സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയതാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആദ്യമൊക്കെ വാപ്പച്ചിയുടെ നിഴല്‍പ്പറ്റിയാണ് ദുല്‍ഖര്‍ നടക്കുന്നത് എന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങളില്‍ അതെല്ലാം ഡിക്യു പൊളിച്ചെഴുതി. ഞാന്‍, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുല്‍ഖര്‍ ചാര്‍ലി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവും നേടി.

ദുല്‍ഖര്‍ സല്‍മാന്റെ വരവ് ശരിക്കും അറിയിച്ച ചിത്രം ഉസ്താദ് ഹോട്ടലാണ്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മലയാളം സിനിമയ്ക്ക് ഒരു പുതുവഴി വെട്ടുകയും ചെയ്തു. പിന്നീട് തനത് ശൈലിയിലൂടെ ആറ് വര്‍ഷത്തോളമായി മലയാളികളെ വിസ്മയിപ്പിക്കുകയാണ് ഡി ക്യൂ എന്ന മലയാളത്തിന്റെ കുഞ്ഞിക്ക.

തന്റെ ജീവിതം മാറ്റിമറിച്ച സിനിമാ ലോകം, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെത്തി. ഓരോ ചിത്രവും പാഠങ്ങളാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവുമ്പോഴും യാതൊരു പശ്ചാത്താപവും ഇല്ലെന്നും ഇതൊക്കെ താന്‍ തന്നെ തിരഞ്ഞെടുത്തവയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ഇനി വരുന്ന ആറ് വര്‍ഷങ്ങളും ഇതിലും കൂടുതല്‍ മനോഹരമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook