്ചാണ് ചിത്രം തീയറ്റർ റിലീസിന് എത്തുന്നത്. ദുൽഖറിന്റെ വേഫറെർ ഫിലിംസും എം സ്റ്റാർ എന്റെർറ്റൈമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കേരളം,മുംബൈ, മൈസൂർ, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായി ആറുമാസം കൊണ്ടാണ് ചിത്രീകരിച്ചത്. മൂത്തോൻ സിനിമയിലൂടെ മലയാളത്തിലെത്തിയ ശോഭിത ധുലീപാലായാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സണ്ണി വെയ്ൻ, വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ഡാനിയേൽ സായൂജും കെ എസ് അരവിന്ദും ചേർന്നാണ്. ജിതിൻ കെ ജോസിന്റേതാണ് കഥ. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛയാഗ്രഹണം നിമിഷ് രവിയാണ്. ‘കമ്മാരസംഭവം’ എന്ന ദിലീപ് ചിത്രത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയ ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനറായി എത്തുമ്പോൾ മറ്റൊരു ദേശിയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. വിനി വിശ്വലാലാണ് ചിത്രത്തിൻറെ ക്രീടിവ് ഡയറക്ടർ.
Read Also: One Movie Review: ആരും കൊതിക്കും ഇങ്ങനെയൊരു മുഖ്യമന്ത്രിയെ; ‘വൺ’ റിവ്യൂ
ദുൽഖർ സ്റ്റൈലിഷ് സ്യുട്ടിൽ കാറിൽ ചാരി നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും, സ്നീക് പീക്കും ഇരു കയ്യും നീട്ടി സ്വീകരിച്ച ആരാധകർ ടീസറും ആഘോഷമാക്കുകയാണ്. ഓടിടി പ്ലാറ്റ്ഫോമിലേക്ക് നൽകാതെ തീയറ്ററിലേക്ക് ചിത്രം എത്തുന്നതിന്റെ ആവേശത്തിലുമാണ് ആരാധകർ.