കോഴിക്കോട് കൊണ്ടോട്ടിയിൽ ഒരു ഉദ്ഘാടനത്തിനെത്തിയതാണ് മലയാളകരയുടെ പ്രിയതാരം ദുൽഖർ സൽമാൻ. ലക്ഷകണക്കിന് ആളുകളാണ് താരത്തെ കാണാനായി ഉദ്ഘാടന വേദിയ്ക്കു സമീപം എത്തിയത്. ആരാധകർക്കൊപ്പം ദുൽഖർ പകർത്തിയ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
‘കിങ്ങ് ഓഫ് കൊത്ത’യിലെ ലുക്കിലാണ് താരം എത്തിയത്. ‘ചങ്ങായിമാരെ ഉസാറല്ലേ’ എന്ന് കൊണ്ടോട്ടി ഭാഷയിൽ പറഞ്ഞാണ് ദുൽഖർ ആരാധകരോട് സംസാരിച്ച് തുടങ്ങിയത്. ദുൽഖറിന്റെ ചിത്രങ്ങളുമായാണ് ആരാധകർ എത്തിയത്. ആരാധകർക്കായി വേദിയിൽ ചുവടു വയ്ക്കുന്നുണ്ട് ദുൽഖർ.
ഈയടുത്താണ് ദാദാസാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ദുൽഖർ പുരസ്കാരം കരസ്ഥമാക്കിയത്. മികച്ച വില്ലൻ വിഭാഗത്തിലായിരുന്നു താരത്തിന് അംഗീകാരം. ചുപ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. 2023ലെ ബിബിസി ടോപ്പ്ഗിയർ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.
അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കിങ്ങ് ഓഫ് കൊത്ത’.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുൽഖർ സൽമാനാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.